“കീടനാശിനി ഉപയോഗിച്ചില്ലെങ്കില്‍ വിഷം കൂടുമോ..?
കീടനാശിനികളാണ് സര്‍വ്വരോഗങ്ങള്‍ക്കും കാരണമെന്നുപറയുന്നവര്‍ക്ക് ഈ തലക്കെട്ട് വിചിത്രമായിതോന്നിയേക്കാം. കീടനാശിനി തളിക്കുന്ന ഉത്പന്നങ്ങളെക്കാള്‍ കൂടുതല്‍ കാര്‍സിനോജനുകളും വിഷാംശവും യാതൊരു കീടനാശിനിയും ഉപയോഗിക്കാതെ കൃഷിചെയ്തവയില്‍ ഉണ്ടാകുമോ..? അതേ, എന്നാണ് അമേരിക്കയിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ബയോകെമിസ്ട്രി പ്രൊഫസറായ ബ്രൂസ് അമെസിന്റെ ഉത്തരം. അദ്ദേഹം മുന്നോട്ടുവെച്ച പരീക്ഷണവും(Ames test) അത് ശരിവെക്കുന്നവയാണ്. കീടങ്ങളെ സ്വയംപര്യാപ്തമായ സസ്യങ്ങളും അല്ലാത്തവയുമുണ്ട്. ഇതില്‍ സഹജ പ്രതിരോധശേഷിയുള്ള സസ്യങ്ങളിലെ കീടവിരുദ്ധ രാസവസ്തുക്കള്‍ പുറത്ത് തളിക്കുന്ന കീടനാശിനിയെപ്പോലെ കഴുകിക്കളയാന്‍ സാധിക്കുന്നവയല്ല. പെട്ടന്ന് വിഘടിക്കുകയുമില്ല. പ്രകൃതിദത്തമായി പ്രതിരോധശേഷി ആര്‍ജ്ജിച്ചവയുടെ ഉള്ളിലുള്ള രാസവസ്തുക്കള്‍ മനുഷ്യര്‍ക്ക് വിഷമാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ വളരെപരീക്ഷണങ്ങള്‍ക്ക് ശേഷം പുറത്തിറക്കുന്ന കീടനാശിനികള്‍ സസ്യങ്ങളുടെ പുറത്തടിച്ചാല്‍ അവ പെട്ടന്ന് വിഘടിക്കുകയും, ബാക്കിയുള്ളവ കഴുകിക്കളയുകയും ചെയ്യാമെന്നും അദ്ദേഹം പറയുന്നു.”
രാസവളങ്ങളും കീടനാശിനികളും കാന്‍സര്‍ രോഗം വര്‍ദ്ധിപ്പിക്കുന്നതിനുകാരണമാകുന്നു, രാസവളം മണ്ണിനെ നശിപ്പിക്കുന്നു.. എന്നീ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കും, ജൈവകൃഷിക്കുവേണ്ടി മുറവിളിക്കൂട്ടുന്നവരുടെയും ആരോപണങ്ങളെ ശാസ്ത്രീയമായതെളിവുകളുടെ അടിസ്ഥാനത്തില്‍ ഖണ്ഡിക്കുകയാണ് കാര്‍ട്ടറുടെ കഴുകന്‍; സമ്പൂര്‍ണ്ണ ജൈവകൃഷി സാധ്യതയും സാധുതയും എന്ന പുസ്തകം. ഉചിതമായ അനുപാതത്തില്‍ ജൈവ-രാസവളങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ശാസ്ത്രീയമായ കൃഷിരീതികളാണ് നടപ്പാക്കേണ്ടതെന്നും രാസവളങ്ങളെയും കീടനാശിനികളെയും പടിക്കുപുറത്തുനിര്‍ത്തിക്കൊണ്ടുള്ള കൃഷിരീതികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നുമുള്ള അറിവ് വായനക്കാരുമായി പങ്കുവയ്ക്കുകയാണ് കാര്‍ട്ടറുടെ കഴുകന്‍.
ചിന്തകനും പ്രഭാഷകനുമായ രവിചന്ദ്രന്‍ സി, കാര്‍ഷിക ശാസ്ത്രജ്ഞനും, കേരള കാര്‍ഷിക സര്‍വ്വകലാശാല കോളജില്‍ പ്രൊഫസറുമായ ഡോ.കെ എം ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കാര്‍ട്ടറുടെ കഴുകന്‍ തയ്യാറാക്കിയിരിക്കുന്നത്. നെല്ലും പുല്ലും, രാസഭീതി, രാസവളമിട്ടാല്‍ മണ്ണുമരിക്കുമോ, ജൈവ ഉത്പന്നങ്ങള്‍ക്ക് രുചികൂടുതലോ, കാന്‍സര്‍ എക്‌സ്പ്രസ്സ്, സ്വാമിനാതന്‍ പറഞ്ഞത്, വിഷം വളരുമോ, ജനിതകപാപങ്ങള്‍ തുടങ്ങി ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ജൈവകൃഷിയുടെ സാധ്യതയും സാധുതയും പരിശോധിക്കുന്ന ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്.