മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ കുറ്റാന്വേഷണ സിനിമ: യവനിക
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ആക്‌ഷേപഹാസ്യസിനിമ : പഞ്ചവടിപ്പാലം
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സ്ത്രീപക്ഷ സിനിമ: ആദാമിന്റെ വാരിയെല്ല്
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ ക്യാമ്പസ് സിനിമ: ഉള്‍ക്കടല്‍
കെ.ജി.ജോര്‍ജ്ജിന്റെ ഓരോ സിനിമയും മലയാളത്തിന് പാഠപുസ്തകങ്ങളാണ്. അതുകൊണ്ടുതന്നെ ജെ.സി.ഡാനിയല്‍ പുരസ്‌കാര നിറവില്‍ നില്‍ക്കുന്ന അദ്ദേഹത്തിന്റെ സിനിമാജീവിതം മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ്. ശ്രദ്ധേയങ്ങളായ ഒരുപിടി ചിത്രങ്ങളിലൂടെ മലയാളസിനിമയില്‍ സ്വന്തമായി ഒരു ഇരിപ്പിടം സൃഷ്ടിച്ച സംവിധായകന്‍ കെ ജി ജോര്‍ജ്ജിന്റെ ആത്മകഥയാണ് ഫ്‌ളാഷ്ബാക്ക്: എന്റെയും സിനിമയുടെയും എന്ന കൃതി. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍ ഇഷ്ടപ്പെടുന്ന വായനക്കാര്‍ക്ക് സസ്‌പെന്‍സും ഗൗരവ ഹാസ്യവും ബന്ധങ്ങളുടെ തീവ്രതയും ഇടകലര്‍ന്ന ഒരു മുന്‍കാല കെ ജി ജോര്‍ജ്ജ് ചിത്രം പോലെ ഈ ഏറ്റുപറച്ചിലുകള്‍ ഇഷ്ടപ്പെടും. ചിത്രങ്ങളുടെ പിന്നണിക്കഥകള്‍ വായനക്കാര്‍ക്കു മുമ്പില്‍ തുറന്നു വെക്കുന്ന ജോര്‍ജ്ജ് ഇരകള്‍ക്കു ശേഷം താന്‍ ചെയ്ത ചിത്രങ്ങള്‍ മോശമായെന്ന കാര്യവും സമ്മതിക്കുന്നു. തിരക്കേറി നിന്ന ഒരു കാലഘട്ടത്തില്‍ മോശം സിനിമകള്‍ ചെയ്യാനിടയായത് തന്റെ അഹങ്കാരം കൊണ്ടു മാത്രമാണെന്നും അദ്ദേഹം ഏറ്റു പറയുന്നു. ആത്മവിമര്‍ശനപരമായ ഈ തുറന്ന സമീപനം തന്നെയാണ് ജോര്‍ജ്ജിന്റെ ആത്മകഥയെ വ്യത്യസ്തമാക്കുന്നതെന്ന് ആമുഖമെഴുതിയ വിഖ്യാത ചലിച്ചിത്രകാരന്‍ അടൂര്‍ ഗോപലാകൃഷ്ണനും വ്യക്തമാക്കുന്നു.
ഈ ആത്മകഥയിലെ പല ഭാഗങ്ങളും പ്രതിപാദനത്തിന്റെ നേര്‍മ്മ കൊണ്ടും സത്യസന്ധതകൊണ്ടും നമ്മെ അതിശയിപ്പിക്കും. മമ്മൂട്ടി, തിലകന്‍, ഭരത്‌ഗോപി തുടങ്ങിയവരുമായി ആഴത്തിലുണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ചും ഫ്‌ളാഷ്ബാക്ക്: എന്റെയും സിനിമയുടെയും എന്ന കൃതി പ്രതിപാദിക്കുന്നു. താരജാഡകള്‍ക്കനുസൃതമായ പ്രതിഫലം നല്‍കാന്‍ തന്റെ സിനിമകള്‍ക്ക് കഴിയാത്തതുകൊണ്ടാണ് സിനിമയില്‍ നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചതെന്ന് ജോര്‍ജ്ജ് അടിവരയിട്ട് പറയുന്നു.
1946ല്‍ തിരുവല്ലയില്‍ ജനിച്ച കെ.ജി. ജോര്‍ജ്ജ് എഴുപതുകളില്‍ മലയാള സിനിമാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സംവിധായകനാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ഡിപ്ലോമ നേടിയ ശേഷം സംവിധായകന്‍ രാമു കാര്യാട്ടിന്റെ അസിസ്റ്റന്റായാണ് തുടക്കം.ആദ്യ സിനിമയായ സ്വപ്നാടനത്തിന് (1975) മികച്ച മലയാളം ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഒമ്പത് സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഉള്‍ക്കടല്‍ (1979), മേള (1980), യവനിക (1982), ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക് (1983), ആദാമിന്റെ വാരിയെല്ല് (1983) പഞ്ചവടിപ്പാലം (1984) ഇരകള്‍ (1986) തുടങ്ങിയവയൊക്കെ മലയാള സിനിമയില്‍ മാറ്റത്തിന്റെ വെളിച്ചം വീശിയവയാണ്. 2015ല്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ ഫെഫ്ക മാസ്‌റ്റേഴ്‌സ് അവാര്‍ഡ് നല്‍കി ജോര്‍ജ്ജിനെ ആദരിച്ചിരുന്നു. 2015ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം അദ്ദേഹത്തിനായിരുന്നു.
The post ഫ്‌ളാഷ്ബാക്ക്: കെ.ജി.ജോര്‍ജ്ജിന്റെയും സിനിമയുടെയും appeared first on DC Books.