സോഷ്യൽ മീഡിയയിലൂടെ നിരവധി വായനക്കാരെ നേടിയെടുത്ത എഴുത്തുകാരിയാണ് ദീപാ നിശാന്ത്. തൃശൂര്‍ കേരളവര്‍മ്മ കേളേജിലെ അധ്യാപികയായ ടീച്ചര്‍ സോഷ്യൽ മീഡിയയിലൂടെ എഴുതുകയും തുടര്‍ന്ന് ആ കുറിപ്പുകള്‍ ബുക്കായി പ്രസിദ്ധികരിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് മാസമായി ടീച്ചര്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നില്ല. ഇതിനു പിന്നിലെ കാരണം എന്താണെന്നു വായനക്കാര്‍ അന്വേഷിച്ചു എങ്കിലും ഒടുവില്‍ ടീച്ചര്‍ തന്നെ കാരണം വ്യക്തമാക്കുന്നു. തുറന്നു കിടന്നു നമ്മേ യാത്രയാക്കുന്ന ഒരു വീടും പൂട്ടിയിറങ്ങേണ്ടി വരുന്ന ഒരു വീടും രണ്ടും രണ്ടാണ്…. ഞാനെഴുതിയില്ലെങ്കിലും മലയാളസാഹിത്യം ഇടിഞ്ഞു പൊളിഞ്ഞുവീഴില്ല. പക്ഷേ മക്കൾ….. അവർക്കിപ്പോൾ എന്നെ വേണം… ടീച്ചര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.
ദീപ നിശാന്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം.
“ടീച്ചറിപ്പോ എഴുതാറില്ലേ?”
“ഓൺലൈനിലേ കാണാറില്ലല്ലോ?”
” എന്തു പറ്റി?”
” ഫുൾടൈം പ്രോഗ്രാമാലേ? വല്യ പുളളിയായിപ്പോയി! ”
“ബുക്കിൽ മാത്രേ എഴുതൂന്ന് തീരുമാനിച്ചൂലേ! ”
ഒന്ന് രണ്ട് മാസക്കാലമായി ഞാൻ സ്ഥിരം കേൾക്കുന്ന ചോദ്യങ്ങളാണിത്. മറുപടി പറയാൻ പോലും ചിലപ്പോ തോന്നാറില്ല.. സാധിക്കാറുമില്ല…
മുൻപൊന്നുമുണ്ടായിട്ടില്ലാത്തത്ര തിരക്കുകളുണ്ട് ജീവിതത്തിൽ… ആ തിരക്ക് സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് പറന്നു നടക്കുന്നതുകൊണ്ട് ഉണ്ടാകുന്നതല്ല…… എഴുത്തിൻ്റെ തിരക്കുകളുമല്ല. ഭർത്താവ് നാട്ടിലില്ലാത്ത ഒരുവൾ ഒറ്റയ്ക്ക് രണ്ട് ചെറിയ മക്കളടങ്ങുന്ന ഒരു കുടുംബം മുന്നോട്ട് നീക്കുന്നതിൻ്റെ തിരക്കുകളാണ്…. എല്ലാ തണലുകളിൽ നിന്നും പെട്ടെന്ന് വേറിട്ടതിൻ്റെ ആവലാതികളാണ്..
ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാതെ അലസമായി നടന്നിരുന്നവൾ എല്ലാ ഉത്തരവാദിത്തങ്ങളും പെട്ടെന്നേറ്റെടുക്കേണ്ടി വന്നപ്പോഴുണ്ടായ ആശങ്കകളുണ്ട്. രാത്രി കിടക്കുമ്പോൾ, നാളെ എന്തെഴുതണം എന്നല്ല നാളെ എന്ത് ഭക്ഷണമുണ്ടാക്കണം എന്നാണ് ഞാനിപ്പോൾ ചിന്തിക്കാറുള്ളത്…
“ഉറങ്ങാറുണ്ടാവില്ല അവളോളം വൈകി, യൊരു നക്ഷത്രവും!
