വീരാൻകുട്ടി എഴുതുമ്പോൾ ഭാഷ മൗനത്തിലേക്ക് തിടുക്കത്തിൽ പിൻവാങ്ങുന്നു. വാക്കുകൾക്കിടയിലെ മൗനത്തിലേക്കല്ല. വചനത്തിനും മുൻപുള്ള മൗനത്തിലേക്ക്. ആദിമമായ നിശ്ശബ്ദതയിലേക്ക്. അതിന്റെ ഭാരക്കുറവിൽ കവിത സഞ്ചരിക്കുന്നു. അപ്പൂപ്പൻതാടിയുടെ വിനീതമായ പറക്കം പോലെ അവിടെ ഒന്നിനും അർത്ഥത്തിന്റെ ഭാരമില്ല. തുടക്കവും ഒടുക്കവുമില്ല. മരണം കണ്ടുപിടിച്ചിട്ടില്ലാത്ത അത്രയും പ്രാചീനതയിലെ ഭാരക്കുറവിനെ വാക്കുകളിൽ സന്നിവേശിപ്പിക്കുകയാണ് വീരാൻകുട്ടി തന്റെ മിണ്ടാപ്രാണി എന്ന കവിതാ സമാഹാരത്തിലൂടെ.
അടിമുടി കവികളായിരുന്നവരുടെ കുലത്തിൽ പെട്ട ആളല്ലാഞ്ഞിട്ടുകൂടി കാവ്യജീവിതത്തിന്റെ സാഹസികത ബോധ്യപ്പെട്ട ശേഷവും കവിതയിൽ തന്നെ താമസിക്കാൻ ധൈര്യപ്പെടുത്തുന്ന എന്തോ ഒന്ന് ഉള്ളിൽ ഇപ്പോഴും അവശേഷിക്കുന്നു. കവിതയുടെ വാടകവീടായ എന്നിൽ വല്ലപ്പോഴും അത് വന്നും പോയുമിരിക്കുന്നു. എഴുത്തുകാരന്റെ പേരിലെ സാധാരണത്വം ഒരു കവിയായി പരിഗണിക്കപ്പെടാൻ പറ്റാത്തതാണെന്ന ധാരണ തുറന്നു കാട്ടുകയാണിവിടെ. പേരിലും ഉടുപ്പിലും നടപ്പിലും ഒന്നിലും കവിചിഹ്നമോ കുലചിഹ്നമോ ഇല്ലാത്ത ഒരാളുടെ എഴുത്തുജീവിതം എത്ര സാഹസികമാണെന്നറിയാൻ ഒരു മലയാള കവിയായി ജനിച്ചാൽ മതിയാകും വീരാൻകുട്ടി പറയുന്നു.
മിണ്ടാപ്രാണിയിൽ ചെറുതും വലുതുമായ 56 കവിതകളാണുള്ളത്. പടം വരപ്പ് , നക്ഷത്രവും പൂവും , എന്നീ കവിതകൾ കുട്ടികൾക്കായി എഴുതിയതാണ്. കൂട്ടത്തിൽ തന്റെ കാവ്യവഴിയിലെ അനുഭവങ്ങളും അനുബന്ധമായി ചേർത്തിട്ടുണ്ട്. എഴുത്തുകാരൻ ടി വി മധു അപ്പൂർവ്വമായ ഒരു കുറിപ്പുകൊണ്ട് ഈ സമാഹാരത്തെ അടയാളപ്പെടുത്തിയിരിക്കുന്നു. 2015 ഒക്ടോബറിൽ ആദ്യമായി പ്രസിദ്ധീകരിച്ച മിണ്ടാപ്രാണിയുടെ രണ്ടാം ഡി സി പതിപ്പാണിത്.
മാന്ത്രികന്‍, ഓട്ടോഗ്രാഫ്, മണ്‍വീറ്, ജലഭൂപടം, തൊട്ടുതൊട്ടു നടക്കുമ്പോള്‍ തുടങ്ങിയവടക്കം നിരവധി കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച വീരാന്‍കുട്ടി ബാലസാഹിത്യകാരന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. മിണ്ടാപ്രാണി, ഉണ്ടനും നൂലനും, നാലുമണിപ്പൂവ്, കുഞ്ഞന്‍ പുലി കുഞ്ഞന്‍ മുയലായ കഥ തുടങ്ങിയവ അദ്ദേഹത്തിന്റെ ബാലസാഹിത്യ കൃതികളില്‍ ശ്രദ്ധേയമായ ചിലതാണ്. ബാലസാഹിത്യത്തിന് എസ്.ബി.ടി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ നരയംകുളത്ത് ജനിച്ച വീരാന്‍കുട്ടി ഇപ്പോള്‍ മടപ്പള്ളി ഗവണ്മെന്റ് കോളേജില്‍ മലയാള വിഭാഗം മേധാവിയായി ജോലി ചെയ്യുന്നു.