Image may be NSFW.
Clik here to view.
രണ്ടായിരം വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു കാലഘട്ടത്തിന്റെ കഥപറയുന്ന നോവലാണ് മനോജ് കുരൂറിന്റെ നിലം പൂത്തുമലര്‍ന്ന നാള്‍. തികച്ചും പരിമിതമായ തെളിവുകളില്‍ നിന്നും അവശേഷിപ്പുകളില്‍ നിന്നുമാണ് മനോജ് കൂറൂര്‍ ഈ നോവലിന്റെ കാതല്‍ കണ്ടെത്തിയിരിക്കുന്നത്. പ്രാകൃതരായ അല്ലെങ്കില്‍ മറ്റാരുമായി അധികം സമ്പര്‍ക്കം പുലര്‍ത്താത്ത പാട്ടുമാത്രം കൈമുതലായുള്ള ഒരു സമുദായത്തിന്റെ കാഥയാണിത്. നാടോടിവിജ്ഞാനീയവും സംസ്‌കാരവും ഭാഷയും ചരിത്രവും എല്ലാം കടന്നുവരുന്ന ഒരു യാത്രാവിവരണ കൃതി എന്നും ഈ നോവലിനെ വിലയിരുത്താവുന്നതാണ്. കാരണം നോവല്‍ ആരംഭിക്കുന്നതുതന്നെ ഒരു യാത്രയുടെ തയ്യാറെടുപ്പോടെയാണ്. അതിസാധാരണവുമായൊരു വനയാത്രയുടെ അനുഭൂതിയാണ് അത് സമ്മാനിക്കുന്നത്. ആകുളിപ്പറകളുടേയും യാഴുകളുടെയും ഇമ്പമാര്‍ന്ന മുഴക്കങ്ങളില്‍ ഒരു കൊടുംമഴയില്‍ ആരംഭിച്ച് കിളികളാര്‍ക്കുന്ന കാടുകളിലൂടെ ഒരു സൂപ്പര്‍ത്രില്ലറായി മുന്നേറി കടലിലവസാനിക്കുന്ന തികച്ചും അവിസ്മരണീയമായൊരു യാത്ര.
Image may be NSFW.
Clik here to view.ഈ നോവലിനെക്കുറിച്ച് എടുത്തു പറയേണ്ടത് ഇതിലെ ഭാഷയെക്കുറിച്ച് തന്നെയാണ്. രണ്ടായിരം വര്‍ഷം പഴക്കമുള്ള, സംസ്‌കൃതാക്ഷരങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ദ്രാവിഡാക്ഷരങ്ങള്‍ മാത്രം ഉള്ള ഭാഷയാണ് നോവലിലുടനീളം. എങ്കിലും വായനയുടെ ഒഴുക്കിന് അല്പംപോലും തടസ്സം വരാതെയും കൃത്രിമത്വം അനുഭവപ്പെടാതെയും അന്നത്തെ ജീവിതശൈലി, ഭൂപ്രകൃതിയിലെ വൈവിദ്ധ്യങ്ങള്‍, ഭക്ഷണരീതികള്‍, സംഗീതം, ആചാരങ്ങള്‍, വീട്ടുപകരണങ്ങള്‍, ആഭരണങ്ങള്‍ എന്നു വേണ്ട സകലതിനെപ്പറ്റിയും ഉള്ള സൂക്ഷ്മവിവരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, സംഗീതത്തിന്റെ വിവിധഭാവങ്ങളും വൈകാരികമുഹൂര്‍ത്തങ്ങളും ഉദ്വേഗവും ഭീതിയും ഒറ്റാടലും എല്ലാം അതാതിന്റേതായ തീവ്രതയില്‍ അനുഭവിച്ചറിയാന്‍ കഴിയുന്നുമുണ്ട്.
കാടും വയലും കടലുമടങ്ങിയ ഭൂഘടനയും പാണരും കൂത്തരും ഉഴവരും എയ്‌നരും മറവരും ആയരും ചാലിയരും അന്തണരും പരത്തകളും ഒക്കെ ആയി നിരവധി ആളുകളും മാത്രമല്ല, ചേരനാട്ടിലെ യവനപ്പടയാളികളുടെ അമ്പലവും സാന്നിദ്ധ്യവും ആയി നിരവധി ചരിത്രരേഖകളും ഉണ്ട് ഈ നോവലില്‍. ഐന്തിണകളെ മുന്‍ നിര്‍ത്തി രചിച്ച നിലംപൂത്തു മലര്‍ന്ന നാള്‍ ഇന്നേ വരെ മലയാള നോവലില്‍ ഉണ്ടായിട്ടുള്ളതില്‍ നിന്നും വ്യത്യസ്തമാണെന്നും ദ്രാവിഡ ഭാഷമാത്രമുപയോഗിച്ചുള്ള ആദ്യനോവലായിരിക്കുമെന്നും ഭാഷപണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. പി രമാന്റെ പഠനക്കുറിപ്പോടെ പ്രസിദ്ധീകരിച്ച നോവലിന്റെ ആറാമത് പതിപ്പ് പുറത്തിറങ്ങി.