തന്ത്രസമുച്ചയമുള്‍പ്പടെയുള്ള വിവിധ താന്ത്രികഗ്രന്ഥങ്ങള്‍ പരിശോധിച്ചും നിഗൂഢങ്ങളായ അര്‍ത്ഥം പേറുന്ന തന്ത്രശാസ്ത്രവിഷയങ്ങളിലെ മാന്ത്രിക-വൈദിക പദങ്ങള്‍ സമാഹരിച്ചും തയ്യാറാക്കിയ നിഘണ്ടുവാണ് തന്ത്രനിഘണ്ടു. അകില്‍ മുതല്‍ ഹ്രാഷാദിഷഡംഗങ്ങള്‍ വരെയുള്ള നൂറുകണക്കിനുവാക്കുകളുടെ വിവരണങ്ങള്‍ ഈ പുസ്‌കത്തിലുണ്ട്. നിഘണ്ടുസ്വഭാവം വ്യക്തമാക്കാന്‍ രണ്ടുവാക്കുകളുടെ വിവരണം ചുവടേ ചേര്‍ക്കുന്നു.
(1) അങ്കുരാദി – ഉത്സവങ്ങള്‍ അങ്കുരാദി, പടഹാദി, ധ്വജാദി എന്നിങ്ങനെ മൂന്നുവിധം. മുളയിട്ട് (പാലികകളില്‍ ധാന്യങ്ങള്‍ മുളപ്പിച്ച് ) നടത്തുന്ന ഉത്സവത്തിന് അങ്കുരാദി എന്നുപറയുന്നു.
(2)ദിവ്യൗഘം – ശ്രീവിദ്യോപാസനയില്‍ ലോപാമുദ്രാസമ്പ്രദായത്തിലെ ഗുരുമണ്ഡലങ്ങളിലൊന്നാണ് ദിവ്യൗഘം. ഏഴുഗുരുക്കന്‍മാരാണ് ഈ മണ്ഡലത്തിലുള്ളത്. പരാശക്തിയുടെ പിന്‍ഭാഗത്താണ് ഇവരുടെ സ്ഥാനം.
താന്ത്രികര്‍ക്കും താന്ത്രികപഠിതാക്കള്‍ക്കും ഭാഷാസ്‌നേഹികള്‍ക്കും പ്രയോജനപ്പെടുന്ന കൃതിയാണ് സുധീഷ് നമ്പൂതിരി രചിച്ച തന്ത്രനിഘണ്ടു. ഡി സി ബുക്‌സ് സാധനാ ഇംപ്രിന്റിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.