സ്ത്രീകള്‍ക്കു യോഗാസനം ചെയ്യാന്‍ സാധിക്കുമോ എന്നു സംശയിക്കുന്നവരുണ്ടാകാം. സംശയിക്കാനൊന്നുമില്ല. അവരാണ് യോഗാസനം ചെയ്യേണ്ടത്. പ്രകൃതിസിദ്ധമായ സൗന്ദര്യം നിലനിര്‍ത്താനും അകാല വാര്‍ദ്ധക്യത്തിലേക്കു വഴുതി വീഴാതിരിക്കാനും യോഗ വളരെ സഹായകരമാണ്. ലോകോപകരാര്‍ത്ഥം ശ്രീപരമേശ്വരന്‍ ആദ്യമായി യോഗം ഉപദേശിച്ചത് ശ്രീപാര്‍വ്വതിക്കായിരുന്നു എന്നാണു പുരാണം പറയുന്നത്. സ്ത്രീകള്‍ക്ക് അതു നിഷിദ്ധമാണെങ്കില്‍ പരമേശ്വരന്‍ അതിനൊരുമ്പെടുമായിരുന്നില്ല.
ഗര്‍ഭിണികള്‍ക്ക് ചെയ്യാവുന്ന യോഗാസനങ്ങളുമുണ്ട്. ഋതുകാലങ്ങളിലും ഗര്‍ഭാശയസംബന്ധമായും സ്ത്രീകളില്‍ കണ്ടുവരുന്ന പല വൈഷമ്യങ്ങളും യോഗാസനംകൊണ്ടു മാത്രം പരിഹരിക്കപ്പെട്ടിട്ടുള്ളതിനു പല അനുഭവങ്ങളും സാക്ഷ്യം വഹിക്കുന്നു.
യോഗാസനം പതിവായി അനുഷ്ഠിക്കുന്നവര്‍ക്ക് ഗര്‍ഭാശയസംബന്ധമായ സര്‍വ്വ അവയവങ്ങള്‍ക്കും മാംസപേശികള്‍ക്കും ശരിയായ വളര്‍ച്ചയും വികാസവും അയവും ലഭിക്കുന്നതുകൊണ്ട് പ്രസവം ഒരിക്കലും ഒരു പ്രശ്‌നമാകുന്നില്ല. ഇന്നത്തെക്കാലത്ത് ഡോക്ടര്‍മാരും നേഴ്‌സുമാരും മിഡ്‌വൈഫും ആശുപത്രിയുമില്ലാതെ പ്രസവിക്കാന്‍ ധൈര്യപ്പെടുന്ന സ്ത്രീകള്‍ ഇല്ലെന്നു തന്നെ പറയാം. വേണ്ടത്ര വ്യായാമം ഇല്ലാത്തതുകൊണ്ടുമാത്രമാണ് പ്രസവാരിഷ്ടതകള്‍ പലതും അനുഭവപ്പെടുന്നത്. അകൃത്രിമമായ സൗന്ദര്യവും ആകാരസൗഷ്ഠവവും ഇന്നത്തെ മിക്ക സ്ത്രീകളില്‍ നിന്നും നിഷ്‌ക്രമിച്ചിരിക്കുകയാണ്. ഇതെല്ലാം വീണ്ടെടുക്കുവാനും നിലനിര്‍ത്താനും തേജസ്സും സൗന്ദര്യവും വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഒരു യോഗാസനമാണ് പാദഹസ്താസനം. സെക്ഷ്വല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സ്ത്രീകളുടെ പ്രസവത്തിനുണ്ടായേക്കാവുന്ന പ്രതിബന്ധങ്ങള്‍ ഒഴിവാക്കുന്നതിനും ഈ യോഗാസനം ഉപകരിക്കുന്നതാണ്.
ചെയ്യേണ്ടവിധം:
1. പാദങ്ങള്‍ ചേര്‍ത്തു വച്ചുകൊണ്ട് നിവര്‍ന്നു നില്‍ക്കുക.
