തന്റേതുമാത്രമായ വാക്കുകളും പ്രയോഗങ്ങളുംകൊണ്ട് മലയാളത്തിലെ മറ്റെല്ലാ എഴുത്തുകാരില്‍ നിന്നും ഒറ്റപ്പെട്ടുനിന്ന വൈക്കം മുഹമ്മദ് ബഷീര്‍ മലയാള സാഹിത്യത്തിലെ മൗലികപ്രതിഭയാണ്. ജീവിതം കൊണ്ടും സാഹിത്യം കൊണ്ടും ഇന്നും വായനക്കാരെ വിസ്മയം കൊള്ളിച്ചുകൊണ്ടിരിക്കുന്ന ബഷീറിന്റെ ജന്മദിനം എന്ന കഥാസമാഹാരത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇപ്പോൾ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജന്മദിനം , ഐഷുകുട്ടി , ടൈഗർ , നൈരാശ്യം , കള്ളനോട്ട് , ഒരു ചിത്രത്തിന്റെ കഥ , സെക്കന്റ് ഹാൻഡ് , ഒരു ജയിൽ പുള്ളിയുടെ ചിത്രം എന്നീ എട്ട് കഥകളാണ് ജന്മദിനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ജന്മദിനത്തിൽ നിന്നൊരു ഭാഗം
മകരം 8 ാം തീയതി : ഇന്ന് എന്റെ ജന്മദിനമാണ്. പതിവിനു വിപരീദമായി വെളുപ്പിനെ ഞാൻ എണീറ്റ് കുളി മുതലായവയൊക്കെ കഴിച്ചു. ഇന്നേക്ക് കരുതി വച്ചിരുന്ന ഖദർ ഷർട്ടും , വെള്ള ഖദർ മുണ്ടും വെള്ള ക്യാൻവാസ് ഷൂസും ധരിച്ച് മുറിയിൽ എന്റെ ചാരുകസേരയിൽ വേവുന്ന ഹൃദയത്തോടെ ഞാൻ മലർന്നു കിടക്കുകയായിരുന്നു. എന്നെ വെളുപ്പിനേ കണ്ടതിനാൽ എന്റെ മുറിയുടെ അടുത്ത് വലിയ നിലയിൽ കഴിഞ്ഞു കൂടുന്ന ബി എ വിദ്യാർഥി മാത്യുവിന് വലിയ അത്ഭുതം തോന്നി. അദ്ദേഹം മന്ദഹാസത്തോടെ എനിക്ക് പ്രഭാതവന്ദനം നൽകി.
‘ഹലോ , ഗുഡ്മോർണിംഗ് !’
ഞാൻ പറഞ്ഞു
യെസ് ഗുഡ്മോർണിംഗ്.’
അദ്ദേഹം ചോദിച്ചു
എന്താ ഇന്ന് പതിവില്ലാത്തതുപോലെ വെളുപ്പിനെ ??… വല്ലടത്തും പോകുന്നുണ്ടോ ?
ഓ , ഒന്നുമില്ല ‘ ഞാൻ പറഞ്ഞു : ഇന്ന് എന്റെ ജന്മദിനമാണ്.’
‘ യുവർ ബർത്ത് ഡേ ?’
‘യെസ് ‘
”ഓ … ഐ വിഷ് യു മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ !”
‘താങ്ക്‌യു ‘
മാത്യു കയ്യിലിരുന്ന ബ്രഷ് കടിച്ചു പിടിച്ചുകൊണ്ട് കുളിമുറിയിലേക്ക് പോയി. അങ്ങുമിങ്ങുമായി കൂക്കിവിളി , ബഹളം : ഇടയ്ക്ക് ശൃംഗാരഗാനങ്ങൾ. വിദ്യാർഥികളും ക്ലർക്കന്മാരുമാണ്. വല്ലോർക്കും വല്ല അല്ലലുമുണ്ടോ ? ജീവിതം ഉല്ലാസകരം . ഞാൻ ഒരു ചെറിയ ചായയ്ക്ക് എന്തുവഴി എന്ന് ആലോചിക്കുകയായിരുന്നു. ഉച്ചയ്ക്കുള്ള ഊണിന്റെ കാര്യം ഉറച്ചിട്ടുണ്ടായിരുന്നു. അകാരണമായി ഹമീദ് എന്നെ ഉണ്ണാൻ ക്ഷണിച്ചു.
