ഗ്രാമത്തിലെ അതിസുന്ദരിയായ പെണ്‍കുട്ടിയാണ് വര്‍ഷ. പട്ടണത്തിലെ ഉന്നത ഉദ്യോഗസ്ഥനും സമര്‍ത്ഥനുമായ കല്ലോല്‍ വര്‍ഷയെ വിവാഹം കഴിക്കുന്നു. അവരുടെ മധുവിധുനാളില്‍ വര്‍ഷയെ തട്ടിക്കൊണ്ടുപോകുന്നതോടെ കഥ ഇഴപിരിഞ്ഞ് ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ മുന്നോട്ടുപോകുന്നു. പിന്നീട് വര്‍ഷയ്ക്ക് അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ നമ്മുടെ സമൂഹത്തിലെ സ്ത്രീകളും അനുഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണെന്ന് പുണ്യതോയ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. 2011ല്‍ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച പ്രതിഭാറായിയുടെ ഒറിയ നോവലാണ് പുണ്യതോയ. പുരുഷകേന്ദ്രിതമായ സമൂഹത്തില്‍ ബലിയാടുകളാകുന്ന നിഷ്‌കളങ്കരായ സ്ത്രീകള്‍ക്കുപോലും അനുഭവിക്കേണ്ടിവരുന്ന ദു:ഖത്തിന്റെയും ദുരിതങ്ങളുടെയും ആകെത്തുകയാണ് ഈ നോവല്‍.
വര്‍ഷ എന്ന മധ്യവര്‍ഗ്ഗ സ്ത്രീയുടെ ജീവിതം ആത്മകഥാരൂപത്തില്‍ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ ആവിഷ്‌കരിച്ചിരിക്കുന്ന നോവല്‍ സ്ത്രീജീവിതത്തിന്റെ താരള്യവും പ്രണയവും വിരഹവും സാഫല്യവും തുടങ്ങിയ വിചാരവികാരങ്ങളെ വളരെ മനോഹരമായി വരച്ചുകാട്ടുന്നു. പ്രതിഭാ റായിയുടെ ഈ ഒറിയ നോവല്‍ ഡി സി ബുക്‌സ് അതേ പേരില്‍ തന്നെ മലയാളത്തിലേക്കും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. സമന്വയം അവാര്‍ഡ്, സംസ്‌കാര സമഗ്ര സാഹിത്യപുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുള്ള എഴുത്തുകാരി കൂടിയായ സരോജിനി ഉണ്ണിത്താനാണ് പുണ്യതോയ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്.
മലയാളത്തിലും ഒരുപാട് വായനക്കാരുള്ള എഴുത്തുകാരിയാണ് പ്രതിഭാ റായി. അവരുടെ ദ്രൗപതി എന്ന നോവല്‍ മലയാളത്തില്‍ രചിക്കപ്പെട്ട കൃതിയെന്നപോലെ വായിക്കപ്പെടുന്ന ഒന്നാണ്. വനം, മഹാമോഹം എന്നീ കൃതികളും ഡി സി ബുക്‌സ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.
അധ്യാപികയായും ഒറിയ പബ്ലിക് സര്‍വീസ് കമ്മീഷന്‍ മെമ്പറായും പ്രവര്‍ത്തിച്ചിട്ടുള്ള പ്രതിഭാ റായ് 18 നോവലുകളും 22 കഥാസമാഹാരങ്ങളും മൂന്ന് യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ പലതും ഇംഗ്ലീഷിലേക്കും വിവിധ ഭാരതീയ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. ജ്ഞാനപീഠത്തിനു പുറമേ കേന്ദ്ര വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പിന്റെ അവാര്‍ഡ്, മൂര്‍ത്തിദേവി അവാര്‍ഡ് തുടങ്ങിയവ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.