മിക്ക വീടുകളിലും ഇന്ന് ഒരു അടുക്കളത്തോട്ടമുണ്ടാവും. പയറും , പാവലും , പച്ചമുളകും , ചീരയും എല്ലാം ചെറിയ രീതിയിലായാലും നമ്മുടെ അടുക്കളയോട് ചേർന്ന് ഉണ്ടാകുന്നത് വീട്ടമ്മമാർക്ക് ഒരു പുത്തൻ ഉണർവ്വ് നൽകും. തോട്ടത്തിലുണ്ടായ പച്ചക്കറികൾ ഫേസ്ബുക്കിലൂടെ നാലാളറിയുമ്പോൾ തന്നെ തോട്ടം കൂടുതൽ മനോഹരമാക്കാൻ അവർ കിണഞ്ഞു പരിശ്രമിക്കും. അങ്ങിനെ വീട്ടിലെ പച്ചക്കറി കൃഷി നാട്ടിൽ ചർച്ചാവിഷയമാകുന്നു.
അടുത്ത കാലത്ത് പുറത്തിറങ്ങിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പോലും ഇന്ന് അടുക്കളത്തോട്ടങ്ങളെയും മട്ടുപ്പാവ് കൃഷിയേയും പ്രോത്സാഹിപ്പിക്കുന്നു. പ്രമുഖ താരം മഞ്ജു വാര്യരെ അതിന്റെ പ്രചരണച്ചുമതല ഏല്പിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഇക്കാര്യത്തെക്കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം ആരംഭിച്ച ചിലര്‍ ഇവിടുണ്ടായിരുന്നു എന്ന കാര്യം ഈ ഘട്ടത്തില്‍ കൂടുതല്‍ പ്രസക്തമാകുന്നു.
ആനുകാലികങ്ങളില്‍ കൃഷി സംബന്ധിയായ ലേഖനങ്ങള്‍ എഴുതുകയും കൃഷി വകുപ്പില്‍ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിക്കുകയും നിരവധി കാര്‍ഷിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരിക്കുകയും ചെയ്ത സീരി എന്ന ആര്‍.ടി.രവിവര്‍മ്മ രചിച്ച പുസ്തകമാണ് ‘വീട്ടില്‍ ഒരു അടുക്കളത്തോട്ടം. 1996ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. മാറിയ കാലഘട്ടത്തില്‍ കൂടുതല്‍ പ്രസക്തി ഈ പുസ്തകത്തിനുണ്ടെന്ന് കണ്ട് ഈ പുസ്തകത്തിന്റെ അഞ്ചാം പതിപ്പ് ഡി സി ലൈഫ് ഇംപ്രിന്റിലൂടെ പുറത്തിറക്കിയിരിക്കുകയാണ് ഡി സി ബുക്‌സ്.
സ്ഥലത്തിന്റെ പ്രത്യേകതകളും പരിമിതികളും കണക്കിലെടുത്ത് അടുക്കളത്തോട്ടത്തിന് രൂപം നല്‍കുന്നതെങ്ങനെയെന്ന് ലളിതമായി വിവരിക്കുന്ന പുസ്തകമാണ് ‘വീട്ടില്‍ ഒരു അടുക്കളത്തോട്ടം. അടുക്കളത്തോട്ടത്തിന്റെ നിര്‍മ്മാണവും പരിപാലനവും വീട്ടമ്മമാരുടെ മാത്രം ചുമതലയാണെന്ന് കരുതാതെ കുടുംബാംഗങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സീരി ആഹ്വാനം ചെയ്യുന്നു.
മണ്‍ചട്ടികള്‍ക്ക് കോണ്‍ക്രീറ്റ് ചട്ടികളെ അപേക്ഷിച്ചുള്ള സവിശേഷത, ജൈവവളങ്ങളുടെ മേന്മ, കമ്പോസ്റ്റ് വളക്കുഴി ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട സംഗതികള്‍, മണ്ണിരയെ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കമ്പോസ്റ്റിന്റെ പ്രത്യേകത, വിവിധയിനം പച്ചക്കറികളില്‍ നിന്ന് വിത്ത് ശേഖരിക്കുന്ന വിധം ഇങ്ങനെ വൈവിധ്യമാര്‍ന്ന നിരവധി വിഷയങ്ങളെക്കുറിച്ച് ഈ കൃതി അറിവ് പകര്‍ന്നു നല്‍കുന്നു.
പച്ചക്കറികളുടെ ഉപയോഗം വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ ജീവിതശൈലീ രോഗങ്ങള്‍ തടയാന്‍ കഴിയൂ എന്ന വാദത്തിന് മുന്‍തൂക്കം ലഭിക്കുന്ന ഇക്കാലത്ത് ശുദ്ധമായ പച്ചക്കറികള്‍ സ്വന്തം വീട്ടില്‍ തന്നെ കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് വീട്ടില്‍ ഒരു അടുക്കളത്തോട്ടം എന്ന കൃതി.