ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയിലെ അറുപതു വർഷങ്ങൾ കുന്നംകുളം റീഡേഴ്സ് ഫോറം ചർച്ച ചെയ്യുന്നു. ജൂലൈ 22 ന് കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം വരെ നീളുന്ന ഏകദിന ശില്പശാലയിൽ മലയാളത്തിലെ പ്രശസ്ത എഴുത്തുകാർ പ്രഭാഷണം നടത്തുന്നു. സുനിൽ പി ഇളയിടം , സച്ചിദാനന്ദൻ , സാറാ ജോസഫ് തുടങ്ങിയ എഴുത്തുകാർ ചുള്ളിക്കാടിന്റെ കവിതയുടെ അഗ്നിസ്നാതനമായ 60 വർഷങ്ങൾ ഓർമ്മകളിൽ വീണ്ടും ആലേഖനം ചെയ്യുന്നു.
മലയാള കവിത ചുള്ളിക്കാട് വരെ എന്ന ഒരു കാലഗണനയും നിലവിലുണ്ട്. ധീരമായ അയുക്തികത നിറഞ്ഞ സാഹസിക സ്വപ്നങ്ങളെയും പ്രതീക്ഷകളെയും വിശ്വാസ നഷ്ടങ്ങളുടെ വലിയ കപ്പൽചേതങ്ങളെയും അഭിമുഖീകരിച്ച എഴുപതുകളിലെ യുവത്വത്തിന്റെ മാപ്പുസാക്ഷ്യമായി ബാലചന്ദ്രൻന്റെ കവിത ചരിത്രപ്പെടുന്നു.
മലയാള കവിത കടന്നു പോയത് പല ഋതു പരിണാമങ്ങളിലൂടെയാണ്. അനുസ്യൂതമായ ആ പ്രവാഹത്തിനിടെ ഉയരങ്ങളിലൂടെയും താഴ്വരകളിലൂടെയും തരിശു നിലങ്ങളിലൂടെയും ഉഷ്ണഭൂമികളിലൂടെയും അത് സഞ്ചരിച്ചു. ചിലപ്പോൾ ആവേശത്തോടെ ചിലപ്പോൾ കെട്ടികിടപ്പിന്റെ നിശ്ചലതയായി. മറ്റു ചിലപ്പോൾ അന്തക്ഷോഭങ്ങളാൽ കലുഷിതമായി. കവിതയുടെ നദി അതിന്റെ നൈരന്ത്യത്തിനിടയിലും ചിലയിടങ്ങളിൽ തിരിഞ്ഞു. ദിശ മാറ്റി. ആ ഒഴുക്കിനിടയിൽ ഒരിടത്ത് അത് ബാലചന്ദ്രൻ ചുള്ളിക്കാട് എന്ന് രൂപപ്പെട്ടിട്ടുണ്ട്.