ബുക്കര്‍ പുരസ്‌കാരം നേടിയ ബെന്‍ ഓക്രിയുടെ മാന്ത്രികവും അത്യന്തം കാല്പനികവുമായ ഭാഷയില്‍ വിരിഞ്ഞ കാവ്യാത്മകമായൊരു ആഖ്യായികയാണ് Astonishing the Gods. സ്വയം അദൃശ്യനെന്നു ധരിച്ചൊരു മനുഷ്യന്‍ ചരിത്ര പുസ്തകങ്ങളില്‍മാത്രം കാണപ്പെടാറുള്ള പ്രതിഭാശാലികളായ മനുഷ്യരെ അന്വേഷിച്ചിറങ്ങുന്നതാണ് ഈ നോവലിലെ ഇതിവൃത്തം. ആത്മാക്കളും അരൂപികളും മാലാഖമാരും ഒറ്റക്കൊമ്പന്‍ കുതിരയും വസിക്കൊന്നൊരു വിചിത്ര ദ്വീപിലാണ് ആ മനുഷ്യന്റെ അന്വേഷണം അവസാനിക്കുന്നത്. അവിടുത്തെ അനുഭവങ്ങളും യാതനകളും അത്ഭുതങ്ങളും കാട്ടിത്തരുകയാണ് ഈ നോവല്‍.
ബെന്‍ ഓക്രിയുടെ ആഖ്യാനത്തില്‍ വിരിഞ്ഞ ഈ നോവലിന്റെ മലയാള പരിഭാഷയാണ് ദൈവസമ്മോഹനം. ലോകപ്രശസ്ത സാഹിത്യകാരന്‍ പൗലോകൊയ്‌ലോയുടെ ഉള്‍പ്പെടെ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഡി സി ബുക്‌സാണ് ദൈവസമ്മോഹനവും പ്രസിദ്ധീകരിച്ചിരിക്കുന്നത്. കലാവിമര്‍ശകനും മാധ്യമപ്രവര്‍ത്തകനുമായ ജോണി എം എല്‍ ആണ് പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്.
ഐതിഹ്യ കഥകളുടെയും നാടോടിക്കഥകളുടെയും കാലവും ദേശവും പശ്ചാത്തലമായി വരുന്ന ദൈവസമ്മോഹനം നന്മയുടെയും സ്‌നേഹത്തിന്റെയും ഇന്ദ്രജാലമാണ് വരച്ചുകാട്ടുന്നത്. ഒരു നാടന്‍ ചൊല്‍ക്കഥപോലെ വായിച്ചുപോകാവുന്ന ഈ നോവല്‍ സ്വത്വം തേടിയുള്ള മനുഷ്യന്റെ യാത്രകളെക്കുറിച്ചും അത്തരം അന്വേഷണങ്ങള്‍ മനുഷ്യനെ എങ്ങനെ ബാധിക്കുന്നുവെന്നും അവനെ എവിടെ എത്തിക്കുന്നുവെന്നും കാട്ടിത്തരുന്നു.
നൈജീരിയന്‍ കവിയും നോവലിസ്റ്റുമായ ബെന്‍ ഓക്രിയുടെ വിശപ്പിന്റെ വഴികള്‍ എന് പുസ്തകവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.