ഒരിക്കലും തിരിച്ച് കിട്ടാത്ത ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ അര്‍ത്ഥശൂന്യമായ ജീവിതത്തിന്റെ ഏടുകള്‍ മാത്രമായി അവശേഷിക്കുന്നു. കേരളത്തിലെ തമിഴ് ബ്രാഹ്മണ സമൂഹത്തെ പശ്ചാത്തലമാക്കി രചിച്ച നാര്‍മടിപ്പുടവ അഗ്രഹാര ജീവിതത്തിലെ അനാചാരങ്ങളും അനുഷ്ഠാനങ്ങളും തുറന്ന് കാട്ടുന്നു. തമിഴും മലയാളവും ചേര്‍ന്ന ഭാഷ ശൈലി അവരുടെ സംസ്‌ക്കാരത്തിന്റെ മറ്റൊരു തലമാണ് വായനക്കാരന് സമ്മാനിക്കുന്നത്. 1978ല്‍ പ്രസിദ്ധീകൃതമായ കൃതിക്ക് 1979ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
സ്വന്തം ജീവിതം മറ്റുള്ളവര്‍ക്കായി ജീവിച്ചുതീര്‍ത്ത് സ്വയം പീഢകള്‍ ഏറ്റുവാങ്ങിയ സ്ത്രീജീവിതത്തിന്റെ ആവിഷ്‌ക്കാരമാണ് സാറാ തോമസിന്റെ നാര്‍മടിപ്പുടവ. കുടുംബത്തിന്റെയും ആചാരങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ സ്വയം എരിഞ്ഞുതീര്‍ന്നവളാണ് കനകാംബാള്‍. അവളുടെ ജീവിതവ്യഥയും ഒറ്റപ്പെടലുമാണ് നാര്‍മടിപ്പുടവ എന്ന നോവലിന്റെ ആവിഷ്‌ക്കരിക്കുന്നത്.
സന്തോഷം നിറഞ്ഞ സ്വപ്ന ലോകത്ത് നിന്ന് കനകാംബാള്‍ ജീവിതത്തിന്റെ ദുരന്തഭൂമിയിലേക്ക് എടുത്തെറിയപ്പെട്ടത് പെട്ടെന്നായിരുന്നു. ബാല്യ കൗമാരങ്ങളില്‍ തനിക്കൊപ്പമുണ്ടായിരുന്ന കുട്ടുകാരനുമൊത്തുള്ള സ്വപ്നതുല്യമായ ജീവിതം മോഹിച്ച അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നത് അപസ്മാര രോഗിയും വികൃതരൂപിയുമായ മറ്റൊരാളായിരുന്നു. തന്റെ മോഹങ്ങള്‍ ഇല്ലാതായപ്പോഴും അവള്‍ മറുത്തൊന്നും പറഞ്ഞില്ല. തനിക്ക് വിധിച്ചത് ഇതാകുമെന്ന് കരുതാന്‍ അവള്‍ ഒരുക്കമായിരുന്നു. എന്നാല്‍ വൈവാഹിക ജീവിതം ആരംഭിക്കുന്നതിന് മുമ്പ് അവളെ എതിരേറ്റത് വൈധവ്യമാണ്. ചേച്ചിയുടെ ഭര്‍ത്താവില്‍ നിന്ന് സഭ്യേതരമല്ലാത്ത പെരുമാറ്റമുണ്ടായപ്പോഴും എല്ലാം സഹിച്ച കനകത്തിന് അവരുടെ അകാലമരണം ജീവിതത്തില്‍ മറ്റൊരാഘാതമായി. പിന്നീടവള്‍ ജീവിച്ചത് ചേച്ചിയുടെ മകളായ കാഞ്ചനയ്ക്കു വേണ്ടിയായിരുന്നു. അവളെയോര്‍ത്ത് മാത്രമാണ് തന്റെ ജീവിതം കരുപിടിപ്പിക്കാന്‍ എല്ലാ എതിര്‍പ്പുകളെയും അവള്‍ നേരിട്ടത്. പക്ഷേ വിധി അവള്‍ക്ക് കാത്തു വച്ചത് മറ്റൊന്നായിരുന്നു. കാഞ്ചനയും അവളെ വിട്ടകന്നപ്പോള്‍ ജീവിതം അര്‍ത്ഥശൂന്യമായി മാറി കനകാംബാളിന്…