നമ്മുടെ രാജ്യം ഒരുപാട് മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യരേക്കാൾ പശുവിനെ സ്നേഹിക്കുന്ന ജനക്കൂട്ടങ്ങൾ എമ്പാടും ഉരുത്തിരിയുന്നു വൃദ്ധമാതാപിതാക്കളെ ക്ഷേത്രത്തിൽ കൊണ്ടുപോയി നടതള്ളുന്നവർ ഗോമാതാവിനു വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും കച്ചകെട്ടുന്നു. മനുഷ്യർ എന്ത് തിന്നണം എന്ത് തിന്നരുത് എന്ന് നിർണ്ണയിക്കുന്നത് ഒരു ഭരണകൂടമോ , പാർട്ടിയോ സംഘടനയോ ആകുന്നത് ജനാധിപത്യ വിരുദ്ധതയും ഫാസിസവുമാണ്. ഹിന്ദുത്വശക്തികൾ ഗോമാതാവിനെ വച്ച് കളിക്കുന്ന മതരാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികളെ വെളിപ്പെടുത്തുകയാണ് രവിചന്ദ്രൻ സിയുടെ ബീഫും ബിലീഫും എന്ന പുസ്തകം.
ചരിത്രവും സമകാലികസംഭവങ്ങളും വിശകലന വിധേയമാക്കി ബീഫിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന ഈ പഠനം ജനാധിപത്യബോധത്തിനും സഹിഷ്ണുതയ്ക്കും പേരുകേട്ട ഒരു രാജ്യത്തിൻെറ അധഃപതനത്തിന്റെ രേഖാചിത്രമാണ്. ഇതിനെല്ലാം കുറ്റക്കാരായി മുന്നിൽ നിൽക്കുന്നത് രാജ്യത്തെ ഭൂരിപക്ഷ വർഗ്ഗീയതയാണ്. ഗോധ്രയുടെ പ്രതിക്രിയയാണ് ഗുജറാത്തിൽ സംഭവിച്ചതെങ്കിൽ ഭൂരിപക്ഷം ഹിന്ദുക്കളും കേട്ടിട്ടുകൂടിയില്ലാത്ത യജുർവേദത്തിലെ ശ്ലോകമനുസരിച്ചാണ് പശുഘാതകരുടെ ജീവൻ എടുത്തതെന്നാണ് പാഞ്ചജന്യത്തിലൂടെ മുഴങ്ങികേൾക്കുന്നത്.
സാമൂഹികജീവിയായ മനുഷ്യനെ ഗുഹാമനുഷ്യന്റെ കിരാതഭവങ്ങളിലേക്ക് തിരിച്ചൊടിക്കുന്നതെന്തിനാണ് ? ഇത് മതാന്ധതയോ അതോ മനോവിഭ്രാന്തിയോ ? ചത്തുകിടക്കുന്ന പശു സ്വന്തംമാതാവിനുമപ്പുറം എന്ന് പറയുന്നവരിൽ പലരും ദുർഗന്ധവും കൊതുകും പേടിച്ച് പശുവിനെ പണ്ടേ കയ്യൊഴിഞ്ഞവരാണെന്നതാണ് അതിലും കൗതുകം. പശു നല്ലൊരു ഉപാധിയാണ്. പശുവിന്റെ പേരിൽ കൊല്ലുമ്പോൾ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പരിരക്ഷ ലഭിക്കുമെന്നവനറിയാം.
വിശ്വാസ സമൂഹം രാഷ്ട്ര സമൂഹത്തിനു ഏൽപ്പിക്കുന്ന പേരുകളാണ് ബീഫും ബിലീഫും ചർച്ച ചെയ്യുന്നത്. ഗോവധനിരോധനം സംബന്ധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ നടത്തിയ ഇടപെടലുകളുടെ വികസിത രൂപമാണ് ഈ പുസ്തകം. സ്വതന്ത്രചിന്തകനും നിരീശ്വരവാദിയും യുക്തിവാദിയും ആയ രവിചന്ദ്രൻ സി ഈ മൂന്നുവിഷയങ്ങളെ അധികരിച്ച് നിരവധി മലയാള പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. തിരുവനന്തപുരം, യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് അധ്യാപകനാണ്. ദൈവം, വിശ്വാസം, നിരീശ്വരവാദം, സ്വതന്ത്രചിന്ത, ജ്യോതിഷം എന്നീ വിഷയങ്ങളിൽ പലരുമായും അദ്ദേഹം സംവാദങ്ങൾ നടത്തിവരുന്നു.
കൗ ജിഹാദ് , ഫാസിസത്തിന്റെ പാഞ്ചജന്യം , പാട്ടും ഡാൻസും , വെളിപാട് രാഷ്ട്രീയം , ദാദ്രിയുടെ അച്ഛൻ , വെടിപൊട്ടി വിടർന്ന പ്രഭാതങ്ങൾ , പശുരാഷ്ട്രീയത്തിലെ പരിഭവങ്ങൾ തുടങ്ങി പ്രക്ഷുബ്ധ രാഷ്ട്രീയത്തിലെ കാലികപ്രസക്തങ്ങളായ എല്ലാ സംഭവങ്ങളെയും ബീഫും ബിലീഫും തുറന്നുകാട്ടുന്നു. നവംബർ 2015 ലാണ് ഡി സി ബുക്സ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ഇപ്പോൾ പുസ്തകത്തിന്റെ മൂന്നാം പതിപ്പാണ് പുറത്തിറങ്ങിയിരിക്കുന്നത്.