ജീവിതം ഓടുകയാണ്. വളരെ വേഗത്തിൽ , ആർക്കും പിടിതരാതെ. ഒടുവിൽ ലക്ഷ്യപ്രാപ്തിയിലെത്തുമ്പോൾ ശരീരം തളരുന്നു. കാലചക്രം തിരിയുന്നതിനനുസരിച്ച് നട്ടം തിരിയുന്ന നമ്മൾ രോഗങ്ങൾക്കടിപ്പെടുമ്പോൾ മാത്രമാണ് ആരോഗ്യത്തെ പറ്റി ചിന്തിക്കുന്നത്. പൂർണ്ണ ആരോഗ്യത്തോടെ ജീവിതം ധന്യമാക്കാൻ ഒരൽപം ശ്രദ്ധ മാത്രം മതി. ശ്രേഷ്‌ഠമായ ഈ മനുഷ്യജന്മത്തിൽ നമുക്കും മറ്റുള്ളവർക്കും പ്രയോജനമാകുന്ന എന്തെങ്കിലും ചെയ്യണമെങ്കിൽ ആരോഗ്യമുള്ള മനസും ശരീരവും കൂടിയേ തീരൂ. ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ. ആയുർവേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണിത്. താളം തെറ്റിയ ശരീര മനസുകളെ ചിട്ടയായ യോഗാചാര്യയിലൂടെ മാറ്റിയെടുക്കുകയാണ് യോഗാചാര്യ എം ആർ ബാലചന്ദ്രൻ.
ലോകത്താകമാനം മുതിർന്നവരിലും കുട്ടികളിലും സർവ്വ സാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ് ആസ്ത്മ. ചിട്ടയായ യോഗാചാര്യയിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും പൂർണ്ണമായി ഭേദമാക്കാൻ സാധിക്കുന്ന രോഗമാണ് ആസ്തമ. 27 വർഷമായി കോട്ടയത്ത് കുമാര നെലൂരിൽ മീനച്ചിലാറിന്റെ തീരത്ത് നിത്യാനന്ദ യോഗാകേന്ദ്രം നടത്തി വരുന്ന യോഗാചര്യ എം ആർ ബാലചന്ദ്രന്റെ ‘ആസ്തമ : യോഗയിലൂടെ ആശ്വാസം‘ എന്ന പുസ്തകം ആസ്മരോഗം മൂലം നരകയാതന അനുഭവിക്കുന്ന രോഗികൾക്ക് ഒരാശ്വാസമാണ്.
പരിസ്ഥിതി മലിനീകരണവും ആധുനിക ജീവിതശൈലികളും മാനസിക പിരിമുറുക്കവുമാണ് ആസ്ത്മയുടെ മുഖ്യ കാരണങ്ങൾ. ശ്വാസകോശ സംബന്ധമായ ഈ അസുഖത്തെ അതിജീവിക്കാൻ ചിട്ടയായ യോഗാചര്യയിലൂടെ നിഷ്പ്രയാസം സാധിക്കും. ആസ്തമയെ പ്രതിരോധിക്കാനുള്ള ലളിതമായ യോഗാസനങ്ങളും ഭക്ഷണ ക്രമങ്ങളുമാണ് ആസ്തമ യോഗയിലൂടെ ആശ്വാസം എന്ന ഗ്രന്ഥത്തിന്റെ പ്രമേയം.
മറ്റു ലക്ഷണങ്ങളൊന്നും ഉണ്ടാകാത്ത ലക്ഷണം തന്നെയാണ് ആസ്തമ എന്ന രോഗത്തിന്റെ ലക്ഷണം. പല അസ്വസ്ഥതകളിലും തുടങ്ങി ദീർഘനാൾ കഴിഞ്ഞു മാത്രമേ ആസ്തമ രോഗം മനസിലാക്കാൻ സാധിക്കുകയുള്ളൂ. പ്രാരംഭത്തിൽ തന്നെ കണ്ടുപിടിച്ച് കൃത്യമായ പ്രതിവിധികൾ എടുത്താൽ പൂർണ്ണമായും കീഴ്പ്പെടുത്തതാവുന്ന ഒരു അസുഖമാണ് ആസ്തമ എന്നാണു അനുഭവത്തിന്റെ വെളിച്ചത്തിൽ യോഗാചാര്യ പറയുന്നത്.കോട്ടയത്ത് എം ജി രാഘവൻ പിള്ളയുടെയും , കമലാക്ഷിയമ്മയുടെയും മകനായി 1962 ലാണ് എം ആർ ബാലചന്ദ്രൻ ജനിച്ചത്. ചിത്രകലയിൽ ഡിപ്ലോമ നേടിയ ബാലചന്ദ്രൻ രണ്ടര ദശാബ്ദത്തോളം പത്രമാധ്യമങ്ങളിൽ ആർട്ടിസ്റ്റായി ജോലിചെയ്തു. വൈദ്യരത്നം ഡോ. ആർ രാഘവനിൽ നിന്നും യോഗവിദ്യ അഭ്യസിച്ച ബാലചന്ദ്രൻ 27 വർഷമായി കുമാരനെല്ലൂരിൽ നിത്യാനന്ദ യോഗാകേന്ദ്രം എന്ന സ്ഥാപനം നടത്തിവരുന്നു.
എം ആർ ബാലചന്ദ്രന്റെ യോഗ: അടിസ്ഥാന പാഠങ്ങൾ , ആസ്തമ : യോഗയിലൂടെ ആശ്വാസം , യോഗ : സന്ധിവാതമുക്തിക്ക് , യോഗ : നടുവേദനായകറ്റാൻ , യോഗ : കുട്ടികൾക്ക് എന്നീ പുസ്തകങ്ങൾ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. ആസ്തമ : യോഗയിലൂടെ ആശ്വാസം എന്ന പുസ്തകം 2014 ലാണ് ഡി സി ബുക്സ് ആദ്യമായി പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ മൂന്നാം പതിപ്പാണ് ഇപ്പോൾ വിപണിയിൽ.