മനുഷ്യന് ഒരു ആമുഖത്തിന്റെ ഇംഗ്ലിഷ്പരിഭാഷയ്ക്ക് വി അബ്ദുള്ള പുരസ്‌കാരം ലഭിച്ച ഇ വി ഫാത്തിമയെ അനുമോദിച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. നന്ദി സഹോദരീ.. ഒരു പരിചയവുമില്ലാത്ത ഒരുവനെ അയാളുടെ അക്ഷരങ്ങളുടെ പേരില്‍ സ്‌നേഹിച്ചതിനും അവനെ ഭൂമിയില്‍ എല്ലായിടത്തും നിറയാന്‍ ഈ വിവര്‍ത്തനത്തിലൂടെ സഹായിച്ചതിനും-അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം താന്‍ മനുഷ്യന് ഒരു ആമുഖം എഴുതാന്‍ തുടങ്ങിയപ്പോള്‍തന്നെ ആ നോവല്‍ സ്ത്രീവിരുദ്ധമാണെന്നും പ്രസിദ്ധീകരിക്കരുതെന്നും പറഞ്ഞ് വനിതാകമ്മീഷനില്‍നിന്ന് വക്കീല്‍ നോട്ടീസ് വന്നതും പിന്നീടത് മലയാളത്തിലെ മികച്ച പുരസ്‌കാരങ്ങളെല്ലാം നേടി ഇന്നും നിറഞ്ഞു നില്‍ക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറയുന്നു.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മലയാളത്തില്‍ നിന്ന് ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയ കൃതികളാണ് വി അബ്ദുള്ള സ്മാരക പരിഭാഷ പുരസ്‌കാരത്തിനായി പരിഗണിച്ചത്. ഇതില്‍നിന്നാണ് ‘എ പ്രിഫെയ്‌സ് ടു മാന്‍’ തിരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ജൂലൈ 15 ന് വൈകിട്ട് 5ന് കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ എം ടി വാസുദേവന്‍നായര്‍പുരസ്‌കാരം സമ്മാനിക്കും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ഡോ. ഫാത്തിമയ്ക്ക് ഒരു അഭിവാദനം… മനുഷ്യന് ഒരു ആമുഖം മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പരസ്യം കൊടുത്തുതുടങ്ങിയപ്പോള്‍ തന്നെ, അതു പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷണില്‍ നിന്ന് വക്കീല്‍നോട്ടീസ് വന്ന കാര്യം എന്റെ പ്രിയ സ്‌നേഹിതര്‍ക്ക് അറിയാമായിരിക്കുമല്ലോ. വനിതാ കമ്മീഷണില്‍ ഈ നോവല്‍ ‘സ്ത്രീത്വത്തെ അപമാനിക്കുന്ന’ ഒന്നാണെന്നു കാട്ടി ചില മാന്യന്മാര്‍ പരാതി കൊടുത്തതായിരുന്നു കാരണം. ഒരദ്ധ്യായം പോലും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു നോവലിനെപ്പറ്റി ഇങ്ങനെയൊരു പരാതി കൊടുത്തവരുടെ വിവരങ്ങള്‍ ഞാന്‍ തേടിയതോടെ ആ പ്രതിസന്ധി അവസാനിക്കുകയും നോവല്‍ തടസ്സമില്ലാതെ പുറത്തിറങ്ങുകയും ചെയ്തു.
ആ നോവല്‍ മനുഷ്യന് ഒരു ആമുഖം അല്ലെന്നും പുരുഷനൊരാമുഖം ആണെന്നും പഴി പറഞ്ഞുകൊണ്ട് പിന്നേയും കുറേപ്പേര്‍ കുറച്ചുകാലം അതിനെ ഇകഴ്ത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷേ അതെല്ലാം മലയാളത്തിലെ നല്ല വായനക്കാര്‍ തള്ളിക്കളഞ്ഞു. ആദ്യത്തെ രണ്ടു വര്‍ഷം കാര്യമായ വില്‍പനയൊന്നുമില്ലാതെ കിടന്ന പുസ്തകം വായനക്കാര്‍ പരസ്പരം പറഞ്ഞറിഞ്ഞ് നല്ല രീതിയില്‍ വായിക്കപ്പെട്ടു. ആയിരക്കണക്കിനു കത്തുകളും നൂറുകണക്കിനു സമ്മാനങ്ങളും അതു പില്‍ക്കാലത്ത് നേടി.
അക്കൂട്ടത്തില്‍ ഏറ്റവും അവസാനം അതിനെ തേടി വന്ന സമ്മാനം അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തകയായ ഡോ. ഫാത്തിമയ്ക്കുള്ളതാണ്. മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കുള്ള വിവര്‍ത്തനത്തിനു നല്‍കിവരുന്ന ഏറ്റവും മികച്ച അവാര്‍ഡുകളിലൊന്നായ വി. അബ്ദുള്ള പുരസ്‌കാരം ഇത്തവണ ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച A preface to Man എന്ന പുസ്തകത്തിനു ലഭിച്ചിരിക്കുന്നു.
വിവര്‍ത്തനശ്രമം ഏറെ മുന്നേറിക്കഴിഞ്ഞാണ് അവര്‍ എന്നെ ഫോണില്‍ വിളിച്ച് പരിചയപ്പെട്ടതും അനുവാദം ചോദിച്ചതും. അത് ഒരു പാരഗ്രാഫ് എങ്കിലും വായിച്ചുനോക്കാതെ അതിനു അനുമതി കൊടുക്കാന്‍ എനിക്ക് ഒരു കാര്യം മാത്രമേ അറിയേണ്ടതുണ്ടായിരുന്നുള്ളൂ.
‘ അതൊരു സ്ത്രീവിരുദ്ധ പുസ്തകമാണെന്നു പ്രചരിപ്പിക്കുന്നവര്‍ ധാരാളമുണ്ട്. സ്ത്രീയായ ഫാത്തിമയ്ക്ക് എന്തു തോന്നുന്നു?’ ഫോണിലൂടെ ഞാന്‍ ചോദിച്ചു.
‘അതൊക്കെ വായിക്കാത്തവര്‍ പറയുന്നതല്ലേ?’, ഫാത്തിമ നിശ്ചയദാര്‍ഢ്യം നിറഞ്ഞ ശബ്ദത്തില്‍ പറഞ്ഞു:’ഞാനത് എത്രയോ വട്ടം വായിച്ചു. സ്ത്രീകളെ ഇങ്ങനെ മനസ്സിലാക്കാന്‍ ഒരു പുരുഷനു എങ്ങനെ കഴിയുന്നു എന്നായിരുന്നു എന്റെ അദ്ഭുതം’
നന്ദി സഹോദരീ. ഒരു പരിചയവുമില്ലാത്ത ഒരുവനെ അയാളുടെ അക്ഷരങ്ങളുടെ പേരില്‍ സ്‌നേഹിച്ചതിനും അവനെ ഭൂമിയില്‍ എല്ലായിടത്തും നിറയാന്‍ ഈ വിവര്‍ത്തനത്തിലൂടെ സഹായിച്ചതിനും..!