പ്രണയവും വിരഹവും തുളുമ്പുന്ന മനോഹരമായ കവിതകളിലൂടെ വായനക്കാരുടെ മനസ്സില്‍ ഇടം നേടിയ,വിടരുംമുമ്പേ ജീവിതം അവസാനിപ്പിച്ച എഴുത്തുകാരിയാണ് നന്ദിത. ദുരൂഹത നിറഞ്ഞ ആത്മഹത്യയിലൂടെ കേരളസമൂഹത്തെ ഞെട്ടിച്ച നന്ദിതയുടെ ജീവിതകഥ സിനിമയാകുന്നു. ‘നന്ദിത’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എന്‍.എന്‍. ബൈജുവാണ്.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം അമ്പലപ്പുഴയില്‍ പൂര്‍ത്തിയായി. ജീവിതത്തോട് മമത ഉണ്ടായിരുന്ന എഴുത്തുകാരിയായിരുന്നു നന്ദിത. എന്നിട്ടും എന്തിനാണ് നന്ദിത മരണത്തെ പുല്‍കാന്‍ തീരുമാനിച്ചത്. ദുരൂഹത നിറഞ്ഞ നന്ദിതയുടെ ജീവിതകഥ അവതരിപ്പിക്കുകയാണ് ഈ ചിത്രം. നന്ദിതയായി ഗായത്രി വിജയ് വേഷമിടുന്നു.
ഷെമീര്‍ പട്ടരുമഠത്തിന്റേതാണ് തിരക്കഥ. ക്യാമറ ഷിനൂപ്, ഗാനങ്ങള്‍ ഡോ. പി.കെ. ഭാഗ്യലക്ഷ്മി, നൈന മണ്ണഞ്ചേരി, സംഗീതം ആന്റണി എബ്രഹാം. ഗായത്രി വിജയ്, ഇന്ദ്രന്‍സ്, എന്നിവരെക്കൂടാതെ ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, ഫിലിപ്‌സ് സാന്റി ഐസക്, വേണു അമ്പലപ്പുഴ, സോണിയ മല്‍ഹാര്‍, ചെമ്പകവല്ലി തമ്പുരാട്ടി, രഞ്ജിത്ത് രാജ്, ദൃശ്യ രാജ്, മഹാദേവ്, അഭയജിത്ത് സി., അഭിജിത്ത്, ദിലീപ്, അനില എസ്., മാസ്റ്റര്‍ ആരാധ്യന്‍ അനീഷ് എന്നിവരും ചിത്രത്തിലുണ്ട്.
വയനാട് മടക്കിലമയില്‍ എം.ശ്രീധരമേനോന്റെയും പ്രഭാവതിയുടെയും മകളായിരുന്നു നന്ദിത. ഇംഗ്ലീഷില്‍ ബി.എ, എം.എ ബിരുദങ്ങള്‍ സ്വന്തമാക്കിയ ശേഷം വയനാട് മുട്ടില്‍ മുസ്ലീം ഓര്‍ഫനേജ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ആംഗലേയ വിഭാഗത്തില്‍ അധ്യാപികയായിരുന്നു. 1999 ജനുവരി 17 ന് അവര്‍ സ്വയം ജീവിതം അവസാനിപ്പിച്ചു. മരണത്തിന് ശേഷം അവരുടെ ഡയറിയില്‍ കണ്ടെത്തിയ 1985 മുതല്‍ 1993 വരെയുള്ള കവിതകള്‍ ‘നന്ദിതയുടെ കവിതകള്‍’ എന്ന പേരില്‍ സമാഹാരമായി പ്രസിദ്ധീകരിച്ചു. നന്ദിതയുടെ മരണത്തിന് ശേഷമാണ് അവരിലെ കവയിത്രിയെ ബന്ധുക്കള്‍ പോലും തിരിച്ചറിഞ്ഞത്.
ഇലപ്പച്ച ക്രിയേഷന്‍സ് ചിത്രം നിര്‍മ്മിക്കും.