കേന്ദ്രഭരണത്തിൽ മൂന്നുവർഷം പൂർത്തിയാക്കിയ മോദിസർക്കാരിന് കവിയും നിരൂപകനും സാംസ്കാരികവിമർശകനുമായ കെ.സച്ചിദാനന്ദന്റെ കുറ്റപത്രം. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവും അക്കാദമിയുടെ മുൻ സെക്രട്ടറിയുമായ സച്ചിദാനന്ദൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനത്തിലാണ് തന്റെ വിമർശനങ്ങൾ അവതരിപ്പിക്കുന്നത്.
ജനാധിപത്യസ്നേഹികൾക്കു മുന്നിലുള്ള വെല്ലുവിളികളെയും അവയെ മറികടക്കാൻ സ്വീകരിക്കേണ്ട നയങ്ങളെയും അക്കമിട്ടു നിരത്തുന്ന സച്ചിദാനന്ദൻ, ഇത്തരം നയങ്ങൾക്കുവേണ്ടി ഒരു പൊതുമിനിമം പരിപാടിയിൽ ബി.ജെ.പി ഒഴികെയുള്ള മതേതര-ജനാധിപത്യ പാർട്ടികൾ യോജിക്കേണ്ടതിന്റെ
പ്രാധാന്യത്തെപ്പറ്റിയും ഊന്നിപ്പറയുന്നുണ്ട്. ജനാധിപത്യത്തിൽ വിശ്വസിക്കുക, പൊതുസ്ഥാപനങ്ങളെ സംരക്ഷിക്കുക, ചരിത്രം പഠിക്കുകയും ജനതയെ പഠിപ്പിക്കുകയും ചെയ്യുക, ഏകകക്ഷി ഭരണം ഒഴിവാക്കുക തുടങ്ങി ഒന്നിച്ചു നിൽക്കുന്ന രാഷ്ട്രീയകക്ഷികൾ അംഗീകരിക്കേണ്ട മൂല്യങ്ങളെപ്പറ്റിയും വിശദമായി നിർദ്ദേശിക്കുന്നുണ്ട് സച്ചിദാനന്ദൻ.
അറുപത്തിയേഴ് വര്‍ഷം മുമ്പ് നാം നമുക്ക് നല്‍കിയ ഭരണഘടനയിലെ സ്വയം നിര്‍വ്വചനത്തിന്റെ എല്ലാ സ്വഭാവ സവിശേഷതകളും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം ഇന്ന്കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്.ഒരു പരമാധികാര, മതേതര ജനാധിപത്യ, സമത്വോന്‍മുഖ, റിപ്പബ്‌ളിക് എന്ന നമ്മുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് തീര്‍ത്തും അകന്ന് ഒരു പരാശ്രിത, മതാധിഷ്ഠിത, ഫാസിസോന്‍മുഖ, കോര്‍പറേറ്റ് അനുകൂല ദേശരാഷ്ട്രമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു.
പൗരന്‍മാര്‍ നികുതി നല്‍കാനും നിയമങ്ങള്‍ അനുസരിക്കാനും മാത്രമുള്ളതാണെന്നു വിശ്വസിക്കുന്ന, കീഴാളരുടെ സമരങ്ങള്‍ മുഴുവന്‍ ശക്തിയുപയോഗിച്ച് അടിച്ചമര്‍ത്തുന്ന, ചില പ്രശ്‌നങ്ങളോ കാഴ്ചപ്പാടുകളോ ഉന്നയിക്കുന്നതും ചില ആശയങ്ങളില്‍ വിശ്വസിക്കുന്നത് പോലും രാജ്യദ്രോഹമായി കരുതുന്ന, അധിനിവേശകാലത്തെ കരിനിയമങ്ങള്‍ അതേപടി നിലനിര്‍ത്തുകയും സ്വന്തം ജനതയ്‌ക്കെതിരെ പ്രയോഗിക്കുകയും അവയും പോരാഞ്ഞ് പുതിയ കരിനിയമങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന, പൊലീസിനെയും പട്ടാളത്തെയും ജനങ്ങളെ ശത്രുക്കളായി കാണാന്‍ പഠിപ്പിക്കുന്ന, പൗരാവകാശങ്ങളെ ഭയപ്പെടുന്ന ഒരു ഭരണകൂടം, ജനാധിപത്യ ഭരണകൂടമാണെന്ന്കരുതുക ബുദ്ധിമുട്ടാണ്.
