ഏറെ വിവാദങ്ങള്‍ക്കും കോളിളക്കങ്ങള്‍ക്കും കാരണമായ ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍‘ എന്ന പുസ്തകത്തിന്റെ രണ്ടാംഭാഗം വരുന്നു. പുതിയ പുസ്തകത്തില്‍ എല്ലാ കാര്യങ്ങളും അതിന്റെ കാരണങ്ങളും വിശദീകരിക്കുമെന്ന് ഐഎംജി ഡയറക്ടര്‍ ജനറലായി ചുമതലയേറ്റ ശേഷം ജേക്കബ് തോമസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഇപ്പോഴത്തെ പുസ്തകത്തില്‍ 14 സ്ഥലത്തു ചട്ടലംഘനം ഉണ്ടല്ലോ എന്നു ചോദിച്ചപ്പോള്‍, 14 സ്ഥലങ്ങളില്‍ മനുഷ്യര്‍ക്കു പീഡനം ഏറ്റെന്നു കേട്ടു എന്നായി മറുപടി. സിവില്‍ സര്‍വീസില്‍, രണ്ടു കുട്ടികളേ പാടുള്ളൂവെന്നാണു ചട്ടം. മൂന്നാമത്തെ കുട്ടി ചട്ടലംഘനമാണ്. കുട്ടി ഉണ്ടായിപ്പോയി-അദ്ദേഹം പരിഹസിച്ചു.
ജേക്കബ് തോമസ് പുസ്തകം രചിച്ചതു സര്‍വീസ് ചട്ടത്തിന്റെ ലംഘനമാണെന്നു നേരത്തേ ചീഫ് സെക്രട്ടറി നളിനി നെറ്റോ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ മുഖ്യമന്ത്രി എത്താതിരുന്നതും വാര്‍ത്തയായിരുന്നു.
ഔദ്യോഗിക ജീവിതത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികളും തന്നെ ആക്രമിക്കാന്‍ വന്ന വമ്പന്‍ സ്രാവുകളെ നേരിട്ടതുമാണ് പുസ്തകത്തിന്റെ ആദ്യഭാഗത്ത് ജോക്കബ് തോമസ് വിവരിക്കുന്നത്.