ശ്രീലങ്കയിലെ തമിഴ്വംശജരുടെ പോരാട്ടത്തിന്റെയും യാതനകളുടെയും പശ്ചാത്തലത്തിൽ സ്വാനുഭവത്തിൽ നിന്നും രചിച്ച നോവലാണ് ‘മ്’. സിംഹള വംശീയ ഭരണകൂടത്തിന്റെ മർദ്ദനങ്ങൾക്കും അടിച്ചമർത്തലുകൾക്കും എതിരെ വിമോചനശക്തിയായി കടന്നുവന്ന പുലികളും ജനവിരുദ്ധമായി തീർന്നതെങ്ങനെയെന്ന് ഈ കൃതി ആഖ്യാനം ചെയ്യുന്നു. ചെറിയ തലക്കെട്ടിൽ കോർത്തു കോർത്തു നീങ്ങുന്ന വളരെ ചെറിയ / വലിയ ജീവിതങ്ങളുടെ കഥകളിലൂടെ ഒരു സമൂഹത്തിന്റെ , രാഷ്ട്രത്തിന്റെ , സാമൂഹിക രാഷ്ട്രീയ ചരിത്രത്തെ പുനരാഖ്യാനം ചെയ്യുകയാണ് ‘ മ് ‘. മലയാളത്തിന്റെ പ്രിയങ്കരനായ നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്റെ വിവർത്തനം.
ഹിംസ നിറഞ്ഞ സമൂഹത്തിന്റെ സമകാലിക രാഷ്ട്രീയചരിത്രമെഴുതേണ്ടി വരുമ്പോൾ കടുത്ത വെല്ലുവിളികളാണ് ഒരു കലാകാരന്‍ നേരിടേണ്ടി വരുന്നത്. രാഷ്ട്രീയകാരണങ്ങള്‍കൊണ്ട് ന്യായീകരിക്കപ്പെടുന്ന കൊലകള്‍ക്കു പിന്നിലെ രക്തച്ചീറ്റലും മൂടിവെക്കപ്പെട്ട വേദനകളുടെ വിതുമ്പലുകളും
കേള്‍ക്കേണ്ടവനാണവന്‍. ആ ചോദ്യങ്ങള്‍ക്കു മുന്നില്‍ അവന്റെ വിശ്വാസങ്ങള്‍ തകരുകയും ജീവിതത്തിന്റെ അര്‍ത്ഥത്തിന്റെയും നീതിയുടെയും അവശിഷ്ടങ്ങള്‍ അന്വേഷിച്ചുപോവുകയുമാണ്. ആ അന്വേഷണത്തിന്റെ കഥയാണ് ഷോഭാശക്തിയുടെ ‘മ്’
യുദ്ധം, ഭീകരത, കൂട്ടക്കൊല, കൊടുംപീഡനങ്ങള്‍, വന്‍ പ്രകൃതി ദുരന്തങ്ങള്‍… അങ്ങനെ രക്തത്തിന്റെയും കണ്ണീരിന്റെയും തിരമാലകളാവുകയാണ് തമിഴ് ഈഴത്തിന്റെ ചരിത്രം. ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ജനതയ്ക്ക് പ്രതീക്ഷകളില്ല. സര്‍ക്കാരും ഭീകരരും ചേര്‍ന്ന് പങ്കിട്ടെടുത്ത ജന്മദേശം അവര്‍ക്ക് എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. ഈ അഭയാര്‍ത്ഥികളുടെ വേദനയുടെയും ക്ഷോഭത്തിന്റെയും പീഡനത്തിന്റെയും കഥകള്‍ വായനക്കാരുടെ മന:സാക്ഷിയെ ചുട്ടുപൊള്ളിക്കുന്നവയാണ്.
പതിനഞ്ചാമത്തെ വയസ്സില്‍ എല്‍.ടി.ടി.ഇ.യില്‍ ചേര്‍ന്ന ആന്റണി ദാസന്‍ പിന്നീട് പുലികളുടെ നേതാവ് പ്രഭാകരനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സംഘടന വിട്ടയാളാണ്. പിന്നീട് ശ്രീലങ്കന്‍ പട്ടാളം അറസ്റ്റ് ചെയ്യുകയും ചെയ്ത അദ്ദേഹം തായ്‌ലന്റിലേക്ക് രക്ഷപ്പെടുകയും പാരീസില്‍ അഭയാര്‍ത്ഥിയായി എത്തുകയും ചെയ്തു. തന്റെ നേരനുഭവങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയ കൃതികളിലൂടെ ഷോഭാശക്തി എന്നപേരില്‍ അദ്ദേഹം പ്രശസ്തനായി.
ഗൊറില്ല, ദേശദ്രോഹി തുടങ്ങിയവയാണ് ഷോഭാശക്തിയുടെ മറ്റ് പ്രമുഖ കൃതികള്‍. ലീന മണിമേഖല സംവിധാനം ചെയ്ത സെങ്കടല്‍ എന്ന ചിത്രത്തിന്റെ സഹരചയിതാവും അഭിനേതാവുമായ അദ്ദേഹം 2015ലെ കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓര്‍ പുരസ്‌കാരം നേടിയ ദീപന്‍ എന്ന ചലച്ചിത്രത്തില്‍ മുഖ്യവേഷവും ചെയ്തിരുന്നു.
1961ല്‍ തൃശൂരിലാണ് ടി ഡി രാമകൃഷ്ണന്‍ ജനിച്ചത്. ആലുവ യു സി കോളജ്, മദിരാശി സര്‍വ്വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇപ്പോള്‍ സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ ചീഫ് കണ്‍ട്രോളര്‍. ആല്‍ഫ, ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, സി വി ശ്രീരാമനും കാലവും തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 2007ല്‍ മികച്ച തമിഴ് വിവര്‍ത്തകനുള്ള ഇ കെ ദിവാകരന്‍ പോറ്റി അവാര്‍ഡും നല്ലിദിശൈഎട്ടും അവാര്‍ഡും നേടി. ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിന് 2010ലെ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബഷീര്‍ അവാര്‍ഡുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.