ജനങ്ങള്‍ എന്ന സംജ്ഞ സ്വന്തം ആളുകള്‍ എന്ന അര്‍ത്ഥത്തില്‍ മാത്രം ഉപയോഗിക്കുക, വൈവിധ്യത്തെ ഭയപ്പെടുക, ബുദ്ധിജീവികളെ സംശയിക്കുക, സ്വന്തം എളിയ ജനനത്തെ അത് നേരായാലും നുണയായാലും പ്രചാരണായുധമാക്കി താന്‍ സാമ്രാജ്യത്വ ജനതയുടെ പ്രതിനിധിയാണെന്നു വരുത്തുക, അധികാരത്തില്‍ ഇരിക്കുമ്പോള്‍ പോലും താന്‍ (തങ്ങള്‍) ഒരു ഇരയാണെന്ന് (ഇരകള്‍) ഭാവിക്കുക, മഹാഭൂരിപക്ഷമായിരിക്കുമ്പോളും തങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷമാണെന്ന് ഭാവിക്കുക, ഒരൊറ്റയാളെ മാത്രം നേതാവായി എടുത്തുകാട്ടുക, ജനങ്ങള്‍ക്കോ വിമര്‍ശകര്‍ക്കോ സംസാരിക്കാന്‍ അവസരം നല്‍കാതെ എല്ലായ്‌പ്പോഴും ഏകപക്ഷീയമായി സംസാരിച്ചുകൊണ്ടിരിക്കുക, നയപരമായ വെല്ലുവിളികളെ ലളിതവത്ക്കരിക്കുക, ഗൂഢാലോചനാ സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുക, ഭരണകൂടത്തിലുംപൊതുസ്ഥാപനങ്ങളിലും അധിനിവേശം നടത്തുക, ജനങ്ങളെ എല്ലായ്‌പ്പോഴും അപേക്ഷകരാക്കുന്ന തരത്തിലുള്ള ആശ്രിതത്വം വളര്‍ത്തുക, പൗരസമൂഹത്തിലെ പ്രതിഷേധങ്ങളെയും പ്രതിപക്ഷ സ്ഥാപനങ്ങളെയും നിര്‍വീര്യമാക്കുക, സ്വകാര്യജീവിതം അസാധ്യമാക്കും വിധം നിരീക്ഷണം ശക്തമാക്കുക, യുദ്ധാവസ്ഥ സൃഷ്ടിക്കുക, ദേശത്തെ സങ്കുചിതമായി നിര്‍വ്വചിച്ച് ഒരു വിഭാഗത്തെ ദേശദ്രോഹികളായി കാണിക്കുക ഇവയെല്ലാം ഈ പ്രവണതയുടെ ലക്ഷണങ്ങളാണ്.
മൂന്നു വര്‍ഷത്തെ എന്‍.ഡി.എ. ഭരണത്തിന്റെ കണക്കെടുക്കുമ്പോള്‍
നാം കാണുന്നത് ഹിന്ദുത്വ സാംസ്‌കാരിക അജന്‍ഡയുടെയും കുത്തകമുതലാളിത്ത സാമ്പത്തികഅജൻഡയുടെയും വിചിത്രവും വികൃതവുമായ സമന്വയമാണ്.
സര്‍ക്കാരിന്റെ കോര്‍പറേറ്റ് അജന്‍ഡ ഇതിനകം വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. തൊഴിലാളി വിരുദ്ധ നിയമങ്ങള്‍, പണിമുടക്കുകള്‍ക്ക് നിരോധനങ്ങള്‍, പൊതുസേവനങ്ങള്‍ക്കും ജനക്ഷേമ പദ്ധതികള്‍ക്കുമുളള സര്‍ക്കാര്‍ നീക്കിയിരുപ്പ് നിരന്തരം വെട്ടിക്കുറയ്ക്കല്‍, വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലാ രംഗങ്ങളിലും പൊതുമേഖലയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍, സ്വകാര്യമേഖലയ്ക്ക് നല്‍കുന്ന പലിശ കുറഞ്ഞ പലപ്പോഴും അവര്‍ തിരിച്ചടയ്ക്കാത്ത, വായ്പകളും നികുതിയിളവുകളും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍, അവര്‍ക്ക് വായ്പ നല്‍കാനായി ബാങ്കുകള്‍ നിറയ്ക്കാന്‍ ജനങ്ങള്‍ക്ക് മുഴുവന്‍ ദുരിതം സൃഷ്ടിച്ച നോട്ട് പിന്‍വലിക്കല്‍, ലൈസന്‍സുകള്‍ വേണ്ടെന്ന് വയ്ക്കലും എളുപ്പമാക്കലും, ചെറുകിട വ്യാപാരത്തെ
എല്ലാ രംഗങ്ങളിലും അനുക്രമമായി തകര്‍ക്കുന്ന നടപടികള്‍, പരിസ്ഥിതി നിയമങ്ങളില്‍ വെള്ളം ചേര്‍ക്കല്‍, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന എന്‍.ജി.ഒ കളെ നിയന്ത്രിക്കല്‍, വിമതബുദ്ധിജീവികളെ ആക്രമിക്കല്‍ ഇവയെല്ലാം അതിന്റെ ഭാഗമാണ്.
പുതിയ കന്നുകാലിനിയമം പോലും മാംസവ്യാപാരത്തിലും കയറ്റുമതിയിലും നിന്ന് ചെറുകിടക്കാരെ ഒഴിവാക്കി കുത്തകകളെസഹായിക്കാനുളളതാണെന്ന് വ്യക്തം.