നാടിനും നട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ പ്രയോജനകരമായ ഒരു വായനശാല സ്ഥാപിക്കുക, അതിനായി ആനുകാലികസംഭവങ്ങളടങ്ങുന്നതുള്‍പ്പടെയുള്ള പുസ്തകങ്ങള്‍ ശേഖരിക്കുക, ഇവയൊക്കെ ഇപ്പോള്‍ സര്‍വ്വസാധാരണമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇക്കഴിഞ്ഞവായനാദിനത്തില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ പുതിയൊരു വായനാസംസ്‌കാരത്തിനുതന്നെ തുടക്കമിട്ടിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍കോളജിലെ ഈ വിദ്യാര്‍ത്ഥികളുടെ പ്രയത്‌നം പ്രശംസനീയമാണ്. ഇവരുടെ ചിരകാല സ്വപ്‌നമായ സാഹിത്യ ലൈബ്രറിയ്ക്കാണ് ഇവര്‍ വായനാദിനത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ തുടക്കം കുറിച്ചത്.
മെഡിക്കല്‍ കോളേജുകളില്‍ അക്കാദമികേതര, സാഹിത്യ പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറിക്ക് സര്‍ക്കാര്‍ ഫണ്ടൊന്നും നിലവില്‍ നല്‍കുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തിലെ ഒരു സര്‍ക്കാന്‍ മെഡിക്കല്‍ കോളജിലും നിലവില്‍ അക്കാദമികേതര പുസ്തകങ്ങളുള്ള ലൈബ്രറിയും ഇല്ല. അവിടെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ഈ വിദ്യാര്‍ത്ഥികള്‍ മാതൃകയാവുന്നത്. ഇതോടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പുസ്തക ശേഖരണം നടത്തിത്തുടങ്ങുന്ന കേരളത്തിലെ ആദ്യ ലൈബ്രറിയുമായി മാറി കോട്ടയം മെഡിക്കല്‍ കോളജിലേത്.
‘ഒരു പുസ്തകം എന്റെ കോളജിന്’എന്ന ഹാഷ്ടാഗോടെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നടത്തിയ പുസ്തക ശേഖരണത്തിന് മികച്ച പ്രതികരണമാണ് ക്യാമ്പസിന് അകത്തു നിന്നും പുറത്തു നിന്നും ലഭിച്ചത്. നിലവില്‍ ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി ശേഖരിച്ചുവരുന്ന പുസ്തകങ്ങളുടെ എണ്ണം 600 കടന്നിരിക്കുകയാണ്. എന്നാല്‍ ലൈബ്രറിക്ക് ഒരു മികച്ച സ്ഥലം കണ്ടെത്താന്‍ കഴിയാത്തിനാല്‍ അക്കാഡമി ലൈബ്രറിയോട് ചേര്‍ന്ന് താത്ക്കാലികമായി സാഹിത്യ ലൈബ്രറി ക്രമീകരിച്ചിരിക്കുകയാണിപ്പോള്‍. പുറത്ത് നിന്നും അല്ലാതെയും നിരവധി പുസ്തകങ്ങളാണ് ലൈബ്രറിക്കായി ലഭിച്ചത്. കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഇക്ബാല്‍ 40 പുസ്തകങ്ങളും 1998 ബാച്ചിലെ ഡോ. ഫസല്‍ ഇസ്മയില്‍ 15 പുസ്തകങ്ങളുമാണ് ലൈബ്രറിക്ക് നല്‍കിയത്. എഴുത്തുകാരനായ ആനന്ദ് നീലകണ്ഠനും മുന്‍ അലുംമ്‌നി അസോസിയേഷനുമൊക്കെ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തു.
നിലവില്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം സ്റ്റാഫിനും വിദ്യാര്‍ത്ഥികള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിലും ഭാവിയില്‍ ഹോസ്പിറ്റല്‍ അധികാരികളുടെ സഹകരണത്തോടെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമൊക്കെ പുസ്തകം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. എങ്കിലും പ്രധാനമായും ക്യാന്‍സര്‍ രോഗികള്‍ക്ക് കൂടി പുസ്തകം വായിക്കാന്‍ കഴിയുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ ചെയ്തു കൊടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ ലക്ഷ്യമിടുന്നുണ്ട്.
ഇത്തരം ഒരു സംരംഭത്തിന് ആദ്യം ഇറങ്ങിത്തിരിച്ചപ്പോള്‍ വലിയ സാധ്യതയൊന്നും ഞങ്ങള്‍ക്ക് തോന്നിയിരുന്നില്ല. ഞങ്ങള്‍ക്ക് ക്യാംപസ് ലൈബ്രറി എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഇനിയും ഒരുപാട് ദൂരമുണ്ടെന്ന് തോന്നിപ്പോയി. എന്നാല്‍ അധ്യാപകരുടെയും വിദ്യര്‍ത്ഥികളുടെയുമൊക്കെ അകമഴിഞ്ഞ പിന്തുണ ഞങ്ങള്‍ക്ക് പ്രോത്സാഹനമായി. ആദ്യം കിട്ടുന്ന പുസ്തകങ്ങളുടെ എണ്ണം കുറവായിരുന്നു എങ്കിലും പിന്നീട് ലൈബ്രറിയിലേക്ക് എത്തുന്ന പുസ്തകങ്ങളുടെ എണ്ണം വര്‍ദ്ധിച്ചത് ഞങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കി. ആനുകാലിക സംഭവങ്ങള്‍ അടങ്ങിയ പുസ്തകങ്ങളുടെ എണ്ണം കൂടുതല്‍ എത്തിയതോടെ വിദ്യാര്‍ത്ഥികളും വായനയുടെ ലോകത്തേക്ക് തിരിച്ചെത്തി’ എന്ന് മെഡിക്കല്‍ കോളജ് മുന്‍ മാഗസിന്‍ എഡിറ്ററും സാഹിത്യ ലൈബ്രറി സംഘാടകനുമായ കെ.ടി മുഹമ്മദ് അഷ്‌റഫ് പറയുന്നു. കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ (കെ.യു.എച്ച്.എസ്) ഈ വര്‍ഷത്തെ ഏറ്റവും മികച്ച മാഗസിന്‍ ആയ ‘മനുഷ്യന് മാത്രം അറിയാവുന്ന ഒരു രഹസ്യം ഉണ്ട്’ എന്ന മാഗസിന്റ എഡിറ്ററായിരുന്നു കെ.ടി മുഹമ്മദ് അഷ്‌റഫ്. അവയവ ദാനത്തെക്കുറിച്ചുള്ള മികച്ച വിവരണങ്ങളാണ് ലേഖനത്തിന്റ ഉള്ളടക്കം.
വിദ്യാര്‍ത്ഥികളുടെ ചിരകാല സ്വപ്‌നമായ സാഹിത്യ ലൈബ്രറി ഇവിടെ ആരംഭിക്കുമ്പോള്‍ അത് മാനവികതയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും ശാസ്ത്രീയ യുക്തിയുടെയും വാതായനങ്ങള്‍ തുറക്കാന്‍ സഹായകമാണെന്ന കാര്യത്തില്‍ സംശമില്ല.