മണി ഏഴ് ഞാൻ എന്റെ ചാരുകസേരയിൽ കിടന്നുകൊണ്ട് ഓർത്തു : ഈ ദിനമെങ്കിലും കളങ്കമില്ലാത്ത സൂക്ഷിക്കണം. ആരോടും ഇന്ന് കടം വാങ്ങരുത്. ഒരു കുഴപ്പവും ഇന്ന് ഉണ്ടാകരുത്. ഇന്നെനിക്ക് ഏത്ര വയസ്സ് കാണും ? കഴിഞ്ഞ കൊല്ലത്തേക്കാൾ ഒന്ന് കൂടീട്ടുണ്ട്. കഴിഞ്ഞ കൊല്ലത്തിൽ ? ഇരുപത്തിയാറ് ?…. അല്ല മുപ്പത്തിരണ്ട് ; അതോ നാൽപത്തി ഏഴോ ?
മണിക്കൂറുകൾ കടന്നുപോയി ഉച്ചയൂണിനു ക്ഷണിച്ച ഹമീദ് സന്ധ്യയോടെയേ വീട്ടിൽ എത്തുകയുള്ളൂ എന്ന അറിവ് എന്നെ വിശപ്പിന്റെ വിഷമത്തിലാക്കി. പരിചയക്കാരെല്ലാം കണ്ട ഭാവം നടിക്കാതെ കടന്നു പോകുന്നു. ‘ സഖാക്കളെ ഇന്ന് എന്റെ ജന്മദിനമാണ് . എനിക്ക് മംഗളം ആശംസിച്ചിട്ടു പോകുവിൻ എന്ന് എന്റെ ഹൃദയം മന്ത്രിച്ചു.
മണി രാത്രി ഒമ്പത് : ഞാൻ പായ വിരിച്ചു കിടന്നു. കണ്ണുകൾ അടയുന്നില്ല. തലയ്ക്കു നല്ല വിങ്ങലും , എങ്കിലും ഞാൻ ഓർത്തു ലോകത്തിലെ നിസ്സഹായരെ പറ്റി. എത്രകോടി സുന്ദരന്മാരും സുന്ദരികളും ഈ സുന്ദരമായ ഭൂഗോളത്തിൽ പട്ടിണി കിടക്കുന്നു. അക്കൂട്ടത്തിൽ ഞാനും അത്രതന്നെ. പെട്ടെന്ന് എന്റെ വായിൽ ഉമിനീർ നിറഞ്ഞു. മാത്യുവിന്റെ അടുക്കളയിൽ കടുക് വറക്കുന്ന ശബ്ദം. വെന്തു മലർന്ന ചോറിന്റെ വാസനയും.
ശബ്ദം കേൾപ്പിക്കാതെ ഹൃദയത്തുടിപ്പോടെ ഞാൻ വാതിൽ പതുക്കെ തുറന്നു അടുക്കളയ്ക്കകത്തു കയറി. സംതൃപ്തമായ നിറഞ്ഞ വയറോടെ ഞാൻ വെളിയിൽ ഇറങ്ങി. പൈപ്പിൽ നിന്ന് വെള്ളംകുടിച്ച് ഞാൻ എന്റെ മുറിയിൽ വന്നു ഒരു ബീഡി കത്തിച്ചു. അകെ സുഖസംതൃപ്തം . ഞാൻ കിടന്നു ….
‘ഹലോ മിസ്റ്റർ ‘ ! മാത്യുവിന്റെ ശബ്ദം ! എനിക്കു വിയർപ്പു പൊട്ടി. എന്റെ ഉറക്കം പമ്പ കടന്നു ………