ടി പത്മനാഭൻ , എം ടി വാസുദേവൻ നായർ , മാധവിക്കുട്ടി , ഓ വി വിജയൻ , എൻ പി മുഹമ്മദ് , കെ പി രാമനുണ്ണി , അക്ബർ കക്കട്ടിൽ , സേതു , കാക്കനാടൻ , എം . മുകുന്ദൻ , എൻ എസ് മാധവൻ , പുനത്തിൽ കുഞ്ഞബ്ദുള്ള , കോവിലൻ , വികെഎൻ , സി വി ശ്രീരാമൻ , എം പി നാരായണ പിള്ള , പി. പത്മരാജൻ , പി വത്സല , സക്കറിയ , ആനന്ദ് , ചന്ദ്രമതി , സാറ ജോസഫ്, സി വി ബാലകൃഷ്ണൻ തുടങ്ങി മലയാളത്തിന്റെ പ്രമുഖ എഴുത്തുകാരുടെ ഏറ്റവും പ്രിയപ്പെട്ട കഥകളുടെ പരമ്പരയാണ് എന്റെ പ്രിയപ്പെട്ട കഥകൾ. ഈ പരമ്പരയിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട കഥകളുമായി എത്തുകയാണ് സി വി ബാലകൃഷ്ണൻ.
ചരിത്രവും രാഷ്ട്രീയ ചിന്തനങ്ങളും വൈയക്തികാനുഭവങ്ങളും വ്യതിരിക്തമായ ഓര്‍മ്മകളും ചേര്‍ന്നുള്ള മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങളാണ് സി.വി. ബാലകൃഷ്ണന്റെ കഥയുടെ ഉറവിടങ്ങള്‍ . ദസ്തയേവ്‌സ്‌കിയുടെ കൃതികളെക്കുറിച്ച് മാര്‍ക്ക്വേസ് പറഞ്ഞതുപോലെ, എത്ര വായിച്ചാലും മതി വരാത്ത ജീവിതങ്ങളാണ് ഈ കഥകളിലാകെയും എന്ന് എ.വി. പവിത്രന്‍ അഭിപ്രായപ്പെടുന്നു.
1975ല്‍ എഴുതിയ ‘കുളിര്’ മുതല്‍ ‘മരണത്തിന്റെ മണമുള്ള ഇല’ വരെയുള്ള കഥകളാണ് ‘എന്റെ പ്രിയപ്പെട്ട കഥകളിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രമേയ സ്വീകരണത്തിന്റെ വൈവിധ്യം, ഭാഷയുടെ സൂക്ഷ്മചാരുത, നവീനമായ ആഖ്യാനരീതി, മനുഷ്യപ്രകൃതിയോടും ഭൂപ്രകൃതിയോടും തിരക്കുകളോടും കാട്ടുന്ന സ്‌നേഹവാത്സല്യങ്ങള്‍ ഇങ്ങനെ നമ്മുടെ കാലത്തെ വലിയ കഥാകൃത്താണ് സി.വി. ബാലകൃഷ്ണന്‍ എന്ന് പ്രിയപ്പെട്ട കഥകള്‍ സാക്ഷ്യപ്പെടുത്തുന്നു.
എഴുപതുകളുടെ ആദ്യപകുതി തൊട്ടെഴുതിയ കഥകളിൽ നിന്ന് സവിശേഷമായ താത്പര്യം തോന്നുന്ന കഥകൾ തിരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമല്ലെന്നാണ് കഥാകൃത്തും പറയുന്നത്. ചുറ്റുവട്ടത്തെ യാഥാർഥ്യങ്ങൾ വിനിമയം ചെയ്യാനാണ് കഥകളിലൂടെ ഞാനെന്നും ശ്രമിച്ചിട്ടുള്ളത്.ക്രിസ്തവ കുടിയേറ്റങ്ങൾ , മുക്കുവച്ചേരികൾ , ആദിവാസി ഊരുകൾ , ഇസ്ലാമിക മഹല്ലുകൾ , കമ്യൂണിസ്റ്റ് പാർട്ടി എന്നിങ്ങനെ ഭിന്ന ജീവിതമേഖലകളിലൂടെ കടന്നുപോകാൻ ഇടയായിട്ടുള്ളതിനാൽ ഈ യാത്രയിൽ വ്യഥകളും വ്യഗ്രതകളും കഥകളിൽ സ്വാഭാവികമായും കലർന്നു കാണാം.
കുളിര്, പെറ്റവയറ്, കളിപ്പാട്ടങ്ങള്‍ എവിടെ സൂക്ഷിക്കും, ഉറങ്ങാന്‍ വയ്യ, അവന്‍ ശരീരത്തില്‍ സഹിച്ചു, മക്കള്‍, മാതളനാരകങ്ങള്‍ ഇപ്പോഴും പൂക്കാറുണ്ട്, ശൈത്യം, പുകയിലക്കള്ളന്‍, പ്രണയകാലം, സ്‌നേഹവിരുന്ന്, സന്തതി, ദൈവം പോകുന്ന പാത, ഗന്ധമാദനം, മലബാറിലെ ശിക്കാര്‍, തോരാമഴയത്ത്, തീവണ്ടിമനുഷ്യന്‍, നിദ്ര തുടരാതെ കിനാവില്ല, അതെ, ഒരു പ്രഹേളിക, മരണത്തിന്റെ മണമുള്ള ഇല എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
മലയാള സാഹിത്യ രംഗത്തെ ചെറുകഥാകൃത്തും, നോവലിസ്റ്റും, ചലച്ചിത്ര തിരക്കഥാകൃത്തുമാണ് സി.വി. ബാലകൃഷ്ണൻ. ‘ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ എന്ന നോവലിനു 2000-ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. സിനിമയുടെ ഇടങ്ങൾ എന്ന കൃതിക്ക് മികച്ച സിനിമ ഗ്രന്ഥത്തിനുള്ള അവാർഡും സി.വി. ബാലകൃഷ്ണന്റെ കഥകൾ മുട്ടത്തുവർക്കി അവാർഡും നേടി.
കാലമേറെയായെങ്കിലും കഥകൾ ഇന്നും സ്പന്ദിക്കുന്നു എന്ന കഥാകാരന്റെ തിരിച്ചറിവിൽ ഉള്ളുനിറയും പോലെയായി. നിനച്ചരിക്കാതെ കൈവന്ന ആനന്ദത്തിന്റെ ഇടയിലെപ്പോഴോ ‘അമ്മ മുറിയിലേക്ക് വന്നു. ഒരു തേജോരൂപം. ഒന്നും പറഞ്ഞില്ലെങ്കിലും ‘അമ്മ എന്തോ ഉരുവിടുന്നുണ്ടായിരുന്നു…..’കഥ ജീവിതം പോലെയാണെന്നോ ? അതോ ജീവിതം കഥപോലെയാണെന്നോ ?