കേരളചരിത്രപഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത കൃതിയാണ് വില്യം ലോഗന്റെ ‘മലബാര്‍ മാന്വല്‍‘. ഈ അമൂല്യകൃതി പിറവിയെടുത്തിട്ട് ഇപ്പോള്‍ 130 വര്‍ഷമാകുകയാണ്. 1906, 1951 വര്‍ഷങ്ങളില്‍ മദിരാശി സര്‍ക്കാറും പിന്നീട് കേരള സര്‍ക്കാറിന്റെ ഗസറ്റിയേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച വില്യം ലോഗന്റെ ഈ വിഖ്യാതരചന 1887ലാണ് പ്രസിദ്ധീകൃതമായത്. ഡല്‍ഹിയിലെ ഏഷ്യന്‍ എജ്യൂക്കേഷനല്‍ സര്‍വീസസ് പോലുള്ള സ്വകാര്യ പ്രസാധകരും ‘മലബാര്‍ മാന്വല്‍‘ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലബാറിന്റെ ഭൂപ്രകൃതി, ജനത, മതങ്ങള്‍, പൂര്‍വചരിത്രം, വൈദേശികാക്രമണങ്ങള്‍, കുടിയായ്മ, ഭൂനികുതി സമ്പ്രദായങ്ങള്‍ തുടങ്ങി ചരിത്രപരവും സാമൂഹികവും സാമ്പത്തികവുമായ വസ്തുതകളെക്കുറിച്ചുള്ള പഠനമാണ് മലബാര്‍ മാന്വല്‍. കേരളത്തിന്റെ ഭൂതകാലത്തിലേക്കുള്ള ചൂണ്ടുപലക കൂടിയായ ഈ കൃതിയില്‍ ഭൂമിശാസ്ത്രവിവരണം, മതജാതിബന്ധങ്ങള്‍, ആചാരങ്ങള്‍, ഭാഷ, സാഹിത്യം, സംഘടനകള്‍, വിദ്യാഭ്യാസം എന്നിങ്ങനെ വിപുലമായ അറിവുകളാണ് ലോഗന്‍ സന്നിവേശിപ്പിക്കുന്നത്. അക്കാദമിക് മേഖലയിലുള്ളവര്‍ക്കുമാത്രം പ്രാപ്യമായിരുന്ന ഈ കൃതി കേരളത്തിലെ സാധാരണക്കാര്‍ക്കിടയിലും പ്രചാരം നേടിയത് ഈ കൃതി യുടെ മലയാള പരിഭാഷയിലൂടെയാണ്. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ടി.വി.കെ.യാണ് ഈ കൃതി പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
സ്‌കാട്‌ലാന്‍ഡിലെ ബര്‍വിക്ഷയറിലെ ഫെര്‍നികാസില്‍ എന്ന താഴ്വരയില്‍ രണ്ടുനൂറ്റാണ്ടിലധികം പാരമ്പര്യമുള്ള കാര്‍ഷികകുടുംബത്തിലാണ് വില്യം ലോഗന്റെ ജനനം. 1847 മെയ് 17ന്. ഡേവിഡ് ലോഗന്റെയും എലിസബത്ത് ഫേസ്റ്റിയുടെയും മകന്‍. മുസല്‍ബര്‍ഗ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ഏറ്റവും ബുദ്ധിമതിയായ വിദ്യാര്‍ഥിക്കുള്ള ഡ്യൂമക്‌സ് മെഡല്‍ 1856ല്‍ നേടി. എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ ചേര്‍ന്ന് മദ്രാസ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ പങ്കെടുത്തു.
സമൂഹത്തിലെ ഉന്നത ശ്രേണിയില്‍പ്പെട്ട കുടുംബങ്ങളിലുള്ളവര്‍ സ്വാധീനം വഴി സ്വായത്തമാക്കിയിരുന്ന സിവില്‍ സര്‍വീസില്‍ സ്വന്തം കഴിവിന്റെ മുതല്‍ക്കൂട്ടില്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1862 ആഗസ്റ്റ് 16ന് മദ്രാസ് സിവില്‍ സര്‍വീസില്‍ നിയമിതനായി. തമിഴും തെലുങ്കും മലയാളവും അടക്കമുള്ള പ്രാദേശികഭാഷകള്‍ കൂടി സ്വായത്തമാക്കിയതോടെ വടക്കന്‍ ആര്‍ക്കാട്ട് ജില്ലയില്‍ അസിസ്റ്റന്‍ഡ് കലക്ടര്‍ മജിസ്‌ട്രേറ്റായി നിയമിതനായി. 1867ല്‍ സബ്കലക്ടര്‍ ജോയിന്റ് മജിസ്‌ട്രേറ്റായി സ്ഥാനക്കയറ്റം. 1873ല്‍ തലശേരിയില്‍ വടക്കേ മലബാറിന്റെ ആക്ടിങ് ജില്ലാ സെഷന്‍സ് ജഡ്ജിയായി ചുമതലയേറ്റു. അടുത്തവര്‍ഷം തെക്കേ മലബാറിന്റെ ആക്ടിങ് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായി കോഴിക്കോട്ട് നിയമനം നേടി. 1875 മുതല്‍ ലോഗന്‍ മലബാര്‍ കലക്ടറും മജിസ്‌ട്രേറ്റുമായി.
മലബാറിലെ മാപ്പിളത്താലൂക്കുകളില്‍ കാണജന്മ മര്യാദയെപ്പറ്റി പഠനം നടത്താന്‍ ഗവണ്‍മെന്റ് നിര്‍ദേശിച്ചത് അനുസരിച്ച് 1881ല്‍ പ്രത്യേക ഡ്യൂട്ടിയില്‍ പ്രവേശിച്ചു. തുടര്‍ന്നാണ് 1882ല്‍ മലബാര്‍ ടെനന്‍സി കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. മദ്രാസ് സര്‍വകലാശാലയുടെ ഫെല്ലോ ആയി നിയമിക്കപ്പെടുകയും 1882ല്‍ മദ്രാസ് റവന്യൂ ബോര്‍ഡിന്റെ ആക്ടിങ് മൂന്നാം അംഗമായി മാറുകയും തിരുവിതാംകൂര്‍ കൊച്ചിയുടെ ആക്ടിങ് റസിഡന്റായി നിയമിതനാകുകയും ചെയ്തു. 1883ല്‍ മലബാര്‍ കുടിയായ്മ നിയമം സംബന്ധിച്ച റിപ്പോള്‍ട്ട് തയ്യാറാക്കാന്‍ നിയമിതനായി. പിന്നീട് 1888 വരെ മലബാര്‍ കലക്ടര്‍ മജിസ്‌ട്രേറ്റ് പദവിയില്‍ തുടരുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ഇന്ത്യാ ഗസറ്റിയറിന്റെ നേതൃത്വത്തില്‍ ജില്ലകളുടെ സംസ്‌കാരവും ഭരണവും പ്രതിപാദിക്കുന്ന സമഗ്രപദ്ധതി ആവിഷ്‌കരിക്കപ്പെട്ടത്. മലബാറിനെ സംബന്ധിക്കുന്ന മാന്വല്‍ എഴുതിത്തയ്യാറാക്കാനുള്ള ചുമതല അങ്ങനെയാണ് ലോഗനിലെത്തിയത്. മലബാര്‍ മാന്വലിന്റെ ഒന്നാംവാള്യം 1887ലാണ് പ്രസിദ്ധീകരിച്ചത്. 1914ല്‍ ലോഗന്‍ അരങ്ങൊഴിഞ്ഞു.