ആദ്ധ്യാത്മിക പാരമ്പര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും നിദർശനമാണ് ക്ഷേത്രങ്ങൾ. സാമൂഹികവും സാംസ്കാരികവും കലാപരവുമായ മുന്നേറ്റങ്ങൾക്കെല്ലാം പ്രഭവസ്ഥാനം കൂടിയാണിവിടം. വാസ്തുശാസ്ത്രത്തിന്റെയും തച്ചുശാസ്ത്രത്തിന്റെയും ജ്യോതിഷ, താന്ത്രിക വിദ്യയുടെയും ഉത്തമസാക്ഷ്യങ്ങൾ കൂടിയാണ് ക്ഷേത്രങ്ങൾ. കല്ലിലും മരത്തിലും തീർത്ത ശില്പ കലയുടെ ഭാവസൗന്ദര്യം ക്ഷേത്രങ്ങളിലല്ലാതെ മറ്റെവിടെയാണ് കണ്ടെത്താൻ കഴിയുക ?
വിശ്വാസികൾക്ക് ആശ്വാസവും ആലംബവുമാകുന്ന സുഖവും ക്ഷേമവും നൽകുന്ന ഇഷ്ടദേവതകളുടെ ഇരിപ്പിടങ്ങളിലേക്ക് ഒരു യാത്ര. വി എസ് നായർ രചിച്ച ‘കേരളത്തിലെ മഹാക്ഷേത്രങ്ങളും ഐതീഹ്യങ്ങളും എന്ന ഗ്രന്ഥം ഓരോ ക്ഷേത്രങ്ങളിലെയും ദേവതാ സങ്കൽപ്പത്തോടൊപ്പമുള്ള ഒരു തീർത്ഥയാത്രയാണ്. ക്ഷേത്രങ്ങളുടെ ഐതീഹ്യവും , സാംസ്കാരിക പശ്ചാത്തലവും , ചരിത്രപരമായ ബന്ധവും വിശദമാക്കുന്ന ഒരു ബൃഹദ് ഗ്രന്ഥം.
കേരളത്തിന്റെയും ഭാരതത്തിന്റെയും സാംകാരിക പൈതൃകത്തിന്റെ മാറ്ററിയാൻ മഹാക്ഷേത്രങ്ങൾ സന്ദർശിച്ചാലേ സാധിക്കൂ എന്ന് വിദേശീയർ പോലും സാക്ഷ്യപ്പെടുത്തുന്നു. ക്ഷേത്രങ്ങൾ ഒരുകാലത്ത് ഭരണചക്രം തിരിക്കുന്നതിലും നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. കേരളചരിത്രം പരിശോധിച്ചാൽ മാനവരാശിയുടെ ജീവനും തുടിപ്പും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കാം. കരിങ്കല്ലുകളിലും മരങ്ങളിലും കവിത രചിച്ചിട്ടുള്ള അനുഗ്രഹീതരായ ശില്പികളെയും
അവരുടെ വൈഭവത്തെയും ക്ഷേത്രങ്ങളാണ് നമുക്ക് പരിചയപ്പെടുത്തി തന്നത്.
കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള ഒരു മഹായാത്രയിലേക്ക് അനുവാചകരെ കൂടി നയിക്കുകയാണ് വി എസ് നായർ തന്റെ ‘കേരളത്തിലെ മഹാക്ഷേത്രങ്ങളും ഐതീഹ്യങ്ങളും‘ എന്ന ഗ്രന്ഥത്തിലൂടെ. കൊട്ടാരക്കര ശ്രീ മഹാ ഗണപതി ക്ഷേത്രം , തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം , ആറ്റുകാൽ ഭഗവതി ക്ഷേത്രം , പഴവങ്ങാടി ഗണപതി ക്ഷേത്രം , ശബരിമല , അമ്പലപ്പുഴ പാർഥസാരഥി ക്ഷേത്രം , ഏറ്റുമാനൂർ ശ്രീമഹാദേവ ക്ഷേത്രം , മള്ളിയൂർ , തൃപ്പൂണിത്തുറ പൂർണ്ണത്രീശക്ഷേത്രം , ചോറ്റാനിക്കര , കൊടുങ്ങല്ലൂർ , ഗുരുവായൂർ , പറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രം , തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം , തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം , കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം തുടങ്ങി കേരളത്തിലെ ചെറുതും വലുതുമായ 101 ക്ഷേത്രങ്ങളിലൂടെ വി എസ് നായർ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.
കൊല്ലം സ്വദേശിയായ വി എസ് നായർ സർക്കാർ സ്കൂളിൽ അധ്യാപകനായി ജോലി നോക്കി. തുടക്കത്തിൽ മലനാട് വാരികയിലും പിന്നീട് മനോരമയിലും കുറച്ചുകാലം പ്രവർത്തിച്ചു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കേൾക്കാത്ത ശബ്ദം എന്ന സിനിമയുടെ കഥാരചനയും നിർവ്വഹിച്ചു. 1983 ൽ പ്രേം നസീറിനെ നായകനാക്കി ‘ആദ്യത്തെ അനുരാഗം’ എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചു. പുരാണസാഗരത്തിലെ അമൂല്യരത്നങ്ങൾ ദശാവതാര കഥകൾ , ശിവമാഹാത്മ്യം , ശ്രീരാമൻ ,ശ്രീ കൃഷ്‌ണൻ തുടങ്ങിയ 30 ഓളം ഗ്രന്ഥങ്ങളുടെ രചയിതാവാണ് വി എസ് നായർ .