വികസനത്തിന്റെയും ആഗോളമാറ്റങ്ങളുടെയും ഗുണഫലങ്ങള്‍ നിഷേധിക്കപ്പെടുന്ന ദലിതുകള്‍ക്കുവേണ്ടി സംസാരിക്കുന്ന പുസ്തകമാണ് സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയുടെ എരുമദേശീയത. ഇന്ത്യന്‍ സമൂഹത്തെ ദലിത്‌വത്കരിക്കുന്നതിലൂടെ ഭൂരിപക്ഷത്തിന് സ്വാതന്ത്ര്യവും സമഭാവനയും നിഷേധിക്കുന്ന ആത്മീയഫാഷിസത്തെ തിരസ്‌കരിക്കാനാവുമെന്ന് ഐലയ്യ വാദിക്കുന്നു. ആഗോളവത്കരണം, ലിംഗപദവി, മതപരിവര്‍ത്തനം, ഹിന്ദുത്വം, ഇംഗ്ലീഷ് വിദ്യാഭ്യാസം, സംവരണം തുടങ്ങിയ വിഷയങ്ങള്‍ നിശിതമായും ഹൃദയസ്പര്‍ശിയായും ഈ പുസ്തകത്തില്‍ കൈകാര്യം ചെയ്യപ്പെടുന്നു. കൂടുതല്‍ നീതിയുളള ഒരു സമൂഹത്തെക്കുറിച്ചുളള ദര്‍ശനം ഇതിലുടനീളം ഇഴയോടിയിരിക്കുന്നു.
‘ഞാന്‍ എന്ത് കൊണ്ട് ഹിന്ദുവല്ല‘ എന്ന മികച്ച രചനയിലൂടെ ഇന്ത്യയുടെ സവര്‍ണ പൊതുബോധത്തെ ശക്തമായ രീതിയില്‍ ചോദ്യം ചെയ്ത പ്രമുഖ ദലിത് ചിന്തകനാണ് കാഞ്ച ഐലയ്യ. ഇന്ത്യന്‍ ജാതിവ്യവസ്ഥക്കെതിരായ ദലിത് മുന്നേറ്റത്തിന്റെ സൈദ്ധാന്തികനായ ഇദ്ദേഹം ദക്ഷിണേന്ത്യയിലെ ഒരു ഗ്രാമീണ കുടുംബത്തില്‍ പിന്നാക്ക ജാതികളിലൊന്നായ കുറുമ ഗൊല്ല സമുദായത്തില്‍ 1952 ഒക്ടോബര്‍ 5 നാണ് ജനിച്ചത്. ചെറുപ്പത്തിലേ അനുഭവിക്കേണ്ടി വന്ന ജാതിവ്യവസ്ഥയുടെ ക്രൂരതകള്‍ അദ്ദേഹത്തിന്റെ ആക്റ്റിവിസത്തേയും പ്രത്യയശാസ്ത്രത്തേയും രൂപപ്പെടുത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. ആദ്യത്തെ ദലിത്ബഹുജന്‍ ആനുകാലികമായ നലുപുവിന്റെ അമരക്കാരിലൊരാളായ കാഞ്ച ഐലയ്യ. ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും രാഷ്ട്ര തന്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ‘ശ്രീ ബുദ്ധന്റെ രാഷ്ട്രീയ തത്ത്വചിന്ത’യായിരുന്നു ഗവേഷണവിഷയം.
ഇന്ത്യയിലെ ദലിത് ബഹുജന പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായാണ് ഐലയ്യ അറിയപ്പെടുന്നത്. കൂടാതെ ആള്‍ ഇന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സിലുമായും അമേരിക്ക ആസ്ഥാനമായുള്ള ദലിത് ഫ്രീഡം നെറ്റ്‌വര്‍ക്കുമായും അദ്ദേഹത്തിനു ബന്ധമുണ്ട്. ‘ഞാന്‍ എന്ത് കൊണ്ട് ഹിന്ദുവല്ല, ‘എരുമദേശീയത‘, ‘ദൈവമെന്ന രാഷ്ട്രമീമാംസകന്‍: ബ്രാഹ്മണിസത്തോടുള്ള ബുദ്ധന്റെ വെല്ലുവിളി‘, ‘പോസ്റ്റ് ഹിന്ദു ഇന്ത്യ’ തുടങ്ങിയ അദ്ദേഹത്തിന്റെ രചനകള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥക്കെതിരായ മികച്ച ദലിത് എഴുത്തുകളാണ്.