വീട്ടില്‍ തെങ്ങുകയറാന്‍ വരുന്ന ശങ്കുവില്ലായിരുന്നെങ്കില്‍ താൻ ഇന്ന് ഈ നിലയിൽ എത്തില്ലായിരുന്നു എന്ന് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ശങ്കു ഇടുന്ന തേങ്ങാ വിറ്റുകിട്ടുന്ന കാശുകൊണ്ടായിരുന്നു ഫീസടച്ചിരുന്നത്. തേങ്ങയിട്ടില്ലെങ്കില്‍ ഫീസടവും നടക്കില്ല, പഠിത്തവും നടക്കില്ല, തിരുമേനിയും ആവാന്‍ കഴിയുമായിരുന്നില്ല. നിങ്ങളെന്നെ നൂറാം വയസ്സില്‍ ഉദ്ഘാടനത്തിനു വിളിക്കാനും സാധ്യതയില്ല. ഇങ്ങനെയൊരു ജീവിതത്തിന് ആരാണ് കൂടുതല്‍ പ്രേരണയായതെന്ന പലരുടെയും ചോദ്യത്തിന് പഠിക്കാന്‍ സഹായിച്ച ശങ്കുവാണ് തന്റെ ഏറ്റവും വലിയ പ്രേരണയെന്നും മാര്‍ ക്രിസോസ്റ്റം പറഞ്ഞു.
വൈസ്‌മെന്‍ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൻ ഭാരവാഹികളുടെ സ്ഥാനാരോഹണം ഉദ്ഘാടനം ചെയ്തു കൊണ്ട് കൊല്ലത്ത് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാര്‍ ക്രിസോസ്റ്റം. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാന്‍ നമുക്ക് കഴിയണമെന്നും തിരുമേനി ഉപദേശിച്ചു. ഒരിക്കൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും എന്നോടു ചോദിച്ചു ഞങ്ങള്‍ക്ക് എന്ത് ഉപദേശമാണ് നല്‍കാനുള്ളതെന്ന്. നിങ്ങളെ ഗുണദോഷിക്കാന്‍ മാത്രം ഒരു ഭോഷനല്ലെന്ന് മറുപടി നല്‍കിയെങ്കിലും ഞാന്‍ അവരോട് ഒന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ കഴിഞ്ഞെങ്കില്‍ ഇന്ത്യ അനുഗ്രഹിക്കപ്പെടുമെന്ന്.
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കാക്കാത്തി കൈനോക്കി പറഞ്ഞു ഇത് ഭാഗ്യമുള്ള കൈയാണെന്ന്. ഭാഗ്യം പോവാതിരിക്കാന്‍ കൈ ചുരുട്ടിപ്പിടിച്ചായി പിന്നീട് നടപ്പ്. സ്‌കൂളില്‍ ചെന്ന് കണക്കിന്റെ ഉത്തരം തെറ്റിയപ്പോള്‍ മനസ്സിലായി കണക്കുസാറിന്റെ ചൂരലടി കൊള്ളുന്നതാ ഭാഗ്യമെന്ന് തിരുമേനിയുടെ വാക്കുകള്‍ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.