ആയുർവേദ വൈദ്യന്മാരുടെ വർത്തമാനത്തിൽ അവരറിയാതെ തന്നെ സംസ്കൃതം കടന്നു കൂടും ശ്രോതാവ് രോഗിയാണെങ്കിൽ സംസ്കൃതം അറിഞ്ഞു കൂടാ എങ്കിൽ രോഗനിർണയവും കുറിപ്പടിയും തെറ്റും.
ഒരാൾ വയസ്കര തിരുമേനിയെ കാണാൻ പോയി. രോഗലക്ഷണങ്ങൾ പറഞ്ഞു. തിരുമേനി എല്ലാം സശ്രദ്ധം കേട്ടതിനു ശേഷം ചോദിച്ചു : ”വിരേചന ഉണ്ടോ ?”
”ഒന്നും രണ്ടും മാസം കൂടുമ്പോഴേ ഉള്ളൂ ”
തിരുമേനിക്ക് അത്ഭുതം. അഷ്ടവൈദ്യത്തിൽ അങ്ങിനെ ഒന്നില്ല.
അടിയന്റെ കെട്ടിയാൾ ചത്തുപോയി. അവടനിയത്തി വരുമ്പോഴേ ഉള്ളൂ. ചിലപ്പോൾ മാസാമാസം വരും. ചിലപ്പോൾ രണ്ടു മാസമൊക്കെ ആയിപ്പോകും
ഐ.എ.എസ് ഓഫീസര്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഡോ. ഡി.ബാബുപോളിന്റെ പുസ്തകങ്ങളിൽ നിന്നും അദ്ദേഹത്തിന്റെ സുഹൃത്തും സമകാലികനുമായ ആർ പ്രഭാകരൻ തിരഞ്ഞെടുത്ത നർമ്മ കഥകളുടെ സമാഹരണമാണ് ‘ബാബുപോളിന്റെ ചിരി’. തികച്ചും രസകരമായ ഒരു വായനാനുഭവം നൽകുന്ന കൃതി ഹാസ്യത്തിലും ആക്‌ഷേപഹാസ്യത്തിലും സമര്‍ത്ഥനായ അദ്ദേഹത്തിന്റെ ചിരിമുത്തുകളുടെ വിവരണമാണ്.
ബാബുപോളിന്റെ കഥ ഇതുവരെ, നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ തുടങ്ങിയ 15 കൃതികളില്‍ നിന്ന് തിരഞ്ഞെടുത്ത 157 ചിരിമുത്തുകളാണ് ബാബുപോളിന്റെ ചിരിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിഷയാടിസ്ഥാനത്തില്‍ 15 ഭാഗങ്ങളായി തിരിച്ച് അവയെ സമാഹരിച്ചിരിക്കുന്നു.
ബോധപൂർവ്വം നർമ്മം പറയുകയോ എഴുതുകയോ ചെയ്യുന്ന ആളല്ല ഞാൻ. സോക്രട്ടീസും സുന്ദരൻ നാടാരും ‘എന്ന കൃതിയും നർമ്മ കൈരളി പോലെ നാട്ടിലും ഫൊക്കാനയുടെയും ഫോമയുടെയും ചിരിയരങ്ങുകൾ പോലെ അമേരിക്കയിലും നടത്തിയിട്ടുള്ള അഭ്യാസങ്ങളും യൗവ്വനത്തിലെ അപഭ്രംശങ്ങൾ എന്ന് കരുതിയാൽ മതി.എങ്കിലും എന്റെ രചനകൾ തിരഞ്ഞാൽ വായനക്കാരന് ഇഷ്ടപ്പെടുന്ന നർമ്മഅംശങ്ങൾ കാണാം എന്ന് എന്റെ പഴയ സഹപ്രവർത്തകൻ ശ്രീ പ്രഭാകരൻ കണ്ടെത്തിയത് എന്നെ സന്തോഷിപ്പിക്കുന്നു. പുസ്തകത്തിന്റെ ആമുഖത്തിൽ ബാബുപോൾ പറയുന്നു.
വായിച്ചറിഞ്ഞതും സ്വതസിദ്ധമായ നര്‍മ്മബോധത്തില്‍ നിന്ന് ഉണ്ടാകുന്നതും ഔദ്യോഗിക ജീവിതത്തിലും സാഹിത്യജീവിതത്തിലും വ്യക്തിജീവിതത്തിലും സംഭവിച്ചവയുമെല്ലാം ബാബുപോള്‍ തന്റെ എഴുത്തിനുള്ള വിഷയമാക്കുന്നത് ബാബുപോളിന്റെ ചിരിയില്‍ വായിച്ചെടുക്കാം. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ കഥാപാത്രങ്ങളായി കടന്നുവരുന്നത് ആസ്വാദ്യത വര്‍ദ്ധിപ്പിക്കുന്നു.
രസകരമായ വായനാനുഭവം പകര്‍ന്നുതരുന്ന ബാബുപോളിന്റെ ചിരി പ്രസിദ്ധീകരിച്ചത് 2014ല്‍ ആണ്. ഇപ്പോള്‍ പുസ്തകത്തിന്റെ മൂന്നാം പതിപ്പാണ് വിപണിയിൽ.