തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച എഴുത്തുകാര്‍ ഷേക്‌സ്പിയറും കിപ്ലിങ്ങുമായിരുന്നുവെന്ന് പ്രശസ്ത എഴുത്തുകാരി ‘അരുന്ധതി റോയി. തുടക്കത്തില്‍ തന്നെ ഏറെ സ്വാധീനിച്ചത് ഷേക്‌സ്പിയറും കിപ്ലിങ്ങുമായിരുന്നുവെങ്കില്‍ പിന്നീടത് ജോണ്‍ ബെര്‍ജറും ടോള്‍സ്‌റ്റോയിയേയും, എഡ്വേഡോ ഗലിയാനോയെപൊലെയുള്ളവരായി എന്നും ‘അരുന്ധതി റോയി പറയുന്നു. 10 വര്‍ഷത്തോളമായി ടോള്‍സ്‌റ്റോയിയാണ് വായിക്കുന്നത്. അതെനിക്കൊരു ഭ്രാന്തായിമാറിയിരിക്കുന്നു. അടുത്തിടെ നേബല്‍ നേടിയ സ്വറ്റ്‌ലാന അലക്‌സിവിച്ച് പോലുള്ള റഷ്യന്‍ എഴുത്തുകാരും എന്റെ വായനെയ സജീവമാക്കുന്നു.- ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ‘അരുന്ധതി വ്യക്തമാക്കുന്നു.
ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് ( കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍) എഴുതാന്‍ എത്രസമയമെടുത്തു എന്ന ചോദ്യത്തിന് 37 വര്‍ഷമെടുത്തു എന്നായിരുന്നു എന്റെ മറുപടി. കാരണം നോവലെന്നത് ഒരു ഉത്പന്നമല്ല എനിക്ക്. പെട്ടന്ന് പിറക്കുന്നതിനൊക്കെയും ഞാന്‍ എതിരുമല്ല. അവ മനോഹരമാവാം. എന്നാല്‍ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് എക്കല്‍ പാളി ശിലപോലെയാണെനിക്ക്. ഒന്നല്ല അനേകമനേകം പാളികളായാണ് അവയുടെ കിടപ്പ്. അതുകൊണ്ട് സമയമെടുത്താണ് അത് പൂര്‍ത്തിയാക്കിയത്. ഓരോ ഘട്ടത്തിലും അതിന്റെ കഥതന്നെ മാറും.നഗരത്തിന്റെ ഭൂപടംപോലെ അല്ലെങ്കില്‍ ഒരു നഗരത്തെമനസ്സിലാക്കുംപോലെ.എനിക്ക് തിരക്കില്ലായിരുന്നു.- അരുന്ധതി പറയുന്നു.
ഇപ്പോഴാകട്ടെ ഇന്ത്യയെ ആഴത്തില്‍ മനസ്സിലാക്കാന്‍ ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്സിന്റെ രചന സഹായിച്ചിട്ടുണ്ട്. 10 വര്‍ഷങ്ങള്‍ അതിന്റെ പണിപ്പുരയിലായിരുന്നു. ഇന്ന് പുസ്തകത്തില്‍ കാണുന്നത് അന്ന് കുറിച്ചുവെക്കാന്‍ തുടങ്ങിയതാണ്. ആദ്യം നോവലെഴുതണമെന്ന തീരുമാനമൊന്നും ഉണ്ടായിരുന്നില്ല.പക്ഷേ ഒരു ഘട്ടത്തില്‍ അതിനു നിര്‍ബന്ധിതയാവുകയായിരുന്നു. അന്നുമുതലാണ് അതു രൂപമെടുത്തുതുടങ്ങിയതെന്നും അരുന്ധതി പറയുന്നു. എല്ലാം പരീക്ഷണംപോലെ സംഭവിച്ചതാണ്. വര്‍ഷങ്ങളെടുത്ത് പൂര്‍ത്തിയാക്കിയത് വിചാരിച്ചതുപോലെയായില്ലെന്നു തോന്നിയാല്‍ വേണ്ടെന്നുവെക്കാനും തയ്യാറായിരുന്നു എന്നും ബുക്കര്‍ സമ്മാനം നേടിയ എഴുത്തുകാരി വെളിപ്പെടുത്തുന്നു.
ഇപ്പോള്‍ വായനക്കാരുടെ ഇടയില്‍ ചര്‍ച്ചാവിഷയം അരുന്ധതിയുടെ രണ്ടാമത്തതും ഏറ്റവും പുതിയതുമായ ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് എന്ന നോവലിനെക്കുറിച്ചാണ്. അതും 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പുറത്തുവന്ന നോവല്‍..! പഴയ ഡല്‍ഹിയില്‍ നിന്നും പുതിയ വികസിത നഗരത്തിലേക്കുള്ള ഒരു ദീര്‍ഘയാത്രയാണ് ‘ ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് ‘ എന്ന നോവലിന്റെ അടിസ്ഥാന പ്രമേയം. അത് വായനക്കാരെ ചരിത്രസംഭവങ്ങളിലേക്കും സമകാലിക സംഭവങ്ങളിലേക്കും ചില കാണാകാഴ്ചകളിലേക്കുമൊക്കെ കൂട്ടിക്കൊണ്ടുപോകുന്നതാണ്.