വളരെ വിസ്തൃതമായി വ്യാപിച്ചു കിടക്കുന്ന ഒന്നാണ് നിയമരംഗം. നിയമങ്ങളേക്കുറിച്ചുള്ള അജ്ഞതയും, ഓരോ വ്യക്തിയുടേയും അവകാശങ്ങളേക്കുറിച്ചും കടമകളേക്കുറിച്ചും പരിമിതികളേക്കുറിച്ചും ഉള്ള ധാരണയില്ലായ്മയും നിരവധി സംഘര്‍ഷങ്ങളാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയില്‍ നമ്മുടെ നിയമനടപടികളെക്കുറിച്ചും നിയമപുസ്തകങ്ങളെക്കുറിച്ചുമുള്ള പ്രാഥമിക വിവരങ്ങളടങ്ങുന്ന പുസ്തകമാണ് അഡ്വ. ടി.സി.ഉലഹന്നാന്‍ രചിച്ച നമ്മള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍.
പിതാവിന്റെ സ്വത്തിന്റെ അവകാശിയാര്.?, നിയമവിരുദ്ധമായ പോലീസ്‌കസ്റ്റഡി എന്താണ്, എസ്.എസ്.എല്‍.സി ബുക്ക് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യണം? തുടങ്ങി നമ്മുടെ കോടതി, മനുഷ്യവകാശ നിയമങ്ങള്‍, ഐ.ടി. ആക്ട് മുതലായവ വരെയുള്ള വിവരങ്ങള്‍ പുസ്തകത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. നിയമപുസ്തകങ്ങളിലെ കഠിന പദപ്രയോഗങ്ങളും വാക്യങ്ങളും സാധാരണക്കാര്‍ക്ക് മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ കഴിയാതെ വരുന്ന സാഹചര്യത്തില്‍ സാമൂഹിക പുരോഗതിക്ക് തടസ്സമുണ്ടാവാറുണ്ട്. അതിനെ മറികടക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ ടി.സി.ഉലഹന്നാന്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ എന്ന പുസ്തകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
നിയമരംഗങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ കലര്‍ന്ന അറിവ് മാറ്റി ശരിയായ അറിവ് പകര്‍ന്നുതരുന്ന പുസ്തകമാണ് നമ്മള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍. 2015 ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പാണ് പുറത്തുള്ളത്.
1945 നവംബര്‍ 14ന് കൂത്താട്ടുകുളത്ത് ജനിച്ച അഡ്വ. ടി.സി.ഉലഹന്നാന്‍ കുറുവിലങ്ങാട് ദേവമാതാ കോളേജ്, ഇന്‍ഡോര്‍ യൂണിവേഴ്‌സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1976ല്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം ഹൈക്കോടതിയില്‍ ഗവണ്‍മെന്റ പ്ലീഡറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഭിഭാഷകവൃത്തിയിലെ ആഭിചാരങ്ങള്‍, പ്രമേഹ ചികിത്സാ രഹസ്യങ്ങള്‍, ഖാലിസ്ഥാന്‍, അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം , ഉദരരോഗ ചികിത്സാ രഹസ്യങ്ങള്‍ എന്നിവയാണ് അഡ്വ. ടി.സി.ഉലഹന്നാന്റെ പ്രധാന രചനകള്‍. മെയ് 27ന് അദ്ദേഹം അന്തരിച്ചു.