2. കൈകള്‍ രണ്ടും മുകളിലേക്കെടുത്തു ചെവിയോടു ചേര്‍ത്തു നീട്ടിപ്പിടിക്കുക.
3. സാവധാനം ദീര്‍ഘമായി ശ്വാസം എടുത്തുകൊണ്ടു പുറകോട്ടുഞെളിയുക.
4. ക്ലേശിക്കാതെ അല്പസമയം ആ സ്ഥിതിയില്‍ നില്‍ക്കുക.
5. ശ്വാസം വിട്ടുകൊണ്ട് സാവധാനം നേരെ വന്നു കുനിഞ്ഞു മുട്ടു വളയാതെ കൈവിരലുകള്‍ കാല്‍വിരലുകളുടെ തൊട്ടുമുമ്പില്‍ നിലത്തുതൊടീക്കാന്‍ നോക്കുക.
6. ചെവിയോടു തൊട്ടിരിക്കുന്ന കൈകളോടൊപ്പം തലയും അതേ മട്ടില്‍ത്തന്നെ കുനിഞ്ഞുവന്നു കാല്‍മുട്ടുകളില്‍ നെറ്റിമുട്ടുകയും വേണം. ഇതിനു കുറച്ചുദിവസത്തെ പരിശ്രമം വേണ്ടിവരും.
7. ശ്വാസം വിട്ടിരിക്കുന്ന ഈ അവസ്ഥയില്‍ നിന്നും ശ്വാസം എടുത്തുകൊണ്ടു സാവധാനം നിവര്‍ന്നു നേരെ നില്‍ക്കുക.
8. കാല്‍മുട്ടുകള്‍ ഒരിക്കലും വളയാനിടവരാതെ ശ്രദ്ധിക്കണം. ബുദ്ധിമുട്ടുകൂടാതെ ഇത്രയും സ്വാധീനമാക്കാന്‍ കുറച്ചുദിവസത്തെ പ്രയത്‌നം ആവശ്യമാണ്.
9. നീട്ടിപ്പിടിച്ചിരിക്കുന്ന വിരലുകള്‍ ശരിക്കു നിലത്തുമുട്ടിക്കാന്‍ സാധിച്ചാല്‍,വിരലുകള്‍ മടക്കി, നിലത്തു പതിപ്പിക്കുക.
10. ഇങ്ങനെ പ്രാക്ടീസ് കിട്ടിക്കഴിഞ്ഞാല്‍, ഉള്ളം കൈകള്‍ കാലിന്റെ മുമ്പില്‍ പതിച്ചുവെയ്ക്കാന്‍ ശ്രമിക്കുക.
11. ക്ലേശം കൂടാതെ ഇത്രയും ചെയ്യാന്‍ കഴിഞ്ഞാല്‍ അടുത്തതായി, കൈകള്‍ അതതു വശത്തു പാദങ്ങളോടു ചേര്‍ത്ത് ഉള്ളംകൈകള്‍ നിലത്തുപതിച്ചു വെയ്ക്കുക. കൈവിരലുകളും കാല്‍വിരലുകളും ഒരേ ലൈനില്‍ വെച്ചിരിക്കണം.
12. ഈ നില്‍പില്‍ നെറ്റി കാല്‍മുട്ടിന് തൊട്ടു താഴെ എത്തിമുട്ടുന്നതായിരിക്കും.
ഇപ്പോള്‍ പാദഹസ്താസനം പൂര്‍ണമായി. എല്ലാ ദിവസവും ചെയ്യേണ്ടതായ ഒരു ജീവിത സമ്പ്രദായമാണ് യോഗവ്യായാമം. അതൊരു ദിനചര്യയാക്കുവാന്‍ പറ്റുംവിധം ലളിതമായ യോഗപാഠങ്ങളാണ് യോഗാചാര്യ ഗോവിന്ദന്‍ നായരുടെ യോഗവിദ്യ എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നത്..