വ്യത്യസ്തമായ രചനാശൈലികൊണ്ട് മലയാള സാഹിത്യത്തില്‍ തന്റേതായ ഇടം വെട്ടിപ്പിടിച്ച എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. അസാമാന്യമായ ജീവിതാവബോധവും മനുഷ്യമനസ്സിനെക്കുറിച്ചുള്ള അറിവും സ്വതസിദ്ധമായ നര്‍മ്മവും അദ്ദേഹത്തിന്റെ രചനകളെ ജനപ്രിയങ്ങളാക്കി. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനാണെങ്കിലും കര്‍മ്മം കൊണ്ട് ഡോക്ടറുമാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. മലയാള കഥയില്‍ നാട്ടുഭാഷയുടെ ലാളിത്യവും സൗന്ദര്യവും ഇഴചേര്‍ന്നുകിടക്കുന്ന ഒരു കഥനശൈലികൊണ്ടുവന്ന ആധുനിക തലമുറയിലെ എഴുത്തുകാരനാണ് അദ്ദേഹം. കഥയെ ഒരു ജാലവിദ്യക്കാരനെപ്പോലെ മാന്ത്രികസ്പര്‍ശംകൊണ്ട് സമാഹരിക്കുകയും അവ ഉജ്വലശൈലിയില്‍ അവതരിപ്പിക്കുകയും ചെയ്തു എന്നുള്ളതാണ് ആ ആവിഷ്‌കാരവൈഭവത്തിന്റെ പ്രത്യേകത.
ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍ തന്നെ അപൂര്‍വമായ ‘അലിഗഢ് കഥ’കളുമായി അദ്ദേഹം ആഖ്യാന സാഹിത്യത്തിലേക്ക് കടന്നുവന്നു. ആദ്യം മുതലേ അന്യാദൃശവും ആകര്‍ഷകവുമായ ഒരു ഭാഷാശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം. മുഖ്യധാരയില്‍ ഇടം നേടാത്ത പ്രാദേശിക സ്വത്വങ്ങള്‍, ഭാഷ, ദേശം, വ്യക്തിത്വങ്ങള്‍ , ജീവിതാസക്തികള്‍ , ജീവിതാന്വേഷണങ്ങള്‍ എന്നിവ പുനത്തിലിന്റെ രചനകളെ കൂടുതല്‍ ആഴമുള്ളതാക്കിത്തീര്‍ത്തു. പ്രാദേശികമായ മുസ്‌ലിം ജീവിതപരിസരങ്ങള്‍ തൊട്ട് ആധുനിക നഗരജീവിതത്തിന്റെ ആന്തരികവും ബാഹ്യവുമായ സംഘര്‍ഷ ങ്ങള്‍വരെ പുനത്തിലിന്റെ രചനകളില്‍ ലീനമാണ്.
‘കത്തി’യും ‘മലമുകളിലെ അബ്ദുള്ള’യും ‘അലിഗഢിലെ തടവുകാരും’ ‘ദുഃഖിതര്‍ക്ക് ഒരു പൂമര’വും പോലുള്ള ആദ്യകഥകള്‍ തന്നെ സരളതീക്ഷ്ണമായ ഭാഷകൊണ്ട് കേരളീയ വായനാസമൂഹത്തെ ആകര്‍ഷിച്ചവയാണ്. തുടര്‍ന്നുള്ള നൂറിലേറെ കഥകളിലും വലുതും ചെറുതുമായ നോവലുകളിലും കഥകള്‍പോലെ മനോഹരമായ സ്മരണാഖ്യാനങ്ങളിലുംകൂടി തന്റേതു മാത്രമായ വായനക്കാരുടെ വന്‍ സമൂഹത്തെ കുഞ്ഞബ്ദുള്ള സൃഷ്ടിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ , ഉറൂബ്, എം.ടി. വാസുദേവന്‍ നായര്‍ എന്നിവരുടെ പിന്തുടര്‍ച്ചയും നവീകരണവും കുഞ്ഞബ്ദുള്ളയുടെ സര്‍ഗപ്രപഞ്ചത്തിലുണ്ട്.
ആത്മാംശം കഥയില്‍ സന്നിവേശിപ്പിക്കാറുള്ള പുനത്തിലിന്റെ എല്ലാകഥകളും ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥകള്‍ സമ്പൂര്‍ണ്ണം. 1975ല്‍ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ‘മലമുകളിലേക്കുള്ള അബ്ദുള്ള’ എന്ന കഥയുള്‍പ്പെടെ പുനത്തില്‍ ഇന്നോളമെഴുതിയ 200 ല്‍പരം കഥകളുടെ സമാഹാരമാണിത്. ‘എഴുത്ത്’ എന്ന സങ്കേതത്തിനപ്പുറം ‘പറച്ചില്‍’ എന്ന വൈകാരികതലത്തോടാണ് ഈ കഥകളെല്ലാം ചേര്‍ന്നുനില്‍ക്കുന്നത്. നാഗരികമായ ജീവിതം നയിക്കുമ്പോഴും ഗ്രാമീണമായ അന്തരീക്ഷത്തിലേക്ക് മടങ്ങിവരുന്ന കഥാപാത്രങ്ങള്‍ കഥയില്‍ നിന്നും നേരിട്ട് വായനക്കാരന്റെ മനസ്സിലേക്കാണ് കടന്നുകയറുന്നത്. പുനത്തിലിന്റെ കഥാപ്രഞ്ചത്തെ..എഴുത്തിനെ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ഡി സി ബുക്‌സിന്റെ സമ്മാനമാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥകള്‍ സമ്പൂര്‍ണ്ണം.
സി ബുക്‌സ് പ്രസിദ്ധീകരിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മറ്റ് കൃതികള്‍