കേരളം 60 പുസ്തക പരമ്പരയിലെ മറ്റൊരു പുസ്തകമാണ് മാറുന്ന മലയാളി യൗവനം. കഴിഞ്ഞ ആറു ദശാബ്ദങ്ങൾക്കിടയിൽ കേരളത്തിലെ വിവിധ തലങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഈ പുസ്തകം ആറു ദശകങ്ങളിൽ മലയാളി യുവത്വത്തിന് സംഭവിച്ച പരിണാമങ്ങളെ സാംസ്കാരിക – സാമൂഹിക – രാഷ്ട്രീയ പശ്ചാത്തലത്തിൽ അന്വേഷിക്കുന്നു. മുതിർന്ന മാധ്യമ പ്രവർത്തകനായ വിജു വി നായരാണ് ‘മാറുന്ന മലയാളി യൗവനം എന്ന പുസ്തകത്തിന്റെ രചയിതാവ്.
കഴിഞ്ഞ ആറു ദശാബ്ദങ്ങളിൽ കേരളത്തിലെ യുവജനങ്ങൾക്കിടയിൽ വിവിധ തലങ്ങളിലുണ്ടായ മാറ്റങ്ങൾ രേഖപ്പെടുത്തുന്നു ഈ പുസ്തകം.മുതിർന്നവരുടെ ചിറകിൻ കീഴിൽ നിന്നും സ്വന്തം ചിറകു വീശി തുടങ്ങുന്ന കാലമാണ് യൗവനം .ഒരുവന്റെ യൗവനം മറ്റൊരുവന്റെതിനെ തീപിടിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഏതു മനുഷ്യന്റെയും ഓർമ്മ പുസ്തകത്തിലുണ്ടാവും കളിയിലും , കാര്യത്തിലും , കലഹത്തിലും ഇതിലൊന്നുമില്ലെങ്കിൽ സഹനത്തിലെങ്കിലും കനലിട്ടവർ , ഉലയൂതിയവർ , തീയുണർത്തിയവർ , ഒരിക്കലെങ്കിലും ഓർമ്മയിൽ നിന്ന് അത്തരം നാമ്പുകൾ ചികഞ്ഞെടുക്കുമ്പോൾ തോന്നും ഇതൊക്കെ തന്നെയാണ് യൗവനത്തിന്റെ ലസാഗു.
പ്രലോഭനവും വെല്ലുവിളിയുമായി മുന്നിൽ അനന്തമായ ആകാശം മാത്രമുള്ള അവസ്ഥ. നിശ്ചിതപ്പെടുത്താതെ മനസ് സദാ തുറസ്സിലേക്ക് മാത്രം തുറന്നിടുന്ന നിർഭയ കാലം. അത് അതിരില്ലാത്ത സ്വാതന്ത്ര്യത്തിന്റെതു കൂടിയാണ്. കേരളീയ സമൂഹത്തിലെ യുവത്വത്തിന്റെ മാറ്റങ്ങളെ വിലയിരുത്തുന്ന ഘടകങ്ങളെ അടയാളപ്പെടുത്തുക കൂടിയാണ് മാറുന്ന മലയാളി യൗവനത്തിൽ. അതോടൊപ്പം തന്നെ മലയാളി യുവാക്കളുടെ സാമൂഹികബന്ധങ്ങൾ, കുടുംബ ബന്ധങ്ങൾ, പ്രണയം, രാഷ്‌ട്രീയം, ബൗദ്ധീകം, ലൈംഗീകത, മാറിയ അതിർ വരമ്പുകൾ, കുടിയേറ്റം തുടങ്ങിയ കാര്യങ്ങൾ പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
കേരളജനത തനി നാട്ടിൻപുറക്കാരിൽ നിന്നും ‘ ആഗോള പബ്ലിക് ‘ ആയി മാറിയതിന്റെ നാൾ വഴികളിലൂടെ ഒരു അന്വേഷണ യാത്രയാവുന്നു ‘ മാറുന്ന മലയാളി യൗവനം ‘.