ഋഷികള്‍ എന്നറിയപ്പെടുന്ന ആത്മസാക്ഷാത്കാരം നേടിയ തപസ്വികളും അവരുടെ ഒന്നോ അതിലധികമോ ശിഷ്യന്മാരും തമ്മിലുള്ള അത്ഭുതകരമായ ചര്‍ച്ചകളും സംവാദങ്ങളുമാണ് ഉപനിഷത്തുക്കള്‍. അന്ധകാരത്തില്‍നിന്ന് തേജസ്സിലേക്ക് നയിക്കുന്നവയാണീ ഉപനിഷത്തുക്കള്‍. ഇവ ഭാരതീയ തത്ത്വശാസ്ത്രത്തിന്റെ മാത്രമല്ല, ലോകത്തിലെങ്ങുമുള്ള അദ്ധ്യാത്മികസാഹിത്യത്തിലെ ഒളിമങ്ങാത്ത മഹിമ പ്രധാനം ചെയ്യുന്നതാണ്. ഇത്തരം ഉപനിഷത്തുക്കളെക്കുറിച്ച് മതപണ്ഡിതരും ആചാര്യന്മാരും തയ്യാറാക്കിയിട്ടുള്ള പഠനങ്ങളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് എം എന്ന പേരില്‍ അറിയപ്പെടുന്ന മുംദാസ് അലി നടത്തിയ പ്രഭാഷണങ്ങളുടെ പുസ്തകമായ ‘വിസ്ഡം ഓഫ് ദി ഋഷീസ്- ദി ത്രീ ഉപനിഷത്; ശാവാസ്യം, കേനം, മാണ്ഡൂക്യം’ .
ഒരു മുസ്ലീമായി ജനിച്ച മുംദാസ് അലി സനാതനധര്‍മ്മ വിശ്വാസത്തിലും പാരമ്പര്യത്തിലും അഗാധമായ അവഗാഹവും ഉള്‍ക്കാഴ്ചയും നേടി തയ്യാറാക്കിയ പ്രഭാഷണങ്ങളാണ് ഓഫ് ദി ഋഷീസ്- ദി ത്രീ ഉപനിഷത്; ശാവാസ്യം, കേനം, മാണ്ഡൂക്യത്തിലേത്. അദ്ധ്യാത്മകപാതയ്ക്ക് അതിര്‍വരമ്പുകളില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്ന ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ഋഷീശ്വരന്മാരുടെ ദിവ്യദര്‍ശനം; ശാവാസ്യം, കേനം, മാണ്ഡൂക്യം.
എം വ്യാഖ്യാനിച്ചിട്ടുള്ള മൂന്ന് ഉപനിഷത്തുക്കളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഉപനിഷത്താണ് ഈശാവാസ്യം. ഉപനിഷത്തുക്കളില്‍ സര്‍വ്വശ്രേഷ്ഠമാണിത്. മണ്ഡൂകോപനിഷത്ത് പവിത്രമായ ഓങ്കാരത്തിന്റെ അഗാധവും പ്രതീകാത്മകവുമായ അര്‍ത്ഥം വിശദീകരിക്കുന്നു. കേനോപനിഷിത്തില്‍ ദേവന്മാരെപ്പറ്റിയുള്ള രൂപകകഥയാണുള്ളത്. ദേവന്മാര്‍ വിജയിച്ചുവെന്ന് അവര്‍ കരുതുന്നുവെങ്കിലും ശരിക്കുള്ള വിജയം ബ്രഹ്മത്തിന്റെതാണെന്ന് ഇതില്‍ പറയുന്നു. ഒപ്പം ശിവനെപ്പറ്റിയും യക്ഷത്തെപ്പറ്റിയും കേനോപനിഷിത്തില്‍ പരാമര്‍ശമുണ്ട്.
ഉള്‍ക്കാഴ്ചയുടെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ ശാവാസ്യം, കേനം, മാണ്ഡൂക്യം എന്നീ ഉപനിഷത്തുകളെപ്പറ്റി എം, നടത്തിയ പ്രഭാഷണങ്ങളുടെ പുസ്തകമായ ഉപനിഷത്തുക്കളാണ് ഋഷീശ്വരന്മാരുടെ ദിവ്യദര്‍ശനം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. അധ്യാപകനും വിവര്‍ത്തകനുമായ ഡി തങ്കപ്പന്‍ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്ന പുസ്തകത്തിന്റെ അഞ്ചാമത് പതിപ്പാണ് പുറത്തുള്ളത്.