നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ നായകനടനായ ദിലീപ് അറസ്റ്റിലാകുമ്പോൾ ആ അറസ്റ്റ് നൽകുന്ന പാഠങ്ങളെ കുറിച്ച് കെ ആർ മീര എഴുതുന്നു.
സിനിമയിലെ ഒരു നായകനടൻ ഇത്തരമൊരു ക്രൂര പീഡന കേസിൽ ഗൂഢാലോചനയ്ക്ക് അറസ്റ്റിലാകുമ്പോൾ ആൺമേൽക്കോയ്മയുടെ ഒരു യുഗം അസ്തമിക്കുകയാണ്. സിനിമയുടെ കഥ മുതൽ കാസ്റ്റിംഗിലും ഡയലോഗുകളിൽ, പാട്ടുകളിൽ, ഒക്കെ ആൺമേൽക്കോയ്മയുടെയും സ്ത്രീവിരുദ്ധതയുടെയും നീട്ടിക്കൊണ്ടു പോകപ്പെട്ട ആ യുഗം പ്രേക്ഷകർ പോലും സർവാത്മനാ സഹകരിച്ചു. സ്ക്രീനിലും പുറത്തും നാട്ടുരാജാക്കൻമാരായി പുരുഷ താരങ്ങൾ വാണരുളിയപ്പോൾ അവരുടെ മേൽക്കോയ്മ അംഗീകരിച്ചു തുല്യവേതനമോ തുല്യപദവിയോ ഇല്ലാതെ രണ്ടാംകിടക്കാരായി തുടരാൻ നടിമാരും തയ്യാറായി എന്ന സത്യം മീര തുറന്നടിച്ചു. എന്നാൽ ഇനി മലയാള സിനിമയിൽ പഴയതുപോലെ സ്ത്രീവിരുദ്ധത കൊണ്ടാടാൻ സാധ്യമല്ലെന്നും സ്ക്രീനിലും ലൊക്കേഷനിലുമുള്ള സ്ത്രീവിരുദ്ധതയും വിവേചനവും കൊടുംകുറ്റകൃത്യങ്ങളാണെന്നു തിരിച്ചറിയപ്പെടുന്നു. ചരിത്രത്തിലാദ്യമായി മലയാളത്തില്‍ നടിമാർ സംഘടിക്കുകയും സ്വന്തമായ ഒരു സംഘടന രൂപവൽക്കരിക്കുകയും ചെയ്യുന്നു. അവർക്കു സമൂഹം പിന്തുണ നൽകുന്നു. സ്ത്രീ ഒരു ചരക്കോ അടിമയോ അല്ല എന്നും അവള്‍ക്കു തുല്യപദവിയും തുല്യ അന്തസ്സും ഉറപ്പാക്കാതെ ആർക്കും നിലനിൽപ്പില്ലെന്നുമുള്ള തിരിച്ചറിവു സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിത്തുടങ്ങുന്നു എന്ന ചരിത്രപരമായ മാറ്റങ്ങൾക്ക് ഈ സംഭവം കാരണമായി എന്നത് ഇതിന്റെ ശുഭോദർക്കമായ പാർശ്വഫലമാണെന്നും മീര പറയുന്നു.
സ്ത്രീപീഡനം ഒരു ക്രിമിനൽ കുറ്റമാണെന്നും എത്ര വമ്പനായാലും നിയമത്തിനു മുന്നിൽ രക്ഷയില്ലെന്നും ശക്തമായ സന്ദേശം ഈ സംഭവം നൽകുന്നു. ആക്രമിക്കപ്പെടുന്നവൾക്കല്ല, അക്രമിക്കാണു യഥാർഥത്തിൽ മാനഭംഗം സംഭവിക്കുന്നതെന്ന് ഇതു തെളിയിക്കുന്നു. പേടിച്ചോടുന്നതിനു പകരം തിരിഞ്ഞു നിൽക്കുമ്പോൾ, അക്രമത്തെ അക്രമം എന്ന് ഉറക്കെ വിളിക്കുമ്പോൾ, പരാതിപ്പെടുമ്പോൾ, ആക്രമിക്കപ്പെടുന്നവളുടെ മാനം വർധിക്കുകയാണ് എന്നു മീര ലേഖനത്തിൽ പറയുന്നു. സാധാരണക്കാർക്കു നിയമവ്യവസ്ഥയിലുള്ള വിശ്വാസം വീണ്ടെടുക്കാൻ കാരണമായ സംഭവമാണിത് , ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കപ്പെട്ടിരുന്നെങ്കിൽ വളരെ മുൻപു തന്നെ മാറ്റം സാധ്യമാകുമായിരുന്നു. സൂര്യനെല്ലി, വിതുര, തോപ്പുംപടി, പന്തളം സംഭവങ്ങളൊക്കെ നമുക്ക് ഒഴിവാക്കാമായിരുന്നു എന്നും മീര പറയുന്നു.
ഈ കേസിൽ ആരു ജയിക്കുമെന്നും ആരു തോൽക്കുമെന്നും പ്രവചിക്കുക ഈ ഘട്ടത്തിൽ സാധ്യമല്ല. പക്ഷേ, ഈ കേസിലെ ഏറ്റവും സന്തോഷകരമായ സംഗതി ആക്രമിക്കപ്പെട്ട നടിക്ക് ഒരു പരിധിയോളം നീതി ലഭിച്ചുകഴിഞ്ഞു എന്നതാണ്. കാരണം സ്ത്രീപീഡനക്കേസുകളിലെ നീതി കോടതിയിൽനിന്നു കിട്ടുന്ന ജയമല്ല. മറിച്ച്, അതു സമൂഹം നൽകുന്ന വൈകാരിക പിന്തുണയാണ്. ഓർക്കുക, കോടതിയിൽനിന്നു മാത്രമല്ല, ചുറ്റുപാടുകളിൽനിന്നും നീതി ലഭിക്കാതെ പോയവരാണു നമ്മുടെ നാട്ടിൽ ഇന്നോളം ആക്രമിക്കപ്പെട്ട ബഹുഭൂരിപക്ഷം സ്ത്രീകളും. ആക്രമിക്കപ്പെട്ട നടിയോടൊപ്പം അവരുടെ ജീവിതപങ്കാളിയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും സമൂഹവും ഉറച്ചു നിൽക്കുന്നു എന്നതാണ് അവർക്കു ലഭിച്ച യഥാര്‍ഥ നീതി.
(കടപ്പാട് : മലയാള മനോരമ )