ഈ ഭൂമി മനുഷ്യർക്ക് മാത്രമല്ല, ജന്തുജാലങ്ങൾക്കും വൃക്ഷ സസ്യ–ലതാദികൾക്കും അവകാശപ്പെട്ടതാണ്. എന്നാൽ, മനുഷ്യൻ തന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി പരിസ്ഥിതിയെ നശിപ്പിക്കുമ്പോൾ ഇല്ലാതാകുന്നത് ഇൗ ജന്തുജാലങ്ങൾ കൂടിയാണ്. അവരുടെ ജീവിക്കാനുള്ള അവകാശമാണ് നാം നശിപ്പിക്കുന്നത്. ഇതോടൊപ്പം തന്റെ തന്നെ നാശത്തിലേയ്ക്ക് മനുഷ്യൻ കൂപ്പുകുത്തുന്നു.
പരിസ്ഥിയുടെ പ്രാധാന്യത്തെ കുറിച്ച്, അതിലെ ജീവജാലങ്ങളെ കുറിച്ച് നമ്മുടെ കുട്ടികൾക്ക് അവബോധമുണ്ടാക്കാൻ വഴിയൊരുക്കുന്ന ഒരു ബാല സാഹിത്യ നോവലാണ് സാദിഖ് കാവിൽ രചിച്ച ‘ഖുഷി’ . പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് അവബോധമുണ്ടാക്കേണ്ടത് വരും തലമുറയായ കുട്ടികൾക്കാണ്. ഡിജിറ്റൽ ഗെയിമുകളിൽ അഭിരമിച്ചു നടക്കുന്ന കുട്ടികളെ പ്രകൃതിയിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയും. ഖുഷി ഇൗ സദുദ്ദേശ്യത്തിന് കരുത്തുപകരുന്നു.
ഓരോ കുട്ടിക്കും അനായാസേന വായിച്ചു പോകാൻ കഴിയുന്നതാണ് ഈ നോവലിൻ്റെ ഭാഷയും കഥാ ഘടനയും. ഗൾഫ് പശ്ചാത്തലത്തിലാണ് രചിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത. പച്ചപ്പിനെയും പ്രകൃതിയെയും കുറിച്ച് പറയുമ്പോൾ കേരളത്തിലേയ്ക്ക് പറിച്ചു നടുന്ന കഥാസന്ദർഭമാണ് ഉണ്ടാകാറുള്ളത്. കേരളത്തിൽ വനങ്ങളും വയലുകളും നികത്തി അത്യാഡംബര ബഹുനില കെട്ടിടങ്ങൾ നിർമിക്കുമ്പോൾ, ഗൾഫിലെ ഭരണാധികരികളാകട്ടെ, കാലാവസ്ഥയും മറ്റും പ്രതികൂലമായിട്ടും മരുഭൂമിയെ പച്ചപ്പണിയിക്കാൻ തങ്ങളാൽ ആവുന്നത് ചെയ്യുന്നു. പക്ഷികളുടെ ആവാസ വ്യവസ്ഥ തകരാതിരിക്കാൻ ബൃഹത്തായ ഒരു നഗര നിർമാണ പദ്ധതി തന്നെ ദുബായിലെ ഭരണാധികാരി നിർത്തി വയ്പ്പിച്ച വാർത്ത അടുത്തിടെ ലോക ശ്രദ്ധ നേടുകയുണ്ടായി. 117പേജുള്ള ഖുഷിയിലെ കേന്ദ്രകഥാപാത്രത്തിന്റെ പേര് തന്നെയാണ് നോവലിനും. ഖുഷി ബിൻത് ബാവുട്ടി എന്ന സുന്ദരിയായ പൂച്ചകുട്ടിയുടെ അനുഭവത്തിലൂടെയാണ് നോവൽ കടന്നു പോകുന്നത്. ഖുഷിയുടെ കുടുംബം എന്നത് അവളുടെ ഉമ്മിയും ബാവുവും സഹോദരി ഫാത്തി ബിൻത് ബാവുട്ടി, സഹോദരൻ അൽഖുഷ് ബിൻ ബാവുട്ടിയും എന്നിവരടങ്ങിയതാണ്. ഇവരുടെ അന്നദാതാവ് പാർക്ക് കാവൽക്കാരൻ ലബ്ബയെന്നപ്രകൃതിസ്നേഹിയും. മരുഭൂമിയിലെ പച്ചപ്പ് നിറഞ്ഞ ആ പാർക്കും അതിലെ കൊച്ചരുവിയും പക്ഷികളും പുഴുക്കളും മറ്റ് ജീവികളും ചിത്രശലഭങ്ങളും മരങ്ങളും അടങ്ങിയതാണ് ഖുഷിയുടെ ലോകം. പക്ഷികളുടെ കലപിലയാണ് അവളുടെ പ്രഭാതഗീതം. പൂക്കളിൽ നിന്ന് പൂക്കളിലേക്ക് പറക്കുന്ന ചിത്രശലഭങ്ങളാണ് അവളുടെ കണി. അവളുടെ ശ്വാസത്തിന് ജീവതാളം നൽകുന്നത് പൂക്കളുടെ സുഗന്ധമാണ്. കഠിനമായ സൂര്യതാപത്തിൽ നിന്ന് കുടപോലെ വൃക്ഷങ്ങൾ അവൾക്ക് തണലേകി. ലബ്ബയുടെ കവിത അവളുടെ പ്രഭാതങ്ങളെ പ്രകൃതി വിജ്ഞാന പാഠങ്ങളായി.
