ഏറെ പ്രതീക്ഷ പുലര്‍ത്തിയാണ് ജനം എല്‍.ഡി.എഫ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. വന്‍ പണക്കാരും രാഷ്ട്രീയ പിന്‍ബലമുള്ളവരുമാണ് കൈയേറ്റത്തിനുപിന്നില്‍. ഒരു കുരിശോ പ്രതിമയോ വെച്ചാല്‍ ഭൂമി കൈയേറ്റത്തിന് മറയാകുമെന്ന നിലയാണിപ്പോള്‍. പണത്തിന്റെയും കൈയൂക്കിന്റെയും പിന്‍ബലത്തിലാണ് കൈയേറ്റങ്ങള്‍ നടക്കുന്നതെന്നും സഹ്യപര്‍വതമുള്‍പ്പെടെയുള്ള ഭൂമി കൈയേറുന്നവരെ തടയാന്‍ കഴിയാത്ത സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്ന് പതിമൂന്നാമത് പി. കേശവദേവ് സാഹിത്യ പുരസ്കാരം സ്വീകരിച്ചു കൊണ്ട് സുഗതകുമാരി ചോദിച്ചു.
ഇത്തരം കൈയേറ്റങ്ങള്‍ തടയാന്‍ എല്‍.ഡി.എഫിനായില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് കഴിയുക. എല്‍.ഡി.എഫില്‍ നിന്നു ജനം ഏറെ പ്രതീക്ഷിക്കുകയുമാണ്. ഗോഹത്യ മാത്രമല്ല. നരഹത്യയും അവസാനിപ്പിക്കണം-സുഗതകുമാരി പറഞ്ഞു.
പി. കേശവദേവിന്റെ 34 -ാ മത് അനുസ്‌മരണത്തോടനുബന്ധിച്ച് ജൂലൈ 20 ന് വൈകിട്ട് 4. 30 ന് ഹോട്ടൽ ഹിൽട്ടൺ ഗാർഡനിൽ മന്ത്രി മാത്യു ടി. തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരസ്കാരം വിതരണം ചെയ്തു. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
സാമൂഹിക പ്രതിബദ്ധതയറിഞ്ഞ് സാംസ്‌കാരികരംഗത്ത് ഇടപെട്ട വ്യക്തിത്വമായിരുന്നു പി. കേശവദേവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പി. കേശവദേവ് സാഹിത്യ പുരസ്‌കാരം സുഗതകുമാരിക്കും ഡയാബ്‌സ്‌ക്രീന്‍ കേരള കേശവദേവ് പുരസ്‌കാരം മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിനും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കി. എഴുത്തിലും ജീവിതത്തിലും തന്റെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചയാളായിരുന്നു കേശവദേവെന്ന് കടകംപള്ളി പറഞ്ഞു. ഡോ. പി.കെ. രാജശേഖരന്‍ കേശവദേവ് അനുസ്മരണപ്രഭാഷണം നടത്തി. ജോര്‍ജ് ഓണക്കൂര്‍, സീതാലക്ഷ്മിദേവ്, ഡോ. ജ്യോതിദേവ്, ഡോ. അരുണ്‍ ശങ്കര്‍, വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.