സ്ത്രീ പീഡനത്തിനെതിരായ ഒരു അമേച്ചര്‍ നാടകത്തില്‍ സ്‌റ്റേജില്‍ നഗ്നയായി അഭിനയിക്കാന്‍ തയ്യാറായ ഒരു ആക്റ്റിവിസ്റ്റിന്റെ കഥ പറയുന്ന എം മുകുന്ദന്റെ നോവലാണ് ഒരു ദളിത് യുവതിയുടെ കദന കഥ. പതിവു നോവല്‍ സങ്കല്പങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഈ കൃതി വിശിഷ്ട സംസകാരത്തിന്റെ നോവലല്ല, അതില്‍ നിന്നും പുറത്താക്കപ്പെട്ടവരുടെ കഥയാണ് പറയുന്നത്.
കലയില്‍ ക്രോംപ്രമൈസില്ല എന്നു കരുതുന്ന നാടകസംവിധായകനാണ് കരിംബോയി. അദ്ദേഹത്തിന്റെ പുതിയ നാടകത്തില്‍ നഗ്നയായി അഭിനയിക്കാന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായ രാധിക വിസമ്മതിക്കുന്നു. അതോടെ നാടകത്തിന്റെ അവതരണം സ്തംഭനത്തിലായി. പ്രതിസുധ വരന്‍ ഗോകുല്‍ ധൈര്യം നല്‍കുന്നതോടെ ആ റോള്‍ ഏറ്റെടുക്കാന്‍ വസുന്ധര തയ്യാറാകുന്നു.
നാടകാവതരണദിനത്തില്‍ വസുന്ധര അവതരിപ്പിച്ച ഭഗവന്തി എന്ന കഥാപാത്രത്തിന്റെ ഉടുതുണി ഉരിഞ്ഞുമാറ്റപ്പെടുന്നു. പക്ഷേ പ്രകാശ സംവിധാനത്തെ അത്രയും നിഷ്ഫലമാക്കിക്കൊണ്ട് സദസ്സില്‍ നിന്നും നിരവധി ക്യാമറകളുടെ ഫ്ളാഷുകള്‍ തുടര്‍ച്ചയായി വസുന്ധരയുടെ നഗ്നമേനിയില്‍ വെളിച്ചം പ്രവഹിപ്പിച്ചു. ഇതോടെ നാടകത്തിനും വസുന്ധരയുടെ ജീവിതത്തിലും വന്നുചേരുന്ന ആകസ്മിക സംഭവങ്ങളാണ് നോവല്‍ ചര്‍ച്ച ചെയ്യുന്നത്.
മനുഷ്യബന്ധങ്ങള്‍ വിശാലമായ കാഴ്ച്ചപ്പാടില്‍ അവതരിപ്പിക്കുന്ന ഒരു ദളിത് യുവതിയുടെ കദന കഥയ്ക്ക് അവതാരിക എഴുതിയിരിക്കുന്നത് കെ പി അപ്പനാണ്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങളും നോവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1996ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പതിനഞ്ചാമത് പതിപ്പ് പുറത്തിറങ്ങി.