തങ്കം
എന്റെ തങ്കത്തിന്റെ നിറം തനി കറുപ്പാണ്. വെള്ളത്തിൽ മുക്കിയെടുത്ത ഒരു തീക്കൊള്ളി. കറുപ്പല്ലാതുള്ള ഭാഗങ്ങളായിട്ടു കണ്ണിന്റെ വെള്ള മാത്രമേ ഉള്ളൂ. പല്ലും നഖങ്ങളും കൂടി കറുത്തതാണ്. തങ്കം ചിരിക്കുമ്പോൾ അവളുടെ മുഖത്തിന് ചുറ്റും പ്രകാശം പരക്കും. പക്ഷെ ആ പ്രകാശം അന്ധകാരത്തിന്റെ മൂടുപടമിട്ടതാണ്. കറുത്ത ചിമ്മിനിയിൽ നിന്നും വെളിച്ചത്തിന്റെ ഒരു കാളിമ.
കൊഞ്ചിക്കുഴഞ്ഞ് എന്നും എന്നോട് പ്രേമസല്ലാപം ചെയ്യും …. തങ്കത്തിന്റെ ആ ശബ്ദം ! അത് വസന്താരാമത്തിൽ ഇരുന്നു പാടുന്ന കരിങ്കുയിലിന്റെ കുളിർത്ത നാദമല്ല. എന്റെ തങ്കത്തിന്റെത് വാസ്തവത്തിൽ കോകിലനാദമേ അല്ല. ഇരുളിന്റെ ഏകാന്തതയിൽ നിലവറയ്ക്കുള്ളിൽ ഇരുന്നുകൊണ്ട് ഉണങ്ങിയ പരുപരുക്കൻ കുരുക്കളെ മുറുമുറുപ്പോടെ കടിച്ചുപൊട്ടിച്ചു കൊണ്ടിരിക്കുന്ന കറുത്ത പെരുച്ചാഴിയുടെ കറുമുറ ശബ്ദത്തോട് ഏതാണ്ടൊരു സാമ്യമുണ്ട് എന്റെ തങ്കത്തിന്റെ ശബ്ദമാധുരിക്ക്.
തങ്കത്തിന് വയസ്സ് പതിനെട്ടേ ആയിട്ടുള്ളൂ. അംഗങ്ങളെല്ലാം നിറഞ്ഞു വളർന്ന് യൗവ്വനത്തിന്റെ തീക്ഷ്‌ണതയിൽ അങ്ങനെ ജ്വലിക്കയാണ് എന്റെ തങ്കം.
തങ്കം എന്റെ പ്രാണനാഥയാണ്. വെറും പ്രാണന് മാത്രമല്ല , എല്ലാറ്റിനും ഇവൾ തന്നെയാണ് നാഥ. തങ്കത്തിന്റെ പ്രേമവല്ലരി പടർന്നു വളരുന്ന ആ ഏകമായ തേന്മാവാണ് ഞാൻ.
പവിത്രമായ തങ്കത്തിന്റെ പ്രേമത്തിന് പാത്രമായ എന്നോട് അൽപം അസൂയയും അനൽപമായ ബഹുമാനവും നിങ്ങൾക്കുണ്ടെന്ന് എനിക്കറിയാം.
സുമുഖനും മഹാത്യാഗിയുമായ ഒരു യുവവീരനാണ് ഞാൻ. എന്റെ ഒരൊറ്റ നോട്ടത്തിൽ ഏതു സൗന്ദര്യ റാണിയും എനിക്കടിപ്പണിയും. പ്രേമത്തിനു വേണ്ടി എന്റെ കാൽക്കൽ വീണു കണ്ണീർ വാർക്കും. സായാഹ്നത്തിൽ തെരുവീഥികളിൽ കൂടി ശാന്ത ഗംഭീരഭാവത്തോടെ ഞാൻ ഉലാത്തുന്ന ആ അസുലഭ മുഹൂർത്തങ്ങൾ നോക്കി ഈ പട്ടണത്തിലെ കണ്മണികളായ പെണ്മണികളെല്ലാം എന്നെ ഒരൊറ്റനോക്കുകാണുന്നതിനു വേണ്ടി ആർത്തിയോടെ മണിമന്ദിരങ്ങളുടെ കിളിവാതിലുകളിൽ കൂടി നോക്കി നിൽക്കാറുണ്ട്. ആ സന്ദർഭങ്ങളിലെല്ലാം സർവ്വസംഗപരിത്യാഗിയായ ഒരു യതിവര്യനെ പോലെ കണ്ണ് പകുതിയടച്ചു നീണ്ടു നിവർന്ന് ഞാനങ്ങു നടന്നുകളയും…… എന്നെല്ലാം അഭിമാനത്തോടെ നിങ്ങളോടു പറയാൻ എനിക്ക് കലശലായ ആശയുണ്ട് , പക്ഷെ എന്ത് ചെയ്യാം കളവു പറഞ്ഞുകൂടെന്നാണല്ലോ ദൈവനിയമം…….
തങ്കം , ശശിനാസ് , ഹൃദയനാഥ , മരുന്ന് , നമ്മുടെ ഹൃദയങ്ങൾ , പിശാച് , വിശപ്പ് തുടങ്ങി വൈക്കം മുഹമ്മദ് ബഷീറിന്റെ ഏഴ് കഥകളുടെ സമാഹാരമാണ് വിശപ്പ്. 1983 മാർച്ചിൽ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പതിനാറാം ഡി സി പതിപ്പ് ഇപ്പോൾ പുറത്തിറങ്ങി.