” വെയിലെത്ര കൊണ്ടിട്ടാണീ
മരങ്ങൾ നമുക്ക് തണലേകുന്നത്.
മഴയെത്ര നനഞ്ഞിട്ടാണീ
മരങ്ങൾ നമുക്ക് കുളിരേകുന്നത്.
മരങ്ങളുടെ വിയർപ്പാണല്ലോ തണലും തണുപ്പും
അവയുടെ നിശ്വാസമല്ലോ നമ്മുടെ ജീവവായു ! ”
പാർക്കിലെ മറ്റു അന്തോവാസികളായ രഘു കാക്കയും ശിന്നൻ പ്രാവും ക്രാക്കു ഞണ്ടും ലോലൻ കൊക്കും പൂമ്പാറ്റകളും തേനീച്ചകളുമെല്ലാം ഖുഷിയുടെ കൂട്ടുകാരാണ്. പാർക്ക് കാവൽക്കാരനായ ലബ്ബക്ക് ഖുഷിയെ ആണ് കൂടുതൽ ഇഷ്ടം. പാർക്കിൽ മരങ്ങളും ചെടികളും വെച്ച് പിടിപ്പിച്ച അയാളാണ് ഖുഷിയെ പ്രകൃതിയെക്കുറിച്ചും, ഓരോ മരങ്ങളുടെയും ജീവികളുടേയും പേരും ശാസ്ത്രനാമവുമൊക്കെ പഠിപ്പിക്കുന്നത്. മണ്ണിൽ ഒരു പ്ലാസ്റ്റിക്ക് മാലിന്യം പോലും ഇടുന്നത് ഇഷ്ട്ടമല്ലാത്ത ലബ്ബയിൽ നിന്നാണ് ഖുഷി പ്രകൃതിയേ സ്നേഹിക്കണമെന്ന വലിയ പാഠം പഠിച്ചത്.അങ്ങിനെയങ്ങനെ,ഖുഷി പാർക്കിൽ വിഹരിച്ചു കൊണ്ടിരിക്കുമ്പോളാണ് അവിടേയ്ക്ക് വന്ന ഒരു കുടുംബത്തിലെ ജയ് എന്ന ബാലനുമായി അവൾ കൂട്ടാകുന്നത്. ഫ്ലാറ്റിന്റെ നാല് ചുവരുകളിൽ കഴിഞ്ഞിരുന്ന ജയ്ക്ക് പക്ഷിമൃഗാധികളും നാനാ ജാതി വൃക്ഷങ്ങളും ചെടികളുമൊക്കെയുള്ള പാർക്ക് അത്ഭുതലോകമായി. അച്ഛനുമമ്മയും തിരക്കിൻ്റെ ലോകത്ത് വിഹരിച്ചപ്പോൾ ജയ് പാർക്ക് മുഴുവൻ ഖുഷി യോടൊത്ത് കറങ്ങി നടന്നു. ആ പൂച്ചക്കുട്ടിയിൽ നിന്ന് പക്ഷികളെ കുറിച്ചും പൂമ്പാറ്റകളെ പറ്റിയും മരങ്ങളെ കുറിച്ചും പലതും ജയ് പഠിച്ചു. ഫ്ളാറ്റെന്ന തടവറയിൽ നിന്ന് സ്വതന്ത്രമായി ഖുഷിയെ പോലെ ഒരു പൂച്ചയായാൽ മതിയായിരുന്നു എന്ന് വരെ ജയ് ക്ക് തോന്നി. ഖുഷിക്കും ജയ് പുതിയ കുറെ അറിവുകൾ സമ്മാനിച്ചു. പെട്ടെന്ന് തന്നെ അവർ പിരിയാൻ വയ്യാത്ത വിധം സുഹൃത്തുക്കളായി തീരുന്നു. അങ്ങനെ ജയ് യുടെ പ്രേരണയിൽ ഖുഷി ആ പാർക്കും ആ രാജ്യവും വിട്ട് അവന്റെ കൂടെ ഒമാനിലെ ഫ്ലാറ്റിലെത്തുന്നു. ജീവികളെ ഇഷ്ട്ടമല്ലാത്ത ജയ് യുടെ മമ്മി പേകെ പോകേ ഖുഷിയെ ഇഷ്ട്ടപ്പെടുന്നു. പക്ഷേ പാർക്കിൽ ശുദ്ധവായു കൊണ്ട് സർവ്വസ്വാതന്ത്രത്തോടെ നടന്ന ഖുഷിയുടെ അവസ്ഥ പരിതാപകരമാകുന്നു.