മലയാളികളുടെ പ്രിയ എഴുത്തുകാരൻ ബെന്യാമിന്‍റെ പുതിയ നോവൽ ഉടൻ പുറത്തിറങ്ങും. ബെന്യാമിൻ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ വാർത്ത അറിയിച്ചിരിക്കുന്നത്. നോവലിന്റെ പേരും പ്രസിദ്ധീകരണ തീയതിയും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ പത്തുവർഷമായി എന്നോടൊപ്പം ഉണ്ടായിരുന്ന വിഷയമാണ് പുതിയ നോവലിന്റെ ഇതിവൃത്തമെന്ന് എഴുത്തുകാരൻ പറയുന്നു. ബെന്യാമിന്റെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ –
പ്രിയപ്പെട്ടവരേ
കുറച്ചു നാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയകളിൽ നിന്ന് വിട്ടു നില്‌ക്കാൻ തീരുമാനിക്കുമ്പോൾ ഞാൻ തന്ന വാക്ക് പുതിയ നോവലുമായി മടങ്ങിവരും എന്നായിരുന്നു. നിങ്ങളുടെ സ്നേഹം നിങ്ങളുടെ പ്രാർത്ഥനകൾ, എനിക്ക് വാക്കു പാലിക്കാൻ കഴിഞ്ഞിരിക്കുന്നു. പുതിയ നോവൽ എഴുതി പൂർത്തിയാക്കിയ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുന്നു. കഴിഞ്ഞ പത്തു വർഷത്തിൽ അധികമായി എന്നോടൊപ്പമുണ്ടായിരുന്ന ഒരു വിഷയമാണിത്.
മറ്റൊരു നോവലിന്റെ തുടർച്ച. എന്നാൽ പൂർണ്ണമായും സ്വതന്ത്രമായി നില്‌ക്കുന്ന ഒരു നോവൽ. പേര്, വിഷയം, പ്രസിദ്ധീകരണത്തീയതി എന്നിവയൊക്കെ പിന്നാലെ അറിയിക്കാം. നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും കാത്തിരുപ്പിനും നന്ദി.
എല്ലാ പൊതു ഇടങ്ങളിൽ നിന്നും കുറച്ചുകാലത്തേക്ക് വിട്ടു നിൽക്കുകയാണെന്നും കാലം അനുവദിച്ചാൽ പുതിയ നോവലുമായി തിരിച്ചുവരുമെന്നും മാർച്ച് 9 ന് ബെന്യാമിൻ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ആടുജീവിതം, അബീശഗിൻ, പ്രവാചകൻമാരുടെ രണ്ടാം പുസ്തകം, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ, മഞ്ഞവെയിൽ മരണങ്ങൾ, അൽ–അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂ നിറമുള്ള പകലുകൾ എന്നിവയാണ് ബെന്യാമിന്റെ മറ്റ് നോവലുകൾ.