‘…ഇന്ത്യന്‍ നേതാക്കള്‍ പാക്കിസ്ഥാനി നേതാക്കള്‍ക്കു മുമ്പില്‍ എഴുതി തയ്യാറാക്കി അവതരിപ്പിച്ച പ്രമേയം നീ വായിക്കുന്നത് നന്നായിരിക്കും അയിഷൂ, ചരിത്രം ഒരു മുസ്ലിംലീഗുകാരന്‍ പറഞ്ഞ ഈ വാക്കുകള്‍ രേഖപ്പെടുത്തി വെക്കുക ഇല്ലായിരിക്കാം. എങ്കിലും അവ സത്യമല്ലാതാകുന്നില്ലല്ലോ…’
ഖദീജാ മുംതാസിന്റെ ‘നീട്ടിയെഴുത്തുകള്‍‘ ഒരു രാഷ്ട്രീയ നോവലല്ല. എന്നാല്‍ നമ്മുടെ മുഖ്യധാരാ വായനയില്‍ ഏറെയൊന്നും കടന്നുവരാത്ത, പലപ്പോഴും ഏകപക്ഷീയമായി വിമര്‍ശിക്കപ്പെടുക മാത്രം ചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയത്തെ ഗൗരവപൂര്‍വ്വം ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. തികഞ്ഞ ഗാന്ധിയനും കോണ്‍ഗ്രസിന്റെ നേതൃ തലത്തില്‍ ഉണ്ടായിരുന്ന ആളുമായ ഒരാള്‍ എന്ത്‌കൊണ്ട് യാഥാസ്ഥിതികം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുസ്ലിംലീഗുകാരന്‍ ആയി മാറി എന്ന ഒരു അന്വേഷണം, ആ ഘട്ടത്തില്‍ അതിന്റെ അനിവാര്യത ഇതിലേക്കൊക്കെ ഒന്നു ടോര്‍ച്ചടിച്ചു നോക്കാനും വിശകലനം ചെയ്യാനും ഈ നോവലിന് സാധിക്കുന്നുണ്ട്. വര്‍ഗ്ഗീയ കക്ഷിയെന്നും ചത്ത കുതിരയെന്നുമൊക്കെ വിശേഷിക്കപ്പെട്ടപ്പോഴും മുസ്ലിംലീഗ് എന്ന ഒരു പാര്‍ട്ടിയെ നിലനിര്‍ത്താനും വളര്‍ത്താനും വിദ്യാസമ്പന്നരും സമൂഹത്തിന്റെ ഉയര്‍ന്ന നിലയില്‍ ഉള്ളവരും സ്വത്തുടമകളും ഒക്കെയായിരുന്ന ഒരുപാട് പേര്‍ വ്യക്തിപരമായ നഷ്ടങ്ങള്‍ സഹിച്ചും അപഖ്യാതി ഏറ്റും എന്തിനു മുന്നോട്ടു വന്നു എന്നതിനെ കുറിച്ചുള്ള അന്വേഷണം കൂടിയാണ് ‘നീട്ടിയെഴുത്തുകള്‍‘ .
ഒട്ടേറെ രാഷ്ട്രീയക്കാരെയും എഴുത്തുകാരെയും കലാകാരന്മാരെയും മുസ്ലിംനവോത്ഥാനത്തിന് തുടക്കമിട്ട നേതാക്കളെയും ഒക്കെ സംഭാവന ചെയ്ത കൊടുങ്ങല്ലൂരിന്റെ മണ്ണാണ് ഈ നോവലിന്റെ തട്ടകം. നിസ്വാര്‍ത്ഥനും ത്യാഗിയും ഉജ്വലമായ നേതൃഗുണം ഉള്ള ആളുമായ സെയ്തുമുഹമ്മദ് എന്ന വലിയൊരു മനുഷ്യന്റെ പെങ്ങളുടെ മകളായ അയിഷു ആണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം.