ഒരൊറ്റ സൂര്യനും അവളേക്കാൾ നേർത്തെ പിടഞ്ഞെണീറ്റീലാ…”
എന്ന ആറ്റൂർ വരികൾ ഇത്ര തീക്ഷ്ണമായി ഉൾക്കൊള്ളുന്നത് ഇപ്പോഴാണ്…തുറന്നു കിടന്ന് നമ്മെ യാത്രയാക്കുന്ന ഒരു വീടും, പൂട്ടിയിറങ്ങേണ്ടി വരുന്ന ഒരു വീടും രണ്ടും രണ്ടാണ്. അമ്മയും അച്ഛനും എന്തായിരുന്നുവെന്ന് അറിയുന്നതിപ്പോഴാണ്…വാതിലിൻ്റെ പൂട്ടുതുറന്ന് മക്കളോടൊപ്പം അകത്തേക്കു കയറുമ്പോൾ എന്നും അമ്മയെ ഓർമ്മ വരും…അമ്മയുണ്ടാക്കി വെച്ച ചായ അൽപ്പമൊന്ന് തണുത്താൽ ഞാനത് വാഷ്ബേസിനിൽ ഒഴുക്കിക്കളയാറുണ്ട്.. അമ്മ പാത്രത്തിലടച്ചു വെച്ച ഭക്ഷണം എടുക്കാതെ കോളേജിലേക്ക് എത്രയോ തവണ ഞാൻ നടന്നു നീങ്ങിയിട്ടുണ്ട്.. എത്രയെത്ര പുറകോട്ടു വിളികളെ അവഗണിച്ചിട്ടുണ്ട്.. “ഇന്ന് കോളേജില് ഞങ്ങൾക്കൊരു ട്രീറ്റുണ്ട് ” എന്നും പറഞ്ഞ് നടന്നു നീങ്ങുമ്പോഴൊന്നും ഓർക്കാറില്ല, അടുക്കളയിലെ അമ്മയുടെ അധ്വാനങ്ങളെ… “ഞാൻ, കാൻ്റീനീന്നു കഴിച്ചോളാ”മെന്ന് പറഞ്ഞ് ആ ചോറ്റുപാത്രത്തെ നിസ്സാരമായി അവഗണിക്കുമ്പോഴും അതിൻ്റെ മൂല്യം തിരിച്ചറിഞ്ഞിരുന്നില്ല.
തിരക്കുകൾക്കിടയിൽ മറന്നു വെച്ച ആറിത്തണുത്ത കാപ്പി ഇപ്പോൾ കളയാൻ തോന്നാറില്ല..രാവിലെ വണ്ടി വന്ന് ഹോണടിക്കുമ്പോൾ അച്ഛനെ ഓർമ്മ വരും.. മോളെയും മോനെയും യാത്രയാക്കാനും എടുക്കാനും അച്ഛനുണ്ടായിരുന്നു… മോൾടെ വണ്ടി വരാൻ വൈകുന്തോറും ഇപ്പോൾ ആധിയേറും.. അവൾ പോയിട്ട് വേണം എനിക്ക് കോളേജിൽ പോകാൻ.. ഒരു കാര്യവുമില്ലെങ്കിലും കോളേജിൽ ചുറ്റിത്തിരിയുന്ന പതിവു നിർത്തി. മോനിറങ്ങുമ്പോഴേക്കും ഗേറ്റിലെത്തണം.. അവനെയും കൊണ്ട് മോളെ എടുക്കാൻ പോണം. തിരിച്ചു വരുമ്പോൾ പച്ചക്കറിക്കടയിലും പലചരക്കുകടയിലും കേറണം… ഗ്യാസെന്നു തീരുമെന്ന് ആശങ്കപ്പെടണം.. എനിക്കൊന്ന് പനിച്ചാൽ ഞാനെന്തു ചെയ്യുമെന്ന് ആധിപിടിക്കണം…പഴയ പോലെ,ഒറ്റസ്നാപ്പിൽ ഒതുക്കാനാവുന്നില്ല ഒരു ജന്മസത്യം!
ഞാനെഴുതിയില്ലെങ്കിലും മലയാള സാഹിത്യം ഇടിഞ്ഞു പൊളിഞ്ഞുവീഴില്ല. പക്ഷേ മക്കൾ.. അവർക്കിപ്പോൾ എന്നെ വേണം… അവരുടെ ഭൂതകാലക്കുളിരിലെ സുപ്രധാന കഥാപാത്രം ഞാൻ തന്നെയായിരിക്കണം……അതു കൊണ്ട്……… അതു കൊണ്ടു മാത്രമാണീ മൗനം……ഈ തിരക്കിനേയും അതിജീവിച്ച് ഞാൻ തിരികെ വരും……