കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള പാനീയമാണ് ജ്യൂസുകൾ. ജലാംശം കൂടുതലുള്ള ഇവ പോഷക സമൃദ്ധമാണ്. നേരവും കാലവും നോക്കാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ജ്യൂസുകൾ ആര്‍ക്കും ആരോഗ്യം പ്രദാനം ചെയ്യുന്നവയാണ്. എന്നാൽ ഇന്ന് പുറത്തുനിന്ന് ജ്യൂസ് കഴിക്കാന്‍ പലര്‍ക്കും അത്ര ധൈര്യം പോരാ. ജ്യുസ് ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന പഴവര്‍ഗങ്ങള്‍ നല്ലതാണോ, വൃത്തിയോടുകൂടിയാണോ തയ്യാറാക്കുന്നത് തുടങ്ങിയ ചിന്തകള്‍ കാരണം ജ്യൂസ് കഴിക്കാം എന്ന മോഹം തന്നെ ഉപേക്ഷിക്കുകയാണ് നമ്മൾ.
നിത്യജീവിതത്തില്‍ ജ്യൂസുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. മാറിയ കാലത്ത് എല്ലാവര്‍ക്കും വീടുകളില്‍ ഉണ്ടാക്കാവുന്ന രുചികരമായ ജ്യൂസുകളുടെ പാചകക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തിയ പുസ്തകമാണ് 100 ജ്യൂസുകള്‍. ആനുകാലികങ്ങളില്‍ സ്ഥിരമായി പാചകക്കുറിപ്പുകള്‍ എഴുതുകയും ചാനല്‍ പരിപാടികള്‍ അവതരിപ്പിക്കുകയും നിരവധി പാചക പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ലില്ലി ബാബു ജോസാണ് എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന രുചിയേറിയ ജ്യൂസുകളുടെ ലോകം നമുക്ക് മുന്നിൽ തുറന്നുതരുന്നത്.
സ്മൂത്തി, കൂള്‍ ഡ്രിങ്‌സ്, മോക് ടെയില്‍സ്, ഷേക്കുകള്‍, സര്‍ബത്ത്, ജ്യൂസുകള്‍, മറ്റ് പാനീയങ്ങള്‍ എന്നീ വിഭാഗങ്ങളിലായി 100 സ്വാദിഷ്ഠപാനീയങ്ങള്‍ തയ്യാറാക്കുന്ന വിധം 100 ജ്യൂസുകള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോഷകമൂല്യങ്ങളാല്‍ സമ്പുഷ്ടവും എളുപ്പത്തില്‍ തയ്യാറാക്കാവുന്നതുമായ ഇവ മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിര്‍മ്മ നല്‍കുന്നതാണ്.
രുചിയൂറും വിഭവങ്ങള്‍, 100 പാനീയങ്ങള്‍, അച്ചാറുകള്‍, മൈക്രോവേവ് പാചകം, തുടക്കക്കാര്‍ക്കുള്ള പാചകം, കുക്കറി ഫോര്‍ ബിഗിനേഴ്‌സ്, പ്രിയരുചികള്‍ തുടങ്ങിയ ലില്ലി ബാബു ജോസിന്റെ പുസ്തകങ്ങളെല്ലാം നമ്മുടെ അടുക്കളയില്‍ പുതുരുചികള്‍ വിളയിക്കുന്നവയാണ്. അക്കൂട്ടത്തില്‍ ഇനിയീ ജ്യൂസുകളും ഇടം പിടിക്കുമെന്ന് തീര്‍ച്ച.