എന്‍ഡോസള്‍ഫാന്‍ എന്നത് ഒരു രാസകീടനാശിനിയുടെ പേരല്ലാതായിരിക്കുന്നു. അതൊരു ജനതയുടെ ദു:ഖത്തിന്റെയും രോദനത്തിന്റെയും പേരായിരിക്കുന്നു. ഏജന്റ് ഓറഞ്ചില്‍ നിന്ന്, ഭോപ്പാലില്‍ നിന്ന്, ത്രീമൈല്‍ ഐലന്റില്‍ നിന്ന്, ഫുക്കോഷിമയില്‍ നിന്ന് ഉയരുന്ന ആര്‍ത്തനാദമാണ് ഇന്ന് എന്‍ഡോസള്‍ഫാനില്‍ എത്തിനില്‍ക്കുന്നത്. കാസര്‍ഗോഡന്‍ ഗ്രാമങ്ങളിലെ നരകദൃശ്യങ്ങള്‍ ഏത് കഠിനഹൃദയന്റെയും കണ്ണുകളെ ഈറനണിയിക്കുന്നതാണ്.
കാല്‍ നൂറ്റാണ്ട് കാലത്തോളം കാസര്‍ഗോഡിനുമേല്‍ പെയ്ത വിഷമഴയില്‍ നനഞ്ഞ് കുതിര്‍ന്ന് ജീവിതം തകര്‍ന്നുപോയ ഒരു ജനതയുടെ തീരാദുരിതങ്ങളുടെ കഥ പറയുകയാണ് ‘വിഷമഴയില്‍ ഇല്ലാതായ മണ്ണും മനുഷ്യനും എന്ന പുസ്തകം. ലോകത്താകമാനം ആയിരത്തഞ്ഞൂറിലധികം ശാസ്ത്രപഠനങ്ങള്‍ ഈ രാസകീടനാശിനിയുടെ വിഷഭീകരതയെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നൂറിലധികം രാജ്യങ്ങള്‍ എന്‍ഡോസല്‍ഫാന്‍ നിരോധിച്ചു കഴിഞ്ഞു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ സമ്പൂര്‍ണ്ണ നിരോധനം വന്നിട്ടില്ല. ഈ അവസ്ഥയില്‍ പുസ്തകത്തിന് ഏറെ പ്രസക്തിയുണ്ട്.
മണ്ണും ജലാശയവും പോലും കീഴടക്കിക്കൊണ്ടാണ് ആകാശത്തുനിന്നും വിഷദ്രാവകം തളിക്കപ്പെട്ടത്. വളരെ പതുക്കെയാണ് ഭീകരതകള്‍ തലപൊക്കിത്തുടങ്ങിയത്. അതുകൊണ്ടുതന്നെ വിഷപ്രയോഗം നിര്‍ത്തിവെയ്ക്കാന്‍ പോലും തീരുമാനമെടുക്കാന്‍ വൈകി. ഇതെല്ലാം കാസര്‍ഗോഡന്‍ ഗ്രാമങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ടുവെന്ന് ‘വിഷമഴയില്‍ ഇല്ലാതായ മണ്ണും മനുഷ്യനും എന്ന പുസ്തകം ചൂണ്ടിക്കാട്ടുന്നു. ദുരിതജീവിതങ്ങള്‍ക്ക് പ്രഖ്യാപിക്കപ്പെട്ട സമാശ്വാസധനം പോലും അട്ടിമറിക്കപ്പെടുകയാണെന്ന് പുസ്തകം വെളിപ്പെടുത്തുന്നു.
കാസര്‍ഗോട്ടെ ദുരിതങ്ങള്‍ വിവരിക്കുന്നതിനൊപ്പം തന്നെ എന്‍ഡോസള്‍ഫാനെതിരെ ലോകമെങ്ങും ഉയര്‍ന്ന പ്രതിഷേധങ്ങളുടെ ചിത്രം കൂടി വിഷമഴയില്‍ ഇല്ലാതായ മണ്ണും മനുഷ്യനും എന്ന പുസ്തകം വരച്ചിടുന്നു. എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന വന്‍കിട കമ്പനികളെ സഹായിക്കാനായി ഭരണകൂടം ഒത്താശ ചെയ്തുകൊടുത്തതിന്റെ തെളിവുകളും പ്രക്ഷോഭത്തിന്റെ നാളുകളും ഒക്കെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
സാമൂഹ്യ പ്രവര്‍ത്തകനും മിഴി മാസികയുടെ പത്രാധിപരുമായ എന്‍.രവീന്ദ്രനാണ് വിഷമഴയില്‍ ഇല്ലാതായ മണ്ണും മനുഷ്യനും എന്ന പുസ്തകം രചിച്ചത്.
.