ഇരുണ്ട് അഗാധമായ വനങ്ങള്‍ സഞ്ചാരികള്‍ക്കും സാധാരണക്കാര്‍ക്കും വലിയ ആകര്‍ഷണമാണ് സൃഷ്ടിക്കുന്നത്. വനാന്തരങ്ങളില്‍ നിന്ന് രൂപാന്തിരം പ്രാപിച്ച് നാഗരികനായി മാറിയ മനുഷ്യന്റെയുള്ളില്‍ തുടിക്കുന്ന ആദിമചോദനകളാണോ ഇതിനു കാരണമെന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. കൈകാര്യം ചെയ്യുന്ന പ്രമേയങ്ങളില്‍ എന്നും വ്യത്യസ്തത പുലര്‍ത്തുന്ന വി.ജെ.ജയിംസ് ഈ വിഷയത്തെ ചര്‍ച്ചാവിധേയമാക്കി രചിച്ച നോവലാണ് ദത്താപഹാരം .
എട്ട് മാസം മുമ്പ് വനത്തിനുള്ളില്‍ നഷ്ടമായ ഫ്രെഡി റോബര്‍ട്ടിനെ അന്വേഷിച്ച് വനാന്തര്‍ഭാഗത്തേക്ക് സുഹൃത്തുക്കള്‍ നടത്തുന്ന യാത്രയിലൂടെയാണ് ദത്താപഹാരം വികസിക്കുന്നത്. ഫ്രെഡിയുടെ ജീവിതം അനാവരണം ചെയ്യുന്നതിനൊപ്പം സുഹൃത്തുക്കളില്‍ ഓരോരുത്തരിലും വര്‍ഗ്ഗസ്മൃതികള്‍ നിറയുന്നതും വായനക്കാര്‍ അറിയുന്നു. കാടിനോട് അതിയായ താല്‍പര്യം വായനക്കാരിലും ഉണര്‍ത്തിക്കൊണ്ട് ദത്താപഹാരം പൂര്‍ണ്ണമാകുന്നു.
2005ലാണ് ദത്താപഹാരം ആദ്യമായി പ്രസിദ്ധീകൃതമാകുന്നത്. നോവല്‍ വായിച്ച് അതിന്റെ മാസ്മരികപ്രഭാവത്തില്‍ അലിഞ്ഞ ചലച്ചിത്ര സംവിധായകന്‍ ലാല്‍ജോസ് വിലയിരുത്തിയത് താന്‍ വായിച്ചിട്ടുള്ളതില്‍ ഒരപൂര്‍വ്വകൃതിയായി ദത്താപഹാരത്തെ കാണുന്നു എന്നാണ്. ലാല്‍ജോസിന്റെ കുറിപ്പും സുനില്‍ സി.ഇയുടെ പഠനവും ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
ഡി സി ബുക്‌സ് സംഘടിപ്പിച്ച രജതജൂബിലി നോവല്‍ മത്സരത്തില്‍ പുരസ്‌കാരം നേടിക്കൊണ്ടാണ് വി.ജെ ജയിംസിന്റെ ആദ്യ കൃതി പുറപ്പാടിന്റെ പുസ്തകം പുറത്തിറങ്ങിയത്. മലയാറ്റൂര്‍ പ്രൈസും റോട്ടറി ലിറ്റററി അവാര്‍ഡും ഇതിലൂടെ അദ്ദേഹത്തിന് ലഭിച്ചു. നിരീശ്വരന്‍ തോപ്പില്‍ രവി അവാര്‍ഡിനും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീര്‍ നോവല്‍ പുരസ്‌കാരത്തിനും അര്‍ഹമായി. ചോരശാസ്ത്രം, ലെയ്ക്ക, ഒറ്റക്കാലന്‍ കാക്ക തുടങ്ങിയ നോവലുകളും പ്രണയോപനിഷത്ത്, ശവങ്ങളില്‍ പതിനാറാമന്‍, ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങള്‍, വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട് തുടങ്ങിയ കഥാ സമാഹാരങ്ങളും അദ്ദേഹം രച്ചിട്ടുണ്ട്.
The post അപൂര്‍വ്വമായ ഒരു കാടനുഭവത്തിന്റെ കഥ appeared first on DC Books.