കുഞ്ഞുന്നാള്‍ മുതല്‍ വെല്യാമ എന്ന സൂര്യന് ചുറ്റും കറങ്ങുന്ന ഒരു ഗ്രഹമാണ് അയിഷു. ‘തീപ്പെട്ടിയുരച്ചിട്ടാല്‍ കത്തിപ്പിടിക്കാന്‍ തക്ക ജ്വലനസാധ്യതയുള്ള തലച്ചോറുമായി’ പിറന്നവള്‍. ഉയര്‍ന്ന തറവാട്ടിലെ ആഢ്യത്വവും തന്റേടവും ബുദ്ധിശക്തിയും ഉള്ള പെണ്‍കുട്ടി. ഡോക്ടര്‍ ആവണം എന്ന് ആഗ്രഹിക്കുകയും നന്നായി പഠിക്കുകയും ചെയ്‌തെങ്കിലും സ്വപ്നത്തിന്റെ വാതില്‍ക്കല്‍ വെച്ച് അവള്‍ക്കത് അകാരണമായി നിഷേധിക്കപ്പെടുകയാണ്. എട്ട് പെണ്മക്കളെ പ്രസവിച്ചു ഭര്‍ത്താവിന്റെ മരണശേഷവും, എന്തിന് മകള്‍ ഡോക്ടര്‍ ആകാന്‍ പഠിക്കുമ്പോഴും അവര്‍ ആ സ്വപ്ന സാക്ഷാത്കരത്തിനു വേണ്ടി ശ്രമിക്കുന്നുണ്ട്. ഡോക്ടര്‍ എന്ന പദവിയോടുള്ള സമൂഹത്തിന്റെ ആദരമാണ് ആ തൊഴിലിനെക്കാളേറെ കുഞ്ഞുനാളില്‍ തന്നെ അവളെ ആ സ്വപ്നത്തിലേക്ക് എത്തിക്കുന്നത്. എത്രമേല്‍ ഒതുക്കപ്പെടുമ്പോഴും അതു കൊണ്ടു തന്നെയാവാം ഏറെ വൈകിയും ആ മോഹത്തിലേക്ക് അവരെ പിന്നെയും പിന്നെയും വലിച്ചടുപ്പിച്ചത്. നോവലിസ്റ്റ് വരച്ചു വെച്ചതിലുമേറെ ആഴത്തില്‍ വിശകലനം ചെയ്യപ്പെടേണ്ട ശക്തമായ കഥാപാത്രമാണ് അയിഷു.
ബുദ്ധിമതിയും തന്റേടിയും പുരോഗമന ചിന്തയുള്ളവളും നല്ല വായനക്കാരിയും ഒക്കെയായ അയിഷു തന്നെയാണ്, വഴക്കാളിയായ ഭാര്യയായും മക്കള്‍ക്ക്, എങ്ങനെയെങ്കിലും ഇവരില്‍ നിന്ന് ദൂരേക്ക് രക്ഷപ്പെട്ടാല്‍ മതി എന്ന് തോന്നുന്നത്ര കര്‍ക്കശക്കാരിയായ ഉമ്മയായും ഒക്കെ മാറുന്നത്. സ്‌നേഹസമ്പന്നനായ ഭര്‍ത്താവ് മരിച്ചു ഏറെ വൈകാതെ അയാളുടെ ജ്യേഷ്ഠന്റെ രണ്ടാം ഭാര്യയാവാന്‍ അവള്‍ മടിക്കുന്നില്ല. പിണങ്ങി പിരിഞ്ഞു പോയെങ്കിലും അയാള്‍ രോഗശയ്യയില്‍ ആണെന്നറിഞ്ഞു അവള്‍ ഓടിയെത്തുന്നത് ഉല്‍ക്കടമായ സ്‌നേഹത്തോടെയാണ്. അതൊരിക്കലും ക്ഷമാപണഭാവത്തിലോ വിധേയത്വത്തിലോ അല്ല താനും. ദുര്‍ബലയും സര്‍വ്വംസഹയും ആയി മാത്രം വരച്ചിടപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങളാല്‍ സമ്പന്നമായ മലയാള സാഹിത്യത്തില്‍ ഉറൂബിന്റെ ഉമ്മാച്ചുവിനെയോ രാച്ചിയമ്മയേയോ ബഷീറിന്റെ കുഞ്ഞുതാച്ചുമ്മയേയോ ഒക്കെ ഓര്‍മ്മിപ്പിക്കുന്ന അയിഷു പെണ്‍മനസ്സിന്റെ നിഗൂഢഭാവങ്ങളുടെയും വീറിന്റെയും കരുത്തിന്റെയും പ്രതീകമാണ്.
