നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാര്‍ത്ഥം യുവ എഴുത്തുകാര്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് സംഗീതാ ശ്രീനിവാസന്‍ അര്‍ഹയായി. സംഗീതയുടെ ആസിഡ് എന്ന നോവലിനാണ് പുരസ്‌കാരം. 15,551 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
45 വയസ്സിന് താഴെയുള്ള എഴുത്തുകാരുടെ രചനകളാണ് അവാര്‍ഡിനായി പരിഗണിച്ചത്.
മനസില്‍ സാങ്കല്പികമായ ഒരു അപരലോകം സൃഷ്ടിച്ച് അതില്‍ ജീവിക്കുന്ന സിയാദ് എന്ന ചെറുപ്പക്കാരന്റെ കഥപറഞ്ഞ അപരകാന്തി എന്ന നോവലിനു ശേഷം സംഗീത ശ്രീനിവാസന്‍ രചിച്ച പുതിയ നോവലാണ് ആസിഡ്. ലെസ്ബിയന്‍ പ്രണയത്തിന്റെ അമ്ലലഹരിയാണ് ആസിഡിന്റെ പ്രമേയം. അപരകാന്തിയിലെന്നപോലെ വിചിത്രമായ മനോനിലകളുടെ അപരിചിതലോകത്തേക്ക് തന്നെയാണ് ആസിഡ് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്.
ഓര്‍മ്മകളും സ്വപ്നങ്ങളും കൂടിക്കലരുന്ന ജീവിതപരിസരങ്ങളിലൂടെ രണ്ട് സ്ത്രീകള്‍ നടത്തുന്ന സഞ്ചാരമാണ് ആസിഡ് എന്ന നോവല്‍. കമലയുടെയും ഷാലിയുടെയും പ്രണയത്തിന്റെയും കലഹത്തിന്റെയും കഥയില്‍ രണ്ട് കുട്ടികളുടെ ജീവിതവും കടന്നുവരുന്നു. അമ്ലലഹരിയില്‍ കൂടിക്കുഴയുന്നതും ചിതറിത്തെറിക്കുന്നതുമായ ഓര്‍മ്മകളുടെ ആവിഷകരണമെന്ന നിലയിലുള്ള ആഖ്യാനവും ഈ നോവലിനെ വേറിട്ട ഒന്നാക്കി മാറ്റുന്നു.