മറ്റുള്ളവരെ അനുകരിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷമാണുണ്ടാക്കുകയെന്നു പറയപ്പെടുന്നു; അനുകരണം ആപത്താണെന്നല്ലെ പഴമൊഴി! പക്ഷെ ജീവിതവിജയ മന്ത്രങ്ങളുടെ ഏറ്റവും പുതിയ രീതിയില്‍ അനുകരണം വളരെയേറെ ഗുണവത്തായ കാര്യമായാണ് വ്യാഖ്യാനിക്കുന്നത്. ഓരോരുത്തരുടെയും പ്രവര്‍ത്തന മേഖല ഏതു തന്നെ ആയിരുന്നാലും, ശക്തമായ വ്യക്തിത്വത്തിന് ആവശ്യമായ ശുഭാപ്തിവിശ്വാസം, ആത്മവിശ്വാസം, നിശ്ചിതലക്ഷ്യം, ഏകാഗ്രത, ഇശ്ചാശക്തി, സ്ഥിരോത്സാഹം, ഭാവന തുടങ്ങിയ കഴിവുകള്‍ വളര്‍ത്തിയെടുത്ത് ജീവിതവിജയം കൈവരിക്കാന്‍ സഹായിക്കുന്ന സെമിനാറുകളും , മൈൻഡ് ട്രെയിനിങിങ് സെഷനുകളും ഉൾപ്പെടെ നിരവധി പരിശീലന പരിപാടികൾ ഇന്ന് നിലവിലുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ചിലരുടെ വിജയഗാഥകൾ നമ്മിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നു.
ശാസ്ത്രം അതിവേഗത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും മനോദൌര്‍ബല്യങ്ങള്‍ക്കടിമപ്പെട്ട്, നിരാശാബോധത്തിലൂടെ, നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളിലെല്ലാം പരാജയപ്പെട്ട് ജീവിതം വ്യര്‍ഥമാക്കുന്നവരാണ് നമുക്ക് ചുറ്റും. എന്നാല്‍ പ്രതികൂല സാഹചര്യത്തിലും ഔന്നത്യത്തിന്റെ ഉത്തുംഗസ്വാപനം കൈയെത്തിപ്പിടിക്കാന്‍ കഴിഞ്ഞ വ്യക്തിത്വങ്ങള്‍ ഇവിടെയുണ്ട് എന്നത് നിസ്തര്‍ക്കമാണ്. അത്തരം മനുഷ്യരുടെ പ്രചോദനാത്മകമായ കഥകള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് രശ്മി ബന്‍സാലിന്റെ ‘സാധാരണക്കാരുടെ അസാധാരണ വിജയഗാഥകള്‍.’ ബസ്റ്റ് സെല്ലര്‍ പട്ടികയിടെ പിടിച്ച മൂന്നു സെല്‍ഫ് പുസ്തകങ്ങളുടെ രചയിതാവാണ് രശ്മി ബന്‍സാല്‍. സ്റ്റേ ഹഗ്രി സ്റ്റേ ഫൂളിഷ്, ഐ ഹാവ് എ ഡ്രീം, കണക്ട് ദ ഡോട്‌സ് എന്നി പുസ്തകങ്ങള്‍ പതിനഞ്ചോളം ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എഴുത്തു മാത്രമല്ല, മോട്ടിവേഷണല്‍ ക്ലാസ്സുകളിലും സജീവമാണ് ഈ എഴുത്തുകാരി.
സ്വയംതൊഴില്‍ സംരംഭങ്ങളോട് പൊതുവെ സ്തീകള്‍ മുൻകൈയ്യെടുക്കാറില്ല. സുരക്ഷിതമായ ഒരു തൊഴില്‍, അതും റിസ്‌ക്കില്ലാതെയുള്ള ഒരു തൊഴില്‍ നേടിയെടുക്കുക മാത്രമാണ് ഭൂരിഭാഗം സ്ത്രീകളുടെയും ലക്ഷ്യം. എന്നാല്‍ അതില്‍നിന്നും വിഭിന്നമായി, പ്രതികൂലമായ സാഹചര്യങ്ങളോട് വീറോടെ പൊരുതി തങ്ങള്‍ തുടങ്ങിവച്ച സ്വയംതൊഴില്‍ സംരംഭത്തെ വിജയത്തിലെത്തിച്ച ഇരുപത്തിയഞ്ച് സ്ത്രീകളുടെ കഥയാണിത്.ഉല്പാദന മേഖലയും, സര്‍വ്വീസ് മേഖലയുമടക്കം എല്ലാത്തരം വ്യവസായ മേഖലകളും ഈ പുസ്തകത്തില്‍ രശ്മി ബന്‍സാല്‍ അവതരിപ്പിക്കുന്നുണ്ട്. സ്വന്തമായൊരു സംരംഭമാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ ഈ പുസ്തകം ഒരു മികച്ച റഫറൻസ് ഗ്രന്ഥമായിരിക്കും തീർച്ച.
കുടുംബജീവിതവും ബിസിനസ് സംരംഭവും ഒരേരീതിയിൽ വിജയത്തിലെത്തിച്ചവർ, സ്നേഹവും ക്ഷമയും , കഠിനാധ്വാനവും ജീവിത വ്രതമാക്കിയവർ , അവർ പുരുഷന്മാരല്ല സ്ത്രീകളാണെന്നറിയുമ്പോൾ ഏതൊരാൾക്കും ആകാംക്ഷയേറും ആ ജീവിതകഥയുടെ പിന്നിട്ട വഴികളെ കുറിച്ചറിയാൻ. ശാന്തവും , ശക്തവുമായ ഒരു ലോകം നമുക്ക് നിർമ്മിച്ചെടുക്കാം.കുടുസ്സു മുറികൾ അടച്ചു പൂട്ടി നമ്മുടെ സ്ഥാനം ദന്തഗോപുരങ്ങളിൽ ഉറപ്പിക്കാം, അറുതികളുടെയും , വറുതികളുടെയും കാലം ഇന്നലെകളിലായിരുന്നു. നാളെകളിൽ ലോകത്ത് സൗരഭ്യം പരത്തുന്നത് സ്ത്രീകളായിരിക്കും. സ്ത്രീകൾ ലോകം കീഴടക്കുന്ന ചരിത്രത്തിലെ നിർണ്ണായക നിമിഷമായിരിക്കും അത്.
രശ്മി ബൻസലിന്റെ ഞങ്ങൾ പ്രസിദ്ധീകരിച്ച കൃതികൾ
വേറിട്ട പാതയിലൂടെ വിജയം നേടിയവർ
സാധാരണക്കാരുടെ അസാധാരണ വിജയഗാഥകൾ
ആത്മവിശ്വാസം പടുത്തുയർത്തിയ ജീവിതങ്ങൾ
വിജയപാതകളിലെ വ്യത്യസ്ത സാരഥികൾ