മലയാളികള്‍ അടുത്തകാലത്ത് ഏറ്റവും അധികം വായിച്ച വിദേശ എഴുത്തുകാരനാണ് പൗലോ കോയ്‌ലോ എന്ന കാര്യം നിസ്തർക്കമാണ്. ലാറ്റിൻ അമേരിക്കൻ എഴുത്തുകാരിൽ ഗബ്രിയേല്‍ ഗാര്‍സ്യ മാക്കേസിന് ശേഷം മലയാളത്തില്‍ ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരന്‍ കോയ്‌ലോ തന്നെ. എന്നാല്‍ മാര്‍ക്കേസിനില്ലാത്ത ഒരു പ്രത്യേകതയുണ്ട് പൗലോ കോയ്‌ലോയ്ക്ക്. അതെന്താണെന്നല്ലേ… ഒരു മലയാള സിനിമയുടെ കേന്ദ്ര കഥാപാത്രമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കോയ്‌ലോ’ എന്ന സിനിമയിൽ പൗലോ കോയ്‌ലോ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ആ സിനിമയുടെ പേരിലും മുന്നോട്ട് പോക്കിലും എല്ലാം കോയ്‌ലോ ഉണ്ട്. കുഞ്ചാക്കോ ബോ ബനും മാസ്റ്റര്‍ രുദ്രാക്ഷും അഭിനയിച്ച സിനിമ തരക്കേടില്ലാത്ത പ്രേക്ഷകാഭിപ്രായം നേടിയിരുന്നു.
പൗലോ കോയ്‌ലോയുടെ ഏറ്റവും പ്രസിദ്ധമായ പുസ്തകമായ ‘ദ ആല്‍ക്കെമിസ്റ്റിൽ ഏറെ തത്വചിന്താപരവും പ്രചോദനാത്മകവും ആയ ഒരു വാചകം ഉണ്ട്. ‘നിങ്ങള്‍ എന്തെങ്കിലും നേടണം എന്ന് അത്രയേറെ ആഗ്രഹിക്കുകയാണെങ്കില്‍, ഈ പ്രകൃതി മുഴുവന്‍ അതിനായി നിങ്ങള്‍ക്ക് വേണ്ടി ഗൂഢാലാചോന നടത്തും’ എന്നതാണത്. സിദ്ധാര്‍ത്ഥ് ശിവയുടെ സിനിമ തന്നെ മുന്നോട്ട് പോകുന്നത് ഈ ഒരു ഉദ്ധരണിയുടെ പുറത്താണ്. കൊച്ചൗവ്വ എന്ന കഥാപാത്രം ശരിക്കും പൗലോ കോയ്‌ലോ ആവേശിച്ച ഒരു മനുഷ്യനാണ്
ഒരു സാധാരണ മനുഷ്യന്‍ അസാമാന്യനാകാന്‍ ഒരു പുസ്തകത്തിന് ശേഷിയുണ്ടെന്ന് തന്നെയാണ് ഈ സിനിമയിലൂടെ സിദ്ധാര്‍ത്ഥ് ശിവയും പറയുന്നത്. ലോക ചരിത്രത്തില്‍ തന്നെ ഇത്തരം ഒരു സിനിമ അപൂര്‍വ്വമാകും. തന്റെ പേരും പുസ്തകവും ആയി ബന്ധപ്പെട്ട് മലയാളത്തില്‍ ഒരു സിനിമയിറങ്ങിയ കാര്യം പൗലോ കോയ്‌ലോയും അറിഞ്ഞിരുന്നു സിനിമയെ കുറിച്ചുള്ള വാര്‍ത്ത അദ്ദേഹം ഒരിക്കല്‍ സ്വന്തം അക്കൗണ്ടില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ലോകത്ത് അടുത്ത കാലത്ത് ഇത്രയേറെ വായിക്കപ്പെട്ട മറ്റൊരു പുസ്തകം ഉണ്ടാകാന്‍ ഇടയില്ല. ജീവിതം ഇരുളടഞ്ഞുപോയ ഒരുപാട് പേര്‍ക്ക് പ്രകാശം നല്‍കിയ പുസ്തകം തന്നെ ആയിരുന്നു ആല്‍ക്കെമിസ്റ്റ്. ഒരു നോവലിലെ ഒരു വാചകം ഒരു സിനിമയ്ക്ക് തന്നെ പ്രചോദനമാവുക എന്നത് രസകരമായ കാര്യമാണ്. ആ എഴുത്തുകാരനെ സംബന്ധിച്ച് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്ന് തന്നെയാണത്. അക്കാര്യത്തില്‍ ഒരു മലയാള സിനിമയുടെ പേരില്‍ പൗലോ കോയ്‌ലോയ്ക്ക് അഭിമാനിക്കുകയും ചെയ്യാം.