കുറേ പണം ചെലവഴിച്ച് മേടിച്ച കൂടും അത്യാധുനിക കളിപ്പാട്ടങ്ങളുമൊന്നും ഖുഷിയുടെ ഉണർവ്വിന് കാരണമായില്ല. എന്നാൽ ജയ്നോടുള്ള സ്നേഹം നിമിത്തം ഒന്നും മിണ്ടാതെ എല്ലാം മനസ്സിലൊതുക്കി ഖുഷി ആ കോൺക്രീറ്റ് ചുമരുകൾക്ക് ഉള്ളിൽ കഴിഞ്ഞു. ഖുഷിയുടെ ദുരിത ജീവിതാവസ്ഥ മനസ്സിലാക്കി ജയ് മനസ്സിലാ മനസ്സോടെ തന്റെ പപ്പയോട് പറഞ്ഞ് ഖുഷിയെ തിരിച്ച് പാർക്കിലെക്ക് പറഞ്ഞയക്കുന്നു. എന്നിട്ട് ഖുഷിക്ക് എന്താണ് സംഭവിക്കുന്നത്? അതാണ് ഇൗ കൊച്ചു നോവലിൻ്റെ ഏറ്റവും വലിയ ട്വിസ്റ്റ്.
വളരെ രസകരമായി എന്നാൽ വിജ്ഞാനപ്രദമായിട്ടാണ് സാദിഖ് ഖുഷിയുടെ കഥ അവതരിപ്പിച്ചിട്ടുള്ളത്. കുട്ടികൾ ഒറ്റയിരുപ്പിൽ വായിച്ചു പോകും ഈ നോവൽ. ഓരോ വരിയും അളന്ന് മുറിച്ച് കുട്ടികൾക്കുള്ള പാകത്തിലാണ് ചേർത്തിട്ടുള്ളത്. കഥ വായിക്കുമ്പോൾ അറിയാതെ നാം പ്രകൃതിയിലേക്കും അതിലെ ജീവജാലങ്ങളിലേക്കും മനസ്സിനെ കൊണ്ടു പോകും. ഇന്നത്തെ കാലത്ത് നമ്മുടെ കുട്ടികൾ ഗാഡ്ജറ്റുകളുടെ അടിമയായി മാറി കൊണ്ടിരിക്കുകയാണ്. നശീകരണ സ്വഭാവമുള്ള ഗെയിമുകളുടെ ലോകത്ത് നിന്ന് അവരെ പ്രകൃതിയിലേക്കും സഹജീവി സ്നേഹത്തിലേക്കും കൊണ്ടു വരാൻ ഈ നോവൽ കൊണ്ട്സാധിക്കും. കുട്ടികളുടെ മനസ്സിൽ ചിത്രങ്ങൾ കോറിയിടുന്ന രീതിയിലാണ് നോവലിസ്റ്റ് ഇതിൽ ഭാഷ ഉപയോഗിച്ചിരിക്കുന്നത്. ഓരോ വാക്കുകളും വരികളും വായനക്കാരായ കുട്ടികളുടെ മനസ്സിൽ മായാ കാഴ്ച്ചകളായി മാറും. പ്രകൃതിയും അതിലെ ജീവജാലങ്ങളും എത്രത്തോളം പ്രധാന്യമുള്ളതാണെന്ന് അവർ സ്വയം തിരിച്ചറിയും.
നൂറ്റാണ്ടുകൾക്ക് മുമ്പ് ശ്രീനാരായണ ഗുരു അവതരിപ്പിച്ച മാനവികതയുടെ സന്ദേശമാണ് ഈ നോവൽ വായിച്ചപ്പോൾ പെട്ടെന്ന് ഓർമ്മയിൽ വന്നത്. മനുഷ്യൻ മനുഷ്യരോട് ചെയ്യേണ്ട ഒന്നു മാത്രമല്ല മാനവികത എന്നും പകരം ഭൂമിയിലെ സർവ്വചരാചരങ്ങളോടുമുള്ള സ്നേഹമായിരിക്കണം യഥാർത്ഥ മാനവികത എന്നുംഗുരു പറഞ്ഞു.
” ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും ”
എന്നാണ് തന്റെ കൃതിയായ അനുകമ്പാദശകത്തിൽ മാനവികതയുടെ ലക്ഷണമായി ഗുരു പറയുന്നത്. പ്രകൃതി എത്ര മനോഹരമാണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും ,അതിലെ ഓരോ ജീവികളോടും എപ്രകാരം നാം പെരുമാറണമെന്നുമുള്ള ചിന്ത ഖുഷി എന്ന നോവൽ കുട്ടികളിൽ ഉണ്ടാക്കും. സഹജീവിസ്നേഹം, കരുണ, പ്രകൃതിസ്നേഹം എന്നിവ ഉണ്ടാകുമ്പോൾ തന്നെ നമ്മുടെ കുഞ്ഞുങ്ങൾ നല്ല പൗരന്മാരായി മാറും.
മുൻപേ കടന്നുപോയവർ നമുക്കായി കരുതിവെച്ച പ്രകൃതിയെ വരും തലമുറക്കായി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കുട്ടികളെ നല്ല പൗരൻമാരായി വളർത്താനായി അവരെ വായനയുടെ സംസ്ക്കാരത്തിലേക്ക് കൊണ്ടു വരേണ്ടത് അനിവാര്യമായ കാര്യമാണ്. അവർ ഇഷ്ട്ടപ്പെടുന്ന കഥാരീതിയിലൂടെ അവരിൽ അവരറിയാതെ ഒരു സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കുന്ന ‘ ഖുഷി ‘ യെ നമ്മുടെ കുഞ്ഞുങ്ങൾക്ക് നൽകാം. പുതിയ തലമുറക്ക് വഴിവിളക്കായി മാറാൻ ഖുഷിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.
പ്രധാന വരികൾ:
1- ഈ മനോഹരമായ പ്രകൃതി നിങ്ങളുടേതോ എന്റേതോ അല്ല. നമ്മുടേതാണ്. അതുകൊണ്ട ് പ്രകൃതിയെ എല്ലാവരും ചേര്‍ന്ന് സംരക്ഷിക്കുക’.
2- പൂച്ചയില്ലാത്ത വീട് ഒരു വീടല്ലെടീ. പൂച്ചയുള്ളിടത്താണ് നമ്മുടെ വീട്. ഒരു വീടിന്റെ പ്രത്യക്ഷമായ ആത്മാവാണ് പൂച്ചകള്‍. ഒരു വളര്‍ത്തുമൃഗത്തിലുപരി പൂച്ച നമ്മുടെ ഹൃദയത്തെയാണ് തൊടുന്നത്. പൂച്ചകള്‍ സംഗീതമാണ്. അതെപ്പോഴും നമ്മെ ആസ്വദിപ്പിച്ചുകൊണ്ട ിരിക്കും. വൃത്തി, ആകര്‍ഷണം, ക്ഷമ, ആദരവ്, ധൈര്യം.. ഈ ഗുണങ്ങളൊക്കെ പൂച്ചകളില്‍ നിന്ന് മനുഷ്യൻ കണ്ട ു പഠിക്കണം..”
3– ”’പൂച്ചകള്‍ മനുഷ്യരെ ഒരിക്കലും അനുകരിക്കുന്നില്ല. അവയ്ക്ക് അവയുടേതായ രീതികളും ഇഷ്ടങ്ങളുമുണ്ട്. സര്‍ഗാത്മകതയും. അവറ്റകള്‍ എവിടെയും ഉറങ്ങും. ടേബിള്‍, ചെയര്‍, ടിവി, ജനലിനടുത്തെ നേരിയ തട്ട്.. എന്തിന്, ഫോര്‍വീലറിന്റെ ബോണറ്റില്‍ കിടന്നുറങ്ങുന്ന പൂച്ചകളെ കാണാറുള്ളതല്ലേ. കുഞ്ഞുകുഞ്ഞു പൂച്ചപ്പാദ ചിത്രങ്ങള്‍ കുഞ്ഞുകുഞ്ഞു പൂക്കള്‍ പോലുണ്ടെന്ന് നീ പറഞ്ഞിട്ടുണ്ടല്ലോ. അവറ്റകള് സ്‌നേഹമായി വീട്ടിനകത്ത് എല്ലായിടത്തും ഒളിഞ്ഞിരിക്കും.
4-വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂച്ചകളെ ദൈവമായി ആരാധിച്ചിരുന്നുവത്രെ. പാവം പൂച്ചകള്‍ക്ക് അതറിയില്ലെന്ന് തോന്നുന്നു. ഇന്നും അതു തുടര്‍ന്നിരുന്നെങ്കില്‍ നീയൊക്കെ പൂവിട്ട് പൂജിച്ചേനെ…
ഉണ്ണി കുലുക്കല്ലൂർ