പുരാണങ്ങളും ഇതിഹാസങ്ങളും മിത്തുകളും ഐതിഹ്യങ്ങളുംകൊണ്ടു സമ്പുഷ്ടമാണ് നമ്മുടെ സംസ്‌കാരം. തലമുറകളായി പകര്‍ന്നു വന്ന ഈ കഥകളും പാട്ടുകളും നമ്മുടെ സാഹിത്യത്തിനു ലോക ശ്രദ്ധ നേടികൊടുക്കുന്നതില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. കോലത്തിരിമാരുടെയും സാമൂതിരിമാരുടെയും പടയോട്ടങ്ങളും ചേകവന്മാരുടെ പോരാട്ടവീര്യവും ദേവന്മാരുടെയും ദേവതകളുടെയും ഐതിഹ്യങ്ങളും വടക്കന്‍ പാട്ടുകളുമൊക്കെ മലയാള സാഹിത്യത്തിനു ചിരപ്രതിഷ്ഠ നല്‍കുന്നവയാണ്.
വടക്കന്‍ കേരളത്തിലെ ഐതിഹ്യകഥകളുടെ സമാഹാരമാണ് വാണിദാസ് എളയാവൂര് തയാറാക്കിയിട്ടുള്ള വടക്കന്‍ ഐതിത്യമാലയില്‍ ഉള്‍പ്പടുത്തിയിട്ടുള്ളത്. കോലത്തുനാടിന്റെ സംസ്‌കാരവും കടത്തനാടിന്റെ വടക്കന്‍പാട്ടുകളും ചേരിപ്പോരുകളുടെയും പോരാട്ടങ്ങളുടെയും അള്ളട സ്വരൂപവും ഉള്‍ക്കൊണ്ട് പ്രദേശത്ത് തലമുറകളായി പ്രചരിച്ചുവന്ന മിത്തുകളും ഐതിഹ്യങ്ങളും ക്രോഡീകരിച്ചു തറാറാക്കിയ വടക്കന്‍ ഐതിഹ്യമാലയില്‍നിന്നും തിരഞ്ഞെടുത്ത കഥകളുടെ ഇംഗ്ലീഷ് പരിഭാഷയാണ് ലോര്‍ ആന്റ് ലെജന്റ്‌സ് ഒഫ് നോര്‍ത്ത് മലബാര്‍. ( Lore & Legends Of North Malabar) ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം അശ്വിന്‍ കുമാര്‍ ആണ് ഇംഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
വാമൊഴിയായി പ്രചരിച്ചിരുന്ന കഥകളും ഐതിഹ്യങ്ങളും മിത്തുകളും ശേഖരിച്ച് പ്രസിദ്ധീകരിക്കുന്നതിലൂടെ നമ്മുടെ സംസ്‌കാരിക പാരമ്പര്യംകൂടിയാണ് ഇന്നത്തെ തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നത്. ചരിത്രവും പുരാവൃത്തവും ഇഴപിരിഞ്ഞു കിടക്കുന്നതാണ് വടക്കന്‍ ഐതിഹ്യമാലയിലെ കഥകള്‍. നാട്ടുരാജ്യങ്ങളുടെയും രാജവംശങ്ങളുടെയും ഐതിഹ്യകഥകള്‍ മാത്രമല്ല ഈ ഗ്രന്ഥത്തിലുള്ളത്. വടക്കന്‍ കേരളത്തില്‍ നിലനിന്നിരുന്ന ആചാരനുഷ്ഠാനങ്ങളും സാമൂഹ്യബന്ധങ്ങളും ജീവിതശൈലിയുമെല്ലാം മനസ്സിലാക്കി തരുന്ന കഥകളും ഈ ഗ്രന്ഥത്തിലുണ്ട്. സംസ്‌കാരിക കേരളത്തെപ്പറ്റിയും നമുക്കിടയില്‍ നിലനിന്നിരുന്ന സാമൂഹികസാമ്പത്തിക ഉദ്പാദന ബന്ധങ്ങളെയും മനസ്സിക്കാന്‍ ഇവ പുതുതലമുറയ്ക്ക് സഹായകമാകും.
ഇന്നത്തെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അസഹിഷ്ണുതയക്കും മതവാദചിന്തകള്‍ക്കും അടിമപ്പെട്ടു പോകുന്ന സമൂഹത്തിനു മുന്നില്‍ മതമൈത്രിയുടെയും സഹവര്‍ത്വത്തിന്റെയും ഉദാഹരണങ്ങളായും ഈ കഥകള്‍ മാറുന്നു. വടക്കന്‍ ഐതിഹ്യമാലയുടെ ഇംഗീഷ് പതിപ്പില്‍ തിരഞ്ഞെടുത്ത കഥകള്‍ക്കൊപ്പം ലോക പ്രശസ്ത സഞ്ചാരികളുടെയും ചരിത്രകാരന്മാരുടെയും ചരിത്ര പ്രസിദ്ധമായ ഗ്രന്ഥങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത സംഭവകഥകളും അനുഭവക്കുറിപ്പുകളും അശ്വിന്‍ കുമാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ ഇംഗ്ലീഷ് പരിഭാഷയെ വ്യത്യസതമാക്കി മാറ്റുന്നു.