പകലന്തിയോളം പാടത്ത് പണിയെടുത്ത് കതിര്‍ക്കുടങ്ങള്‍ വിളയിപ്പിക്കുന്ന അവശരും മര്‍ദ്ദിതരുമായ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ വര്‍ഗബോധത്തോടെ ഉയര്‍ത്തെഴുനേറ്റ് ചൂഴണത്തെ പരാജയപ്പെടുത്തുന്ന വീരോജ്ജ്വലവും വികാരനിര്‍ഭരവുമായ കഥയുടെ ആവിഷ്‌കാരമാണ് തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴി. കുട്ടനാട്ടിലെ പാടത്ത് പണിയെടുത്ത് കേരളത്തിനുണ്ണാന്‍ നെല്ലു വിളയിച്ച കര്‍ഷകത്തൊഴിലാളിയുടെ ജീവിതം യഥാര്‍ത്ഥമായി ആവിഷ്‌ക്കരിക്കുയാണ് തകഴി ഈ നോവലില്‍.
തനിക്കു ചുറ്റിനും നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ പോരാടുന്ന കോരന്‍ എന്ന കഥാപാത്രത്തിനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥ വികസിക്കുന്നത്. ജന്മിയായ പുഷ്പവേലില്‍ ഔസേപ്പിന്റെ ഓണപ്പണിക്കാരന്‍ ആണ് കോരന്‍. ജന്മിയുടെ നിലത്താണെങ്കിലും, കൃഷിപ്പണികള്‍ നടത്തുന്നത് കോരനാണ്. എന്നാല്‍ ഒടുവില്‍ ഒരു കറ്റ എടുത്തപ്പോള്‍ ജന്മിയുടെ ആജ്ഞ കാരണം കോരന് അത് തിരികെ വെയ്‌ക്കേണ്ടി വന്നു. അധ്വാനം മാത്രം തന്റേതും, ഫലം അനുഭവിക്കേണ്ടത് ജന്മിയാണെന്നുമുള്ള യാഥാര്‍ത്ഥ്യം കോരര്‍ തിരിച്ചറിയുന്നു. അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കൂലി നെല്ലായി കൊടുക്കാതെ പൂഴ്ത്തിവെച്ച ജന്മിയോടു കൂലി നെല്ല് മതി എന്ന് കയര്‍ത്തു സംസാരിക്കുന്നിടത്തേയ്ക്ക് കോരനെത്തുന്നു. ഒടുവില്‍ തീര്‍ത്തും ഒരു പ്രക്ഷോഭകാരിയായി മാറുന്നിടത്തേക്കും വരെ അത് ചെന്നെത്തിക്കുന്നു.
ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ജന്മിയുടെ മകനെ കൊന്നകുറ്റത്തിന് കോരന് ജയിലില്‍ പോകേണ്ടി വരുന്നു. ആ സന്ദര്‍ഭത്തില്‍ ഗര്‍ഭിണിയായ ഭാര്യയെ വിശ്വാസപൂര്‍വ്വം ഏല്‍പ്പിക്കുന്നത് സുഹൃത്തായ ചാത്തനെയാണ്. ജയില്‍വാസം കഴിഞ്ഞ് തിരിച്ചുവരുന്ന കോരന് ചിരുതയെയും മകനെയും ചാത്തന്‍ തിരിച്ചേല്‍പ്പിക്കുന്നിടത്ത് നോവല്‍ അവസാനിക്കുന്നു. സാമൂഹ്യവും സാംസ്‌കാരികവുമായി പശ്ചാത്തലത്തിലാണ് കഥാവതരണം നടത്തിയിട്ടുള്ളത്. ആ പശ്ചാത്തലത്തിന്റെ ചലനാത്മകതയും, വര്‍ഗ്ഗസമരം ആ ചലനാത്മകതയ്ക്ക് പകരുന്ന ആവേശവുമാണ് ഈ നോവലിനെ ശ്രദ്ധേയമാക്കി മാറ്റിയത്.
എല്ലാ ഇന്ത്യന്‍ ഭാഷകളിലേയ്ക്കും ഒട്ടുവളരെ വിദേശഭാഷകളിലേയ്ക്കും വിവര്‍ത്തനം ചെയ്യപ്പെട്ട കൃതി തകഴിയുടെ വിശ്വവിഖ്യാതമായ നോവലുകളിലൊന്നാണ്. കാലത്തെ അതിജീവിച്ചു നില്‍ക്കുന്ന രണ്ടിടങ്ങഴി 1948ലാണ് പ്രസിദ്ധീകരിക്കുന്നത്. നോവലിനെ അസ്പദമാക്കി നിര്‍മിച്ച മലയാള ചലച്ചിത്രവും ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. തകഴി ശിവശങ്കര പിള്ളയുടെ വിഖ്യാത നോവലിന് അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി. നീലാ പ്രൊഡ്ക്ഷന്‍സിന്റെ ബാനറില്‍ മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ പി. സുബ്രഹ്മണ്യം നിര്‍മിച്ച രണ്ടിടങ്ങഴി അദ്ദേഹംതന്നെ സംവിധാനവും നിര്‍വഹിച്ചു. കുമാരസ്വാമി ആന്‍ഡ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1958 ഓഗസ്റ്റ് 24ന് പ്രദര്‍ശനത്തിനെത്തി. മിസ് കുമാരി, പി.ജെ. ആന്റണി, ടി.എസ്. മുത്തയ്യ, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രത്തിന് ദേശീയചലച്ചിത്ര പുരസ്‌കരവും ലഭിച്ചു.