ലോകത്ത് പ്രസംഗത്തിന്റെ ഒരു അക്കാദമി രൂപീകരിക്കുന്നുണ്ടെങ്കില്‍, അവിടെ സിലബസില്‍ ചേര്‍ക്കേണ്ടത് മാര്‍ക് ആന്റണിയുടെ ജൂലിയസ് സീസര്‍ ശവസംസ്‌കാര പ്രസംഗമാണെന്ന് ഷേക്‌സ്പിയര്‍ നിരൂപകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രായോഗികതയും വികാരപരതയും നയതന്ത്രജ്ഞതയും പ്രതിഫലിപ്പിക്കുന്ന ഈ പ്രസംഗമാണ് എന്നത്തെയും മികച്ച പ്രസംഗത്തിനുള്ള സാധൂകരണം. പ്രസംഗം ഒരു കലയാണെന്ന് സാധാരണ പറയാറുണ്ടെങ്കിലും അത് മനുഷ്യനെ വ്യഗ്രതയുള്ളവനുമാക്കുന്നുവെന്നാണ് ഫ്രാന്‍സിസ് ബേക്കണ്‍ പറഞ്ഞിരിക്കുന്നത്.
ലോകത്തെ മാറ്റിമറിച്ച പ്രസംഗങ്ങളെക്കുറിച്ചറിയാന്‍ വായനക്കാര്‍ക്ക് ഡി സി ബുക്‌സ് അവസരം ഒരുക്കുന്ന പുസ്തകമാണ് ലോകത്തെ മാറ്റിമറിച്ച പ്രസംഗങ്ങള്‍. ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്വാധീനിക്കാന്‍ കഴിയുന്ന ഒന്നാണ് പ്രസംഗമെന്ന് ഈ പുസ്തകം ചൂണ്ടിക്കാട്ടുന്നു. ഒരൊറ്റ വാക്കിലൂടെ, ഒരു വാചകത്തിലൂടെ, ഒരു പ്രസംഗത്തിലൂടെ അസാധ്യമായി ഒന്നുമില്ലെന്ന് ഇവ നമുക്ക് തെളിവു നല്‍കുന്നു.
യുദ്ധഭാഷണങ്ങള്‍, സാമൂഹിക വിപ്ലവം, സ്വാതന്ത്ര്യവാദം, പ്രതിഷേധം, മതം, ആഹ്വാനം, ആത്മസാധൂകരണം, അനുസ്മരണം, സ്ത്രീവാദം, തുടങ്ങി വിവിധ മേഖലകളിലായി ചരിത്രത്തില്‍ ഇടം നേടിയ പ്രസംഗങ്ങളാണ് ലോകത്തെ മാറ്റിമറിച്ച പ്രസംഗങ്ങള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരുകാലത്ത് ശ്രോതാക്കളെ പ്രചോദിപ്പിക്കുകയും ഇളക്കിമറിക്കുകയും ചെയ്ത 48 പ്രസംഗങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. വിവിധ എഴുത്തുകാര്‍ ചേര്‍ന്ന് തര്‍ജ്ജമ നിര്‍വ്വഹിച്ച ഈ പ്രസംഗങ്ങള്‍ എഡിറ്റ് ചെയ്ത് ഏകോപിപ്പിച്ചത് ഡോ. രാജു വള്ളിക്കുന്നം, വി.ഗീത എന്നിവര്‍ ചേര്‍ന്നാണ്.
കവിത, നാടകം, നിരൂപണം തുടങ്ങിയ സാഹിത്യമേഖലകളില്‍ നിരവധി കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഡോ. രാജു വള്ളികുന്നാം ഒരു ഡോക്യുമെന്ററി സംവിധായകന്‍ കൂടിയാണ്. ആനുകാലികങ്ങളില്‍ എഴുതാറുള്ള വി.ഗീത നിരവധി സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍ ഇംഗ്ലിഷില്‍ നിന്ന് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.
The post ലോകത്തെ മാറ്റിമറിച്ച പ്രസംഗങ്ങള്‍ appeared first on DC Books.