അയിഷു മകള്‍ മെഹറിലൂടെയാണ് തന്റെ ഡോക്ടര്‍ സ്വപ്നം സാക്ഷാത്കരിക്കുന്നത്. ഗൈനക്കോളജിസ്റ്റ് കൂടിയായ നോവലിസ്റ്റിന് തന്റെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ ഡോക്ടര്‍ മെഹറിലൂടെ നോവലിന്റെ ഏകാഗ്രതക്ക് ഭംഗം വരാതെ പറയാന്‍ കഴിയുന്നുണ്ട്.
ഉമ്മയുടെ കര്‍ക്കശ്യത്തിനു മുന്നില്‍ തനിക്ക് അനുഭവിക്കാന്‍ കഴിയാതെ പോയ സ്വപ്നങ്ങളെ തന്റെ സങ്കല്പമായ ദിയ മോളിലൂടെയാണ് മെഹര്‍ സാക്ഷാത്കരിക്കുന്നത്. വര്‍ത്തമാന കാല ഇന്ത്യന്‍ അവസ്ഥകളെ കുറിച്ചും കീഴാളമുന്നേറ്റങ്ങളെ കുറിച്ചും വര്‍ഗ്ഗീയ കലാപങ്ങളെ കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യാന്‍ ഈ പാത്രസൃഷ്ടിയുടെ സാധിക്കുന്നുണ്ട്. അതൊന്നും ഉപരിപ്ലവമായ പറഞ്ഞുവെക്കല്‍ മാത്രമല്ല താനും.
ഖദീജാ മുംതാസിന്റെ ‘ബര്‍സ‘ അര്‍ഹിക്കുന്നതിലേറെ കൊണ്ടാടപ്പെട്ട നോവല്‍ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാല്‍ മറ്റൊരു നോവലിലും ഇതുവരെ പരാമര്‍ശിക്കപ്പെടാത്ത രാഷ്ട്രീയത്തിന്റെ പേരിലായാലും , മലയാള നോവലുകളുകളില്‍ അപൂര്‍വ്വമായി കൊണ്ടിരിക്കുന്ന ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ചാണെങ്കിലും ചര്‍ച്ച ചെയ്യപ്പെടാനുള്ള കാര്യങ്ങള്‍ ഏറെ ഉണ്ടായിട്ടും ‘നീട്ടിയെഴുത്തുകള്‍’ക്ക് മലയാള സാഹിത്യലോകം വേണ്ട പരിഗണന നല്‍കിയോ എന്ന് സംശയമാണ്. രണ്ടാമതൊരാവര്‍ത്തി വായിക്കാന്‍ തോന്നാത്ത പുസ്തകങ്ങള്‍ പോലും ഗംഭീരമായി കൊണ്ടാടപ്പെടുമ്പോള്‍ ‘നീട്ടിയെഴുത്തുകള്‍‘ പോലുള്ള കൃതികള്‍ അവഗണിക്കപ്പെട്ടുപോകുന്നത് എന്തുകൊണ്ടാവാം?
ഓര്‍മ്മകളില്‍ പോലും ഇടം കിട്ടാതെ പോയവര്‍ക്കാണ് ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. ചിന്തയുടെ തുറവുകള്‍ സമ്മാനിക്കാനും വായനയുടെ അനുഭൂതി നല്‍കാനും കഴിയുന്ന കൃതികള്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന മലയാളത്തില്‍ ഈ പുസ്തകവും അങ്ങനെ ആവാതിരിക്കട്ടെ.