എം മുകുന്ദന്റെ വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതു രുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കുന്ന ചോയി താൻ മരിച്ചാലേ തുറക്കാവൂ എന്നു പറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏൽപ്പിച്ച് ഫ്രാൻസിലേക്ക് പോകുന്നു. അത് മയ്യഴി നാട്ടിലാകെ വർത്തമാനമാകുന്നു. നാട്ടുകാർക്കൊപ്പം വായനക്കാരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ചോയിയുടെ മരണാനന്തരം ആ ലക്കോട്ട് തുറക്കുന്നു. എന്തായിരുന്നു ആ ലക്കോട്ടിൽ ? നാട് വീര്‍പ്പുമുട്ടി…
നീ നല്ലവനാണെന്നും എനിക്ക് തന്നെ മാത്രമേ വിശ്വാസമുള്ളൂ എന്നും ലക്കോട്ട് നൽകുമ്പോൾ ചോയി മാധവനോട് പറയുന്നുണ്ട്. മാധവന്‍ വളര്‍ന്നു. ഒപ്പം ലക്കോട്ടിലെ ഉള്ളടക്കം സംബന്ധിച്ച ദുരൂഹതകളും. പലരും പലതരം ഊഹാപോഹങ്ങള്‍ പരത്തി, അങ്ങനെ വര്‍ഷങ്ങള്‍ കടന്നുപോയി. ഒടുവില്‍ ചോയിയുടെ മരണവാര്‍ത്ത എത്തിയപ്പോള്‍ മാധവന്‍ ലക്കോട്ട് തുറക്കാന്‍ നിര്‍ബന്ധിതനാവുകയാണ്. എന്തായിരിക്കും അതിലെ രഹസ്യം?
മയ്യഴിയുടെ പശ്ചാത്തലത്തില്‍ എം.മുകുന്ദന്‍ ഒരു കഥ കൂടി പറയുകയാണ് ‘കുട നന്നാക്കുന്ന ചോയി’ എന്ന നോവലിലൂടെ. കേരളത്തിലെ ഒരു പഞ്ചായത്തിന്റെ വലുപ്പം പോലുമില്ലാത്ത മയ്യഴിയുടെ പശ്ചാത്തലത്തില്‍ മുകുന്ദന്റെ മൂന്നാം നോവല്‍. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ദൈവത്തിന്റെ വികൃതികള്‍ എന്നിവയ്ക്കു ശേഷം വരുന്ന ‘കുട നന്നാക്കുന്ന ചോയി’ തുടങ്ങുന്നത് ഫ്രഞ്ചുകാര്‍ മാഹി വിട്ടുപോകുന്നതോടെയാണ്. അവിടം മുതല്‍ കാവിവല്‍ക്കരണത്തിന്റെ ഭീകരതയില്‍ നടുങ്ങുന്ന ആധുനികകാലം വരെ നോവലില്‍ കടന്നുവരുന്നു.
എഴുത്തുകാരൻ പ്രതിഷേധിക്കേണ്ടത്, തന്റെ രചനകളിലൂടെയാണെന്ന് പ്രസ്താവിച്ച കഥാകാരനാണ് എം.മുകുന്ദൻ. പുതിയ കാലത്തോടുള്ള തന്റെ പ്രതിഷേധമാണ് തന്റെ രചന എന്ന് എം. മുകുന്ദൻ അവകാശപ്പെടുന്നു. കുട നന്നാക്കുന്ന ചോയി എന്ന കൃതിയിലൂടെ അതു നിർവഹിച്ചിരിക്കുകയാണെന്ന് നിരൂപകർ വിലയിരുത്തുന്നു. സൗമ്യമായി മുന്നോട്ടു പോകുന്ന നോവൽ അതിന്റെ അവസാന നിമിഷങ്ങളിൽ വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിലെത്തിക്കുന്നു.
വരുംകാലത്ത് ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചേക്കാവുന്ന കുട നന്നാക്കുന്ന ചോയി അക്ഷരമണ്ഡലം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വ്യത്യസ്ത സന്ദർഭങ്ങളാൽ സമ്പന്നമാണ് നോവലിന്റെ ഇതിവൃത്തം. പോയ കാലത്തിൽ നിന്നും ഇന്നത്തെ അസഹിഷ്ണുതയുടെ നവകാലവുമായി താരതമ്യം ചെയ്തു കൊണ്ടാണ് നോവൽ അവസാനിക്കുന്നത്. കുട നന്നാക്കുന്ന ചോയിയുടെ എട്ടാം പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.