ഐഎസ്ആര്‍ഒ ചാരക്കേസ്, സൂര്യനെല്ലികേസ്, കരിക്കിന്‍വില്ല കൊലപാതകം, കല്ലുവാതിക്കല്‍ കേസ്, തുടങ്ങി കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഒരുപിടി കേസുകളിലെ അന്വേഷണത്തിന്റെ നാള്‍വഴികളും സമ്മര്‍ദങ്ങളും പങ്കുവെക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ കുറിപ്പുകളുമായി ഡോ. സിബി മാത്യൂസിന്റെ ആത്മകഥ പുറത്തിറങ്ങി. നിര്‍ഭയം എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ ഒട്ടേറെ വെളിപ്പെടുത്തലുകള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ചാരക്കേസില്‍ രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ഇന്റലിജന്‍സ് സമ്മര്‍ദം ചെലുത്തി എന്നതടക്കമുള്ള പുസ്തകത്തിന്റെ വെളിപ്പെടുത്തലുകള്‍ ഇതിനോടകം തന്നെ വിവാദമായി കഴിഞ്ഞിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ സത്യസന്ധരായിരിക്കണമെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. കവയിത്രി സുഗതകുമാരി പുസ്‌കത്തിന്റെ ആദ്യ പകര്‍പ്പ് ഏറ്റുവാങ്ങി. ആരെയും മനഃപൂര്‍വ്വം അവഹേളിക്കാനല്ല രചനയെന്നും പുസ്തകത്തിലേത് ചില തുറന്ന് പറച്ചിലുകള്‍ മാത്രമാണെന്നും സിബി മാത്യൂസ് പറഞ്ഞു. സാമൂഹ്യസാംസ്‌കാരിക മേഖലയിലെ പ്രമുഖരും, ഡിജിപി അടക്